കഴുത്തിൽ ധരിച്ച ജപമാല ഉയർത്തി അലൻ പറഞ്ഞു: “ഇത് ദൈവത്തിന്റെ അനുഗ്രഹം”

“ദൈവത്തിന്റെ അനുഗ്രഹം. ദൈവം ഉള്ളതുകൊണ്ടു മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്. എന്റെ അമ്മ ഇപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരിക്കും. എന്റെ കോച്ച് എന്റെ വിജയത്തിനുവേണ്ടി ഒരുപാട് പ്രയത്നിച്ചു” – സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആൺകുട്ടികളുടെ നൂറു മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ്ണം കരസ്ഥമാക്കിയ അലൻ മാത്യുവിന്റെ പ്രതികരണമായിരുന്നു ഇത്. താൻ കടന്നുവന്ന വഴികളെയും തന്നെ വളർത്തിയവരെയും ഈ വിജയത്തിലും അലൻ മറന്നില്ല. താൻ കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമെഡൽ ഊരി കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അലൻ തന്റെ സന്തോഷം മാധ്യമങ്ങൾക്കു മുൻപിൽ പങ്കുവച്ചത്.

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒരു മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിലാണ് അലൻ ഒന്നാമതെത്തിയത്. അത്രയേറെ കടുത്ത മത്സരത്തിനായിരുന്നു സംസ്ഥാന സ്‌കൂൾ കായികമേള സാക്ഷ്യം വഹിച്ചത്. ആദ്യം സ്‌ക്രീനിൽ കാണിച്ച ഫലപ്രഖ്യാപനത്തിൽ സംശയം തോന്നിയതിനെ തുടർന്ന് രണ്ടാമത് ഒന്നുകൂടി ക്ലോസ് ഫിനീഷ് പരിശോധിച്ച ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ഫലപ്രഖ്യാപനത്തിൽ സന്തോഷം അലനെ തേടിയെത്തി. തന്റെ വിജയത്തിൽ അഹങ്കരിക്കാതെ ദൈവത്തിനും ഒപ്പം കൂടെ നിന്നവർക്കും നന്ദി അർപ്പിക്കുകയും തന്റെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്ത അലൻ കായികമേളയിൽ വേറിട്ട സാക്ഷ്യമായി മാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.