പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് രക്ഷപെടാൻ നിർബന്ധിതരാകുന്നവർ: ചൈനയിൽ നിന്നും കണ്ണ് നിറയുന്ന ഒരു അനുഭവം

ചൈനീസ് ഭരണകൂടത്തിന്റെ ഭീകരതയുടെ ഇരയാണ് ഗെങ് ഹി. ചൈനയിലെ സാധാരണക്കാരെ സഹായിച്ചതിന്റെ പേരിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇവർക്ക് നേരിടേണ്ടിവന്നത് തടവും പീഡനങ്ങളും. മൂന്നാം തവണയും അധികാരമേറ്റ ചൈനയുടെ നേതാവ് ഷി ജിൻപിങ്ങിന്റെ കീഴിലുള്ള ചൈനയുടെ ഇരുണ്ടവശം വെളിപ്പെടുത്തുകയാണ് ഗെങ് ഹി, തന്റെ അനുഭവങ്ങളിലൂടെ.

വളരെ സമാധാനത്തിൽ തന്റെ കുടുംബജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു ഗെങ് ഹി. അവളും ഭർത്താവും രണ്ടു മക്കളും അടങ്ങിയ കുടുംബം. ഭർത്താവ് വക്കീലായിരുന്നു. സർക്കാരിനെതിരെ പാവങ്ങൾക്കായി പല കേസുകളും വാദിക്കാൻ അദ്ദേഹം കോടതിയിലെത്തി. ഈ കാരണത്താൽ തന്നെ ഗെങ് ഹിയുടെ ഭർത്താവ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിൽ ഒരു ദിവസം മകളെയും കൊണ്ട് മുടി വെട്ടാൻ അടുത്തുള്ള സലൂണിൽ എത്തിയതായിരുന്നു ഗെങ് ഹി. കുട്ടിയുടെ മുടി വെട്ടി പൂർത്തിയാകുന്നതിനു മുൻപു തന്നെ പോലീസ് അവരെ വളഞ്ഞു. എന്താണെന്നോ, എന്തിനാണെന്നോ അവർക്കു മനസിലായില്ല. അവരെ വളഞ്ഞത് ചൈനീസ് ഭരണകൂടത്തിന്റെ രഹസ്യപോലീസ് ആണെന്ന് പതിയെ അവൾക്കു മനസിലായി. കൂടെയുണ്ടായിരുന്ന മകൾ ഗ്രേസിന്റെ മുടി വെട്ടി കഴിയുന്നതിനു മുൻപു തന്നെ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു.

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല. അവരെ പോലീസ് കസ്റ്റഡിയിലെടുത്ത ആ സമയം തന്നെ അവരുടെ വീടും പോലീസ് വളഞ്ഞിരുന്നു.
“ഞാൻ ചുറ്റും നോക്കി. ഒന്നാം നിലയിലും രണ്ടാം നിലയിലും ആളുകൾ തിങ്ങിനിറഞ്ഞിരുന്നു” – അവൾ അന്ന് താൻ കണ്ട ദൃശ്യത്തെ ഓർക്കുന്നു. അതിനിടയിൽ തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയും അവൾ അറിഞ്ഞു. അതോടെ അവർ ഇരുവരും ഒരുമിച്ചുള്ള, സന്തോഷത്തോടെയുള്ള കുടുംബജീവിതം അവസാനിച്ചു.

ഭർത്താവ് ഗായോ ഷിഷെങ് ജയിലിലായിരുന്നു ഏതാനും വർഷം. അട്ടിമറിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെയും പോലീസ്  വീട്ടുതടങ്കലിലാക്കി. ചുരുക്കത്തിൽ ഒരു പോലീസ് സ്റ്റേഷൻ പോലെ ആയിമാറി അവരുടെ വീട്. വൈകാതെ അവരെ അവിടെ നിന്ന് മാറ്റാനും പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ചു. തങ്ങൾ ഏറെ സ്വപ്നം കണ്ട ഭവനം. അവിടുത്തെ ജീവിതം അസഹനീയമായി മാറിയിരുന്നു ഈ കുടുംബത്തിന്. മറ്റൊരിടത്തേക്ക് മാറണമെങ്കിൽ തന്നെയും 16 വയസായ മകൾക്ക് ഒരു അഡ്മിഷൻ നൽകാൻ പോലും സ്‌കൂളുകൾ വിസമ്മതിച്ചു. ഈ അവസ്ഥയിൽ നാട് വിടുക എന്ന ഒരേയൊരു മാർഗ്ഗം മാത്രമേ ഈ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴും വേർപിരിയലിന്റെ വേദന അവരിൽ താളം കെട്ടി നിന്നു.

കാരണം ഗായോ ഷിഷെങിന് നാടു വിടാനുള്ള അനുമതി ഇല്ലായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഗെങ് ഹിയും കുട്ടികളും ചൈനയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയത്. പിന്നീട് അവർക്ക് അമേരിക്ക അഭയം നൽകി. എങ്കിലും തങ്ങളുടെ അച്ഛനെ പിരിഞ്ഞ വേദനയിലാണ് ഈ കുട്ടികൾ. പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ ഉരുകുകയാണ് ഗെങ് ഹി. ഇത് ചൈനീസ് ഭരണകൂടത്തിന്റെ പീഡനങ്ങളിൽ വലഞ്ഞു നാടുവിടുന്ന അനേകം കുടുംബങ്ങളുടെ കഥയാണ്.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.