“ദൈവം ജീവിതാനുഭവങ്ങളിലൂടെ എന്നെ ഒരുക്കുകയായിരുന്നു” – ശാസ്ത്രജ്ഞനായ ശേഷം ദൈവവിളി സ്വീകരിച്ച വൈദികൻ

ശാസ്ത്രജ്ഞനായ ശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ലോറെൻസോ ഡി വിറ്റോറി ഇന്ന് ഒരു പുരോഹിതനാണ്. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ദിനമായ മെയ് 24- നായിരുന്നു 35- കാരനായ ലോറെൻസോ വൈദികനായി അഭിഷിക്തനായത്. ദൈവത്തെ കൂടുതൽ അറിയാൻ, ജീവിതാനുഭവങ്ങൾ തന്നെ സഹായിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ‘സത്യം അന്വേഷിക്കുന്നത് തുടരുക, ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തരുത്’ എന്നാണ് ഈ വൈദികൻ യുവ കത്തോലിക്കാ ശാസ്ത്രജ്ഞർക്കു നൽകുന്ന സന്ദേശം.

“ശാസ്ത്രം സത്യത്തിലേക്കുള്ള വളരെ നല്ല പാതയാണ്. കാരണം, ശാസ്ത്രം നമ്മുടെ പ്രപഞ്ചത്തിന്റെയും മനുഷ്യജീവിതത്തിന്റെയും പല വശങ്ങളിലേക്കും വെളിച്ചം വീശുകയും നമ്മെ നയിക്കുകയും ചെയ്യുന്നു. ശാസ്ത്രവും ദൈവശാസ്ത്രവും ഒരേ സത്യം അന്വേഷിക്കുന്നതിനാൽ അവ കൈകോർത്ത് പ്രവർത്തിക്കുന്നു. അതിനാൽ വിശ്വാസത്തിലൂടെയും ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലൂടെയും നമ്മോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ദൈവം സൃഷ്ടിച്ച ഏക യാഥാർത്ഥ്യം മനസിലാക്കാൻ ഇവ രണ്ടും ആവശ്യമാണ്” – ഫാ. ലോറെൻസോ പറയുന്നു.

സ്വിറ്റ്സർലണ്ടിലെ ലുഗാനോ നഗരത്തിലാണ് ലോറെൻസോ ജനിച്ചത്. അദ്ദേഹത്തിന് രണ്ട് ജ്യേഷ്ഠന്മാരും ഒരു അനുജത്തിയും ഉണ്ട്. തന്റെ വിശ്വാസജീവിതത്തിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ലോറെൻസോ പറയുന്നു. എങ്ങനെ പ്രാർത്ഥിക്കണമെന്നും കൂദാശകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോറെൻസോയുടെ അമ്മ അവനെ പഠിപ്പിച്ചിരുന്നു. ‘കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും അങ്ങനെ വിശ്വാസം കൂടുതൽ ആഴത്തിൽ മനസിലാക്കാനും ശ്രമിക്കുക’ എന്ന് പിതാവും ലോറെൻസോയോട് പറയുമായിരുന്നു.

“രസതന്ത്രജ്ഞനായ എന്റെ പിതാവിന് തന്റെ ജോലിയിൽ വലിയ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹം ജോലിക്കാര്യങ്ങൾ വീട്ടിൽ ഞങ്ങളുമായി പങ്കുവച്ചു. ദൈനംദിന ജീവിതത്തിൽ എന്റെ വിശ്വാസം എങ്ങനെ ജീവിക്കണമെന്ന്  വീട്ടിൽ നിന്ന് ഞാൻ പഠിച്ചു. അതേ സമയം ഞാൻ, എനിക്ക് ആരായിത്തീരണം എന്നുള്ള തിരഞ്ഞെടുപ്പും നടത്തി” – അദ്ദേഹം പറയുന്നു.

ഹൈസ്കൂൾ പഠനകാലത്ത് ഫാ. ലോറെൻസോ തന്റെ ജന്മനാട്ടിലെ ഓപസ് ഡീ സെന്ററിൽ പതിവായി പോകാറുണ്ടായിരുന്നു. അവിടെ ധാരാളം സുഹൃത്തുക്കളോടൊപ്പം പഠിച്ചു, കളിച്ചു, പ്രാർത്ഥിച്ചു. കത്തോലിക്കാ സ്‌കൂളിൽ വിദ്യാഭ്യാസം നേടി. അദ്ദേഹം അവിടെ കണ്ടുമുട്ടിയ ഓപസ് ഡീ സെന്ററിലെ അംഗങ്ങൾ പരസ്പരം ബഹുമാനിക്കുക മാത്രമല്ല, അവർ പരസ്പരം അറിയുകയും പിന്തുണക്കാനും അംഗീകരിക്കാനുമെല്ലാം സമയം കണ്ടെത്തി. എല്ലാവരെയും വിശുദ്ധരാകാൻ സഹായിക്കാനുള്ള ആഗ്രഹത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. ചെറുപ്പത്തിൽ ജീവിതത്തിൽ ലഭിച്ച ഇത്തരം മാതൃകാപരമായ കാര്യങ്ങൾ കാലക്രമേണ, ലോറെൻസോയിൽ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള താത്പര്യം ഉണർത്തി. അത് ദൈവവുമായി ഒരു യഥാർത്ഥ സൗഹൃദം വളർത്തിയെടുക്കാൻ അവനെ സഹായിച്ചു.

