“ബൈക്ക് അല്ല; ഉക്രൈനിലെ കുട്ടികളാണ് എനിക്ക് വലുത്” – തന്റെ സ്വപ്നങ്ങൾ മാറ്റിവച്ച സ്‌കൂൾ വിദ്യാർത്ഥി

12 വയസ്സുള്ള ഗബ്രിയേൽ ക്ലാർക്കിന് തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ തന്നെ പല സ്വപ്നങ്ങളുമുണ്ട്. ഒരു മൗണ്ടൻ ബൈക്ക് (മലയിലൂടെ ഓടിക്കുന്ന ബൈക്ക്) സ്വന്തമാക്കുക എന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. ഗബ്രിയേലിന് നന്നായി ശില്പങ്ങൾ ഉണ്ടാക്കാനറിയാം. കൈ കൊണ്ട് പാത്രങ്ങൾ ഉണ്ടാക്കി, അത് വില്പന നടത്തി, പണം സമ്പാദിച്ച് തന്റെ ആഗ്രഹം സഫലമാക്കാനുള്ള പ്രയത്നത്തിലായിരുന്നു ഗബ്രിയേൽ. എന്നാൽ ഉക്രൈനിൽ യുദ്ധം തുടങ്ങിയതിനു ശേഷം അവിടെയുള്ള കുട്ടികൾക്കു വേണ്ടി തന്റെ ആ സ്വപ്‌നത്തെ മാറ്റിവച്ചിരിക്കുകയാണ് അവൻ.

താൻ സ്വന്തമായി നിർമ്മിച്ച പാത്രങ്ങൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ഉക്രൈനിൽ യുദ്ധം മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് ഗബ്രിയേൽ ആഗ്രഹിക്കുന്നത്. അതിനാൽ ബൈക്ക് മേടിക്കുക എന്ന വലിയ സ്വപ്‌നത്തെ അവൻ ഉപേക്ഷിച്ചു. ഗബ്രിയേലിന്റെ പിതാവായ റിച്ചാർഡും അവന് പൂർണ്ണപിന്തുണയുമായി ഒപ്പമുണ്ട്.

തന്റെ മകന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഫോളോ ചെയ്യാൻ അദ്ദേഹം തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രേരിപ്പിച്ചു. അങ്ങനെ ഗബ്രിയേലിന്റെ ട്വിറ്റർ അക്കൗണ്ടിന് ഇപ്പോൾ 2,50,000 ഫോളോവേഴ്‌സ്‌ ഉണ്ട്. വളരെ വേഗത്തിൽ തന്നെ 20,000 പാത്രങ്ങളുടെ ഓർഡറാണ് അവനു ലഭിച്ചത്. എന്നാൽ തന്റെ കഴിവുകൾ സ്വന്തം ആഗ്രഹങ്ങൾക്ക് മാത്രമായിട്ടുള്ളതല്ലെന്ന ചിന്തയാണ് ഇപ്പോൾ അവനുള്ളത്. ഇന്ന് ഗബ്രിയേലിന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം മൗണ്ടൻ ബൈക്ക് അല്ല. പിന്നെയോ തന്റെ കഴിവുകൾ ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കണം എന്നുള്ളതാണ്.

അങ്ങനെ ഗബ്രിയേൽ, ഉക്രൈനിലെ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി പ്രത്യേക തരത്തിലുള്ള ഒരു പാത്രം ഉണ്ടാക്കി. അതിൽ ഉക്രേനിയൻ പതാകയുടെ നിറത്തിലുള്ള രണ്ട് പ്രത്യേക റിങ്ങുകളും ചേർത്തു. “എനിക്കും എന്റെ ബൗളിനും ലഭിച്ച പിന്തുണയിൽ ഞാൻ സന്തോഷിക്കുന്നു. 5,000 പൗണ്ട് സമാഹരിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ സ്വന്തമായി നിർമ്മിച്ച പാത്രം വിൽപനയിലൂടെ നേടിയത് മൂന്നു  ലക്ഷം ഡോളറാണ്. ഉക്രൈൻ സംഘർഷം നിമിത്തം ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് കൂടുതൽ പിന്തുണ നൽകാൻ ഈ പണം ‘സേവ് ദ ചിൽഡ്രൻ’  സംഘടനയെ ഏൽപ്പിക്കുന്നു” – ഗബ്രിയേൽ പറഞ്ഞു.

ശില്പങ്ങൾ മെനയുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നാണ് ഗബ്രിയേൽ പറയുന്നത്. അതിലൂടെ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായിട്ടാണ് ഗബ്രിയേൽ കാണുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.