20 വർഷമായി ദൈവാലയത്തിൽ കയറുക പോലും ചെയ്യാത്ത യുവാവ്; ഇന്ന് കർത്താവിന്റെ പുരോഹിതൻ

20 വർഷമായി ദൈവാലയത്തിന്റെ പടി പോലും ചവിട്ടാത്ത യുവാവ്, ഇന്ന് തന്റെ 44-ാമത്തെ വയസിൽ മിഷനറി വൈദികനാണ്. യൗവ്വനത്തിൽ മദ്യത്തിനും നിശാപാർട്ടികളിലും ഏർപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ വേണ്ടി ചിന്തിച്ചുകൊണ്ടിരുന്ന നാളുകൾ. അവിടെ നിന്നും ഡേവിഡ് കോസ്റ്റലുംഗ എന്ന വ്യക്തി ഇന്ന് എത്തിനിൽക്കുന്നത് കർത്താവിന്റെ പുരോഹിത്യത്തിലേയ്ക്ക്. തന്റെ മാനസാന്തര അനുഭവം വെളിപ്പെടുത്തുകയാണ് ഈ വൈദികൻ.

ഫാ. ഡേവിഡ് കോസ്റ്റലുംഗ എന്ന വൈദികന്റെ തിരുപ്പട്ട സ്വീകരണം 2022 ഒക്ടോബർ എട്ടാം തീയതി ആയിരുന്നു. അതും 44-ാമത്തെ വയസിൽ. ‘പാഷനേറ്റ് ഫാമിലി ഓഫ് കാരവേറ്റ്’ എന്ന സമൂഹത്തിൽ പത്തു വർഷത്തെ സെമിനാരി പരിശീലനത്തിനു ശേഷമാണ് അദ്ദേഹം വൈദികനായി അഭിഷിക്തനായത്.

യൗവ്വനകാലഘട്ടത്തിൽ ഈ യുവാവിന്റെ സഞ്ചാരമത്രയും ദുർമാർഗ്ഗങ്ങളിലൂടെ ആയിരുന്നു. മദ്യപാനം, രാത്രി വൈകിയുള്ള പാർട്ടികൾ, വഴിവിട്ട ബന്ധങ്ങൾ… ഇവയെല്ലാത്തിന്റെയും അടിമയായി ഡേവിഡ് മാറി. ജീവിതത്തിൽ വളരെയധികം ഒറ്റപ്പെടലും ഏകാന്തതയും കഷ്ടപ്പാടും അവൻ അനുഭവിച്ചു. വളരെ ശൂന്യത അനുഭവപ്പെട്ട നാളുകളായിരുന്നു അതൊക്കെയും; മരിച്ചതിനു തുല്യം ജീവിച്ചിരിക്കുന്ന അവസ്ഥ. ആ ഒരു സാഹചര്യത്തിൽ മദ്യപാനം അവന്റെ ഉറ്റചങ്ങാതിയായി മാറി. “എനിക്ക് 14 വയസുള്ളപ്പോൾ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. എന്റെ ഇഷ്ടത്തിന് എനിക്ക് അറിയാവുന്ന വഴികളിലൂടെ മാത്രം ഞാൻ പോയി. ബിയർ, ഡിസ്കോകൾ, നൈറ്റ് ക്ലബ്ബുകൾ അങ്ങനെ… ആത്മഹത്യാപ്രേരണ എന്റെയുള്ളിൽ ശക്തമായി. എന്റെ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടുവെന്ന് എനിക്ക് അപ്പോൾ മനസിലായില്ല” – ഫാ. ഡേവിഡ് തന്റെ മുൻകാലജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.

പുനർജന്മത്തിന്റെ തുടക്കം

2012 ഫെബ്രുവരി ഏഴാം തീയതിയാണ് ഡേവിഡ് തന്റെ പുനർജന്മത്തിന്റെ തുടക്കം കുറിച്ചത്. അതിന് നിമിത്തമായതോ, അമ്മയുടെ രോഗവും. “ഞാൻ പള്ളിയിൽ പോയിട്ട് 20 വർഷമായിരുന്നു. എന്റെ അമ്മ രോഗത്താൽ അവശയായിരുന്നു. എനിക്ക് അമ്മയെ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അന്നത്തെ ആ ഒറ്റപ്പെടലിൽ എന്നെ സ്നേഹിക്കുന്ന ഒരാളായി എന്റെ മനസിൽ അവശേഷിച്ചത് അമ്മ മാത്രമായിരുന്നു. അമ്മ മാത്രമാണ് എനിക്കു വേണ്ടി ആത്മാർത്ഥമായി കണ്ണുനീരൊഴുക്കിയിട്ടുള്ളത്” – കഴിഞ്ഞകാലങ്ങളെക്കുറിച്ച് അദ്ദേഹം അനുസ്മരിക്കുന്നു.

അതിനാൽ തന്നെ അമ്മയുടെ അസുഖം ഡേവിഡ് എന്ന ചെറുപ്പക്കാരനെ വല്ലാതെ അസ്വസ്ഥനാക്കി. ഈ ഒരു സാഹചര്യത്തിൽ മജുഗോറിയിലേക്ക് ഒരു തീർത്ഥാടനത്തിനു പോകാൻ സഹോദരി ബാർബറ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തീർത്ഥാടനത്തെക്കുറിച്ച് സഹോദരി പറഞ്ഞപ്പോൾ ആദ്യമൊക്കെ മനസിലേക്ക് വന്നത് ആ യാത്ര ആസ്വദിക്കണം എന്നുമാത്രമായിരുന്നു. “ഞാൻ സംശയിച്ചു; മടിച്ചു. ഈ യാത്രയുടെ കാരണം പോലും എനിക്ക് മനസിലായില്ല” – അദ്ദേഹം പറയുന്നു.