ആ കാലഘട്ടത്തിലാണ് ലോറെൻസോ ക്ലാസിക്കൽ, ഗ്രീക്ക്, ലാറ്റിൻ മുതലായ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. അപ്പോഴാണ് ലോറെൻസോക്ക് ശാസ്ത്രത്തോടുള്ള താൽപര്യം ഉടലെടുത്തത്. “നൂറ്റാണ്ടുകൾക്കു മുമ്പ് ചോദിച്ചിരുന്ന അതേ ചോദ്യങ്ങളിൽ എനിക്ക് കൗതുകമുണ്ടായിരുന്നു: മനുഷ്യത്വം, പ്രപഞ്ചം, സ്ഥലത്തിന്റെയും സമയത്തിന്റെയും അളവുകൾ, ജീവിതത്തിന്റെ ഉത്ഭവം, ഇതിന്റെയെല്ലാം അർത്ഥം എന്നിവയെക്കുറിച്ച്” – അദ്ദേഹം വെളിപ്പെടുത്തുന്നു. യൂറോപ്പിലെയും ലോകത്തെയും ഗവേഷണത്തിലെ പയനിയർ പബ്ലിക് യൂണിവേഴ്‌സിറ്റിയായ സൂറിച്ചിലെ ഫെഡറൽ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് പഠിക്കാൻ 2006-ൽ അദ്ദേഹം ചേർന്നു.

ബിരുദാനന്തരം അദ്ദേഹം, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ പ്രാവീണ്യം നേടി. ഒരു സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ പ്രകൃതിയുമായി സംവദിക്കാൻ ശ്രമിക്കുന്നു. സൃഷ്ടിയെക്കുറിച്ചുള്ള ഗ്രാഹ്യത്തെ സഹായിക്കുന്ന ഉത്തരങ്ങൾ തേടാൻ അത് പ്രചോദനമായി. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിനു ശേഷം വർഷങ്ങളോളം അദ്ദേഹം ഗവേഷണം നടത്തി. അതേ സമയം തന്നെ പിഎച്ച്.ഡി. ചെയ്യുകയും ഗണിതശാസ്ത്ര വിഭാഗത്തിലും പ്രാവീണ്യം നേടി.

ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം തന്റെ ദൈവവിളി പൗരോഹിത്യത്തിലേക്കാണ് എന്ന് തിരിച്ചറിയുന്നത്. “ഓരോ വ്യക്തിയെയും അവർ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലത്തു തന്നെ ഒരു വിശുദ്ധനാകാൻ ദൈവം വിളിക്കുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്” – അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ ശാസ്ത്രജ്ഞൻ ആയിരിക്കുമ്പോൾ തന്നെ 2016-ൽ ലോറെൻസോ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽ ദൈവശാസ്ത്രം പഠിക്കാൻ റോമിലേക്ക് വന്നു.

“ദൈവവുമായുള്ള സൗഹൃദം ആസ്വദിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് എന്റെ ദൈവശാസ്ത്ര പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അവനെ കണ്ടെത്തുക, അവനെ അറിയുക, അവനോട് സംസാരിക്കുക” – അദ്ദേഹം തന്റെ ദൈവവിളിയെക്കുറിച്ച് വെളിപ്പെടുത്തി. മെയ് 24-ന് റോമിലെ സാന്ത് യൂജിൻ ബസിലിക്കയിൽ നടന്ന ചടങ്ങിലാണ് ഫാ. ലോറെൻസോ ഓപസ് ദേയിലെ കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായത്.

‘സത്യം അന്വേഷിക്കുന്നത് തുടരുക. ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തരുത്. ദൈവം ഭൂമിയിലെ തന്റെ സ്വന്തം ജീവിതത്തിനിടയിലും അതിനു മുമ്പും ശേഷവും ചരിത്രത്തിലെ പല ആളുകളിലൂടെയും പറഞ്ഞിട്ടുള്ള വെളിപാടുകൾ കേൾക്കാൻ ഭയപ്പെടരുത്. അതേ സമയം, പ്രകൃതിയിലൂടെ അവൻ നമ്മോട് പറയുന്നത് കേൾക്കാൻ ധൈര്യപ്പെടുക. നാം ജീവിക്കുന്ന സൃഷ്ടികളെക്കുറിച്ച് പഠിക്കാനുള്ള കഴിവ് ദൈവം നമുക്ക് നൽകി. പ്രകൃതിയുടെ മനോഹരമായ പുസ്തകത്തിലൂടെ അവൻ നമ്മോട് സംവദിക്കുന്നത് ആസ്വദിക്കുന്നു” എന്നാണ് ഒരു ശാസ്ത്രജ്ഞനും ഇപ്പോൾ വൈദികനുമായ ഫാ. ലോറെൻസോ, യുവ കത്തോലിക്കാ ശാസ്ത്രജ്ഞർക്ക് നൽകുന്ന സന്ദേശം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.