ടെക്‌സാസിലെ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തിയും കുടുംബത്തെ രക്ഷിച്ച പിതാവ്

ടെക്‌സാസിൽ ഉവാൾഡയിലെ അതിർത്തി കാവൽക്കാരനാണ് ജേക്കബ് അൽബാരാഡോ. 2022 മെയ് 24-ന് അദ്ദേഹം ബാർബർ ഷോപ്പിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ഭയപ്പെടുത്തുന്ന ആ സന്ദേശം അദ്ദേഹത്തെ വിളിച്ച് അറിയിച്ചത്. ഉവാൾഡയിലെ റോബ് എലിമെന്ററി സ്‌കൂളിലെ അധ്യാപികയാണ് അവർ. “ഇവിടെ ഒരു അക്രമിയുണ്ട്; ഞങ്ങളെ രക്ഷിക്കൂ”- ഇതായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. ജേക്കബിന്റെ മകളായ ജെയ്‌ദയും അതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എന്തു ചെയ്യണമെന്നറിയാതെ ജേക്കബ് പതറിപ്പോയ നിമിഷങ്ങളായിരുന്നു അത്.

ഒരു അച്ഛനും ഭർത്താവും അതിലുപരി ഒരു കാവൽക്കാരനുമായ ജേക്കബ് തന്റെ കുടുംബത്തെ രക്ഷിക്കാനായി വേഗം പുറപ്പെട്ടു. അദ്ദേഹം തനിച്ചായിരുന്നില്ല; ആ ഷോപ്പിലെ ബാർബറും തന്റെ കൈത്തോക്കുമെടുത്ത് ജേക്കബിനെ അനുഗമിച്ചു. അവർ ആക്രമണം നടക്കുന്ന സ്‌കൂളിന്റെ മുൻപിലെത്തി. അനേകർ സ്‌കൂളിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നത് ഭയം മാത്രം. ആരെയും അകത്തേക്ക് കടത്തിവിടുന്നുമില്ല. എന്നാൽ അദ്ദേഹത്തിന് പ്രവേശനം ലഭിച്ചു.

അകത്തേക്ക് കൈത്തോക്കുമായി പ്രവേശിച്ച ജേക്കബ് തന്റെ ഭാര്യയെയും എട്ടു വയസ് മാത്രം പ്രായമുള്ള മകളെയും തിരഞ്ഞു. മറ്റ് പോലീസുകാർ അവിടെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഒരു ക്ലാസ് മുറിയിലെ ഡെസ്കിന്റെ താഴെ പേടിച്ചുവിറച്ച് ഒളിച്ചിരിക്കുന്ന ഭാര്യയെ വൈകാതെ തന്നെ ജേക്കബ് കണ്ടെത്തി; അതുപോലെ തന്നെ മകളെയും. ജെയ്‌ദ ശുചിമുറിയിൽ പൂട്ടിയിടപ്പെട്ട നിലയിലായിരുന്നു. രണ്ടു പേരെയും സുരക്ഷിതരായി പുറത്തെത്തിച്ച ശേഷവും ജേക്കബ് രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. മറ്റ് കുട്ടികളെ രക്ഷപെടുത്താനും അദ്ദേഹം പോലീസുകാരുടെ കൂടെ ചേർന്നു പ്രവർത്തിച്ചു. കുട്ടികളെല്ലാം ആകെ ഭയപ്പെട്ടിരുന്നു. ജേക്കബ് അവരെ രക്ഷിക്കുന്നതിനോടൊപ്പം അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.

അപകടം നിറഞ്ഞ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുള്ള വ്യക്തിയാണ് ജേക്കബ്. എങ്കിലും ഇത്തരമൊരു സ്ഥലത്തേക്ക് പ്രവേശിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് കുടുംബത്തോടുള്ള സ്നേഹം മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.