ബംഗ്ലാദേശിൽ നിന്നും ഒരു വിശ്വാസ സാക്ഷ്യം; ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ഒരു കുടുംബം

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ബംഗ്ലാദേശിൽ ക്രൈസ്തവർ നേരിടുന്നത് അതിക്രൂരമായ പീഡനങ്ങളാണ്. വേദനകൾക്കും മർദ്ദനങ്ങൾക്കും നടുവിലും ആഴപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ നേർക്കാഴ്ചയായി മാറുന്ന ഒരു അനുഭവമാണ് ചുവടെ ചേർക്കുന്നത്.

മുൻപ് ഇസ്ലാം മതത്തിൽ വിശ്വസിച്ചിരുന്ന മകൻ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അവനെ തിരികെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാൻ അമ്മയെ ഏൽപിക്കുന്നു; പതിയെ അമ്മയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. പിന്നീട് അവർക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനങ്ങൾ. ധീരയായ ഒരമ്മയുടെയും മകന്റെയും വിശ്വാസ സാക്ഷ്യം.

മർജിനയുടെ മകൻ മോഞ്ജു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നറിഞ്ഞപ്പോൾ മർജീന ആദ്യം തകർന്നുപോയി. ബംഗ്ലാദേശിൽ, ഭൂരിഭാഗം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. ഇസ്ലാം വിശ്വാസത്തിൽ നിന്നും മാറി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർ വലിയ പീഡനങ്ങളാണ് നേരിടേണ്ടിവരുന്നത്. അതിനാൽ തന്നെ മർജിനയ്ക്ക് തന്റെ മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഏറെയായിരുന്നു.

മോഞ്ജുവിനെ ഇസ്ലാം വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് മർജിന ആണെന്ന് പ്രാദേശിക മതനേതാക്കൾ അവളെ ബോധ്യപ്പെടുത്തി. അവൾ പരമാവധി അതിനായി പ്രയത്നിച്ചു. അവന്റെ പുതിയ വിശ്വാസം ഉപേക്ഷിക്കാൻ മർജിന അവനോട് അപേക്ഷിച്ചു. എന്നാൽ മോഞ്ജു അതിനു തയ്യാറായില്ല. ദൈവത്തിന് അവനെക്കുറിച്ചുള്ള പദ്ധതി മറ്റൊന്നായിരുന്നു.

“ഞാൻ അമ്മയോട് യേശുവിനെക്കുറിച്ചും എന്തിനാണ് ഞാൻ മതം മാറിയതെന്നും പറയാൻ തുടങ്ങി” – മോഞ്ജു പറയുന്നു. തന്റെ മകൻ പറയുന്നത് കേൾക്കാൻ മർജിനയ്ക്ക് വളരെ ഇഷ്ടമായിരുന്നു, യേശുവിനെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ അവൾ ആഗ്രഹിച്ചു. ഒടുവിൽ അവൾക്കും ഒരു ക്രിസ്ത്യാനി ആകണമെന്ന് ആഗ്രഹമുണ്ടായി. തന്റെ മകനെ ഇസ്‌ലാം മതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവളുടെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നു മാത്രമല്ല, മാർജീന ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ചെയ്തു.

എന്നാൽ അവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല. സെപ്തംബർ ആദ്യം, അവിടെയുള്ള മുസ്ലീം നേതാക്കൾ മർജിനയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്ന് അറിഞ്ഞു. അവർ അക്രമാസക്തരായി. അവർ അവളെ നിലത്തൂടെ വലിച്ചിഴച്ചു, അവളുടെ തലയിലും വയറിലും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ മർജിനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇപ്പോഴും ശരിയായി ഭക്ഷണം കഴിക്കാൻ സാധിക്കുന്ന അവസ്ഥയിൽ അവൾ എത്തിയിട്ടില്ല. എന്തൊക്കെ പീഡനങ്ങൾ നേരിടേണ്ടി വന്നാലും മർജിനയും മോഞ്ജുവും അവരുടെ വിശ്വാസത്തിൽ ഉറച്ചു തന്നെ നിൽക്കുന്നു.

വിശ്വാസത്തിന്റെ പേരിൽ ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും പീഡിപ്പിക്കപ്പെടുകയാണ് ബംഗ്ളാദേശിലെ ക്രൈസ്തവർ. പീഡനങ്ങൾക്കിടയിലും ഈ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിൽ ധൈര്യപൂർവ്വം ഉറച്ചുനിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.