

“ഞാൻ കോവിൽത്തോട്ടം മണ്ണിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു. അതിനാൽ മരിച്ചു കഴിയുമ്പോൾ ഈ സെമിത്തേരിയിൽ എന്നെ അടക്കം ചെയ്യാൻ അനുവദിക്കണം. അന്ത്യവിശ്രമത്തിനായി ആറടി മണ്ണാണ് എനിക്ക് നിങ്ങൾ തരേണ്ട യാത്രയയപ്പ് സമ്മാനം. മറ്റൊരു സമ്മാനവും എനിക്കു വേണ്ട.” ഇടയശുശ്രൂഷയുടെ അഞ്ചാണ്ട് പൂർത്തിയാക്കി യാത്രയാകുന്ന ഫാ. മിൽട്ടൺ ജോർജ് പറഞ്ഞു. തുടർന്നു വായിക്കുക.
ഉദാത്തമായ ഇടയശുശ്രൂഷയുടെ അഞ്ചാണ്ട് പൂർത്തിയാക്കി മിൽട്ടൺ ജോർജ് അച്ചൻ, കൊല്ലം രൂപതയിലെ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ഇടവകയിൽ നിന്നും പടിയിറങ്ങുന്നു. 1398 ൽ സ്ഥാപിച്ച ഈ ദൈവാലയം 626 വർഷം പഴക്കമുള്ളതാണ്.
പാരമ്പര്യമനുസരിച്ച്, ഇടവക വികാരിമാർ സ്ഥലം മാറി പോകുമ്പോൾ അവരുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാൻ യാത്രയപ്പ് സമ്മേളനങ്ങൾ സംഘടിപ്പിച്ച് സ്നേഹോപഹാരങ്ങൾ നൽകിയാണ് യാത്രയക്കുന്നത്. എന്നാൽ മിൽട്ടൺ അച്ചൻ അപൂർവ്വമായ ഒരു യാത്രയപ്പ് സമ്മാനമാണ് ജനത്തിനോട് ചോദിച്ചത്.
തന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളോ ഉപഹാരങ്ങളോ വേണ്ടായെന്നും അതിനായി ഒരു സമ്പത്തും വിനിയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ദിവ്യബലി മധ്യേ അറിയിച്ചു. ഞാൻ കോവിൽത്തോട്ടം മണ്ണിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു എന്നും അതിനാൽ മരിച്ചു കഴിയുമ്പോൾ ഈ സെമിത്തേരിയിൽ എന്നെ അടക്കം ചെയ്യാൻ അനുവദിക്കണമെന്നും അച്ചൻ അഭ്യർത്ഥിച്ചു. അന്ത്യ വിശ്രമത്തിനായി ആറടി മണ്ണാണ് എനിക്ക് നിങ്ങൾ തരേണ്ട യാത്രയയപ്പ് സമ്മാനം. വളരെ വൈകാരിമായിട്ടും അതിലേറെ സങ്കടത്തോടെയാണ് ജനം ഇത് ശ്രവിച്ചത്.
പുരോഹിതർ മരിച്ചാൽ സാധാരണയായി അവരവരുടെ മാതൃഇടവകയിലാണ് സംസ്ക്കരിക്കുക. ശുശ്രൂഷ ചെയ്ത ഇടവകയിൽ സംസ്ക്കരിക്കണമെന്ന് ഒരു പുരോഹിതൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഒരുപക്ഷേ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കാം. അച്ചൻ ഈ മണ്ണിനെയും ഇവിടുത്തെ മനുഷ്യരേയും അത്രമേൽ സ്നേഹിച്ചു.
നാട്ടിലുടനീളം നഗ്നപാദനായി നടന്ന്, നന്മയുടെ സന്ദേശവുമായി സമൂഹത്തിൽ നിറഞ്ഞു നിന്ന ജീവിതം. മറ്റൊരു പുരോഹിതനും നടക്കേണ്ടി വന്നിട്ടില്ലാത്ത ഇടയവഴികളിലുടെ ദൈവ നിയോഗത്താൽ നടക്കേണ്ടിവന്ന വ്യക്തി.
