ക്രിസ്തുവിലേക്കുള്ള വഴി കാണിക്കാൻ മാർപാപ്പ നിർദ്ദേശിക്കുന്ന ലളിതമായ പ്രാർത്ഥന

വിശ്വാസത്തോടും ഔദാര്യത്തോടും കൂടി ക്രിസ്തുവിനെ അനുഗമിക്കാനുള്ള വഴികൾ നമുക്ക് കാണിച്ചുതരുന്ന പ്രാർത്ഥനയാണ് ജപമാല. വളരെ ലളിതമായ ഈ പ്രാർത്ഥന കൃതജ്ഞത പ്രകടിപ്പിക്കാനും യേശുവിന്റെ ജീവിതത്തെ ധ്യാനിക്കാനും തിന്മക്കും പ്രലോഭനത്തിനുമെതിരായ ആയുധമായി ഉയോഗിക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ്. ഒക്‌ടോബർ 26-നു നടന്ന പൊതുസദസ്സിന്റെ അവസാനത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

പരിശുദ്ധ പിതാവ് മുൻപും പലതവണ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

2017-ൽ പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചു: “ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു. ജപമാല ഒരിക്കലും ഉപേക്ഷിക്കരുത്. പരിശുദ്ധ മറിയം ആവശ്യപ്പെട്ടതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിക്കുക.”

2020-ൽ പാപ്പാ പഠിപ്പിക്കുന്നു: “ജപമാല, പ്രാർത്ഥിക്കാനും അത് കൈകളിലോ, പോക്കറ്റിലോ വഹിക്കാനും മാർപാപ്പ നമ്മെ ക്ഷണിക്കുന്നു. കന്യകാമറിയത്തോട് നമുക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ പ്രാർത്ഥനയാണ് ജപമാല. രക്ഷകനായ യേശുവിന്റെ മാതാവ് മറിയത്തോടൊപ്പമുള്ള ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ചുള്ള ധ്യാനമാണിത്. തിന്മയിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു ആയുധമാണിത്.”

2022-ൽ പാപ്പാ പറയുന്നത് ഇപ്രകാരമാണ്: “എല്ലാ ദിവസവും ജപമാല ചൊല്ലിക്കൊണ്ട് നമുക്ക് നമ്മുടെ നന്ദി പ്രകടിപ്പിക്കാം.”

രക്ഷാകർതൃരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, “നിത്യതയിൽ വിചിന്തനം ചെയ്യാൻ നാം വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ തന്നെ സ്‌നേഹനിർഭരമായ മുഖം നമുക്ക് കൂടുതലായി വെളിപ്പെടുന്നു” എന്ന് ജപമാലയെക്കുറിച്ച് പാപ്പാ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.