പോരാളിയായും നാഥനായും ദൈവം നൽകിയ ഇരട്ടവേഷങ്ങൾ തീവ്രമായി പകർന്നാടിയ ജീവിതം. അജപാലന ശുശ്രൂഷയിലും അവകാശ സംരക്ഷണ സമരമുഖത്തും അദ്ദേഹത്തെ നാം കണ്ടു. ആടുകളെ അടുത്തറിഞ്ഞ് സ്നേഹത്തോടെ അവരെ നയിച്ച ഒരു നല്ല ഇടയൻ.
തന്റെ പ്രാർഥനാജീവിതം വഴിയും വിശുദ്ധമായ ജീവിതചര്യകളിലൂടെയും ഇടവക ജനത്തെ വിശുദ്ധിയുടെ പാതയിലൂടെ നയിച്ച പുരോഹിത ശ്രേഷ്ഠൻ.
ലളിതമായ ജീവിത മാതൃകയാലും സൗമ്യമായ പെരുമാറ്റംകൊണ്ടും ശാന്തവും വിനീതവുവായ സംസാരരീതി കൊണ്ടും പൗരോഹിത്യത്തെ അടയാളപ്പെടുത്തിയ ജീവിതം.
മതേതര കാഴ്ചപ്പാടോടുകൂടി എല്ലാ സമൂഹങ്ങളോടുള്ള സഹവർത്തിത്വവും പൊതുസമൂഹ നിർമ്മിതിക്കായുള്ള പരിശ്രങ്ങളാലും ജനഹൃദയങ്ങളിൽ ഇടം നേടിയ ഇടയൻ.
അച്ചൻ നടത്തിയ സാമുഹിക ഇടപെടലുകൾ നാടിന്റെ വികസനത്തിൽ നിർണ്ണായക ഏടുകളായി മാറി. മദ്യത്തിനും മറ്റ് മാരകമായ ലഹരികൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ പടനിലങ്ങളിൽ മുഴങ്ങികേട്ട പ്രവാചക ശബ്ദം.
പീഡനങ്ങളും സഹനങ്ങളുമായിരിക്കും തന്റെ ശിഷ്യരുടെ ഭാഗധേയമെന്ന് അവർക്ക് മുന്നറിയിപ്പ് കൊടുത്തവനാണ് ക്രിസ്തു. ഈ മുന്നറിയിപ്പ് പോലെ തന്നെ മിൽട്ടൺ അച്ചന്റെ പൗരോഹിത്യ ജീവിതത്തിലും ഉണ്ടായ എല്ലാ അപമാനങ്ങളും അവഹേളനങ്ങളും സങ്കടങ്ങളും മാനസിക വിഷമങ്ങളും ദൈവനീതിക്കായി അദ്ദേഹം ഭരമേൽപ്പിച്ചു. ദൈവജനത്തിന്റെ ആത്മവിശുദ്ധീകരത്തിനുള്ള ആത്മാർത്ഥമായ ശുശ്രൂഷകളെയും നാടിന്റെ പുരോഗതിക്കും അതിജീവനത്തിനുമായുള്ള കർശനമായ നിലപാടുകളെയും സത്യമറിയാതെ ഒരു പക്ഷേ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഇതൊന്നും ഗണ്യമാക്കാതെ ആരോടും പരിഭവമോ പരാതികളൊ ഇല്ലാതെ എല്ലാവരെയും ഒരേപോലെ ചേർത്തു പിടിച്ച ആ അജപാലകൻ കോവിൽത്തോട്ടം ഇടവകയിൽ നിന്ന് തന്റെ അടുത്ത കർമ്മഭൂമിയിലേക്ക് നടന്നകലുന്നു.
വിവേകത്തോടും വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി തന്റെ ശുശ്രൂഷകൾ നിർവ്വഹിച്ച് ദൈവജനത്തെയും നാടിനെയും ആത്മീയ ചൈതന്യത്തിന്റെ പ്രകാശവഴിയിലൂടെ നടത്തിയ വന്ദ്യ പുരോഹിതാ, അങ്ങേക്ക് നന്ദിയുടെ നറുമലരുകൾ.
യോഹന്നാൻ ആന്റണി
പാരിഷ് കൗൺസിൽ അംഗം