മജുഗോറിയിൽ നിന്ന് മാനസാന്തരത്തിലേക്ക്

മജുഗോറിയിലേക്കു പോയപ്പോൾ ആദ്യം വില കുറഞ്ഞ ബിയർ കുടിച്ച് കറങ്ങിനടന്നു. എന്നാൽ, പിന്നീട് കുമ്പസരിക്കണമെന്നു തോന്നി. അത് എല്ലാം മാറ്റിമറിച്ചു. “വർഷങ്ങൾക്കു ശേഷമുള്ള ആ ഏറ്റുപറച്ചിലിൽ, ഞാൻ സ്നേഹിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ, എന്റെ പരിമിതികളോടും ബലഹീനതകളോടും കൂടെ എന്നെ സ്നേഹിക്കുന്ന ഒരു പിതാവുണ്ടെന്ന് ഞാൻ കണ്ടെത്തി. എന്റെ കണ്ണുകളിൽ നിന്ന് നദി പോലെ കണ്ണീർ ഒഴുകി. അന്ന് ഞാൻ ഒരു പുതിയ ജീവിതം ആരംഭിച്ചു; ഒരു പുതിയ ഡേവിഡ് ജനിച്ചു” – അദ്ദേഹം വെളിപ്പടുത്തി.

“മജുഗോറിയിലെ ആ ഏറ്റുപറച്ചിൽ തനിക്ക് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. ദൈവത്തിന്റെ സ്‌നേഹനിർഭരമായ കടാക്ഷത്തിന് ഞാൻ യോഗ്യനാണെന്ന് അതുവരെയും കരുതിയിരുന്നില്ല. ഞാൻ വളരെയധികം കാര്യങ്ങൾ ചെയ്തു; ഒരു ലക്ഷ്യവുമില്ലാതെ തകർന്ന ജീവിതം നയിച്ചു. എന്നാൽ, ദൈവത്തോട് ക്ഷമാപണം നടത്തുന്നതിനു മുമ്പു തന്നെ നമ്മെ ഇരുകൈയ്യും നീട്ടി കാത്തിരിക്കുന്ന ഒരു പിതാവാണ് ദൈവം എന്ന് അനുരഞ്ജന കൂദാശയിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനു ശേഷം എന്റെ അസ്തിത്വം ഒരിക്കൽക്കൂടി സ്വാദും വെളിച്ചവും പ്രത്യാശയും നിറഞ്ഞതായി മാറി” – ഫാ. ഡേവിഡ് അന്നത്തെ മാനസാന്തര അനുഭവം വെളിപ്പെടുത്തുന്നു.

ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാൻ ആസ്വദിക്കുന്നു. വിശ്വാസം കണ്ടെത്തിയതു മുതൽ, എന്റെ നരകത്തിൽ നിന്ന് എന്നെ പുറത്തെടുക്കാൻ വന്ന യേശുവിനെ ഞാൻ കണ്ടെത്തി. എന്റെ ഉള്ളിൽ ഞാൻ മരിച്ചിരുന്നു; എന്നാൽ യേശു എന്നെ വീണ്ടെടുത്തതു മുതൽ ഞാൻ ജീവിക്കുന്നവനായി.

സഭയെ സേവിക്കുന്നതിനായി തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാൻ ഡേവിഡ് തീരുമാനിച്ചു. അതായത്, ഒരു മിഷനറി വൈദികനാകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വൈദികനായ ശേഷം ടാൻസാനിയയിലെ പാഷനിസ്റ്റ് ഭവനത്തിൽ ഒരു മിഷനറിയായി ശുശ്രൂഷ ചെയ്യാൻ ഫാ. ഡേവിഡ് ഉടൻ തന്നെ പോകും.

“ഇപ്പോൾ എന്നെത്തന്നെ നൽകിക്കൊണ്ട്, ഞാൻ ചെയ്യേണ്ട എല്ലാ നല്ല കാര്യങ്ങളെയും കുറിച്ചുള്ള ചിന്തയിലേക്ക് ഉണരാനാണ് ദൈവം എന്നെ അനുവദിക്കുന്നത്. മുമ്പ്, ഞാൻ ഉണരുമ്പോൾ, എന്നോട് തന്നെ ഞാൻ പറയുമായിരുന്നു: “മറ്റൊരു ദിവസം എന്തിനാണ് ജീവിക്കുന്നത്? എനിക്ക് മരിക്കണം. ഈ ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകണം.”

ആസക്തികൾക്ക് അടിമകളായ യുവാക്കളെ സഹായിക്കാനാണ് കർത്താവ് തന്നെ വിളിക്കുന്നതെന്ന് ഇന്ന് ഈ വൈദികന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

ഇന്ന് ദൈവത്തോട് നന്ദി മാത്രം

തന്നെ പിന്തുണക്കുകയും രൂപപ്പെടുത്തുകയും ചെയ്ത എല്ലാവരോടും ഫാ. ഡേവിഡിന് ഇന്ന് അഗാധമായ നന്ദിയുണ്ട്. മാനസാന്തരത്തിനു ശേഷം ആ വർഷം തന്നെ രോഗബാധിതയായ അമ്മ മരണപ്പെട്ടു. “എന്റെ അമ്മ ഒരു പാറയായിരുന്നു. അവസാനം വരെ അവർ തളർന്നില്ല. വഴിപിഴച്ച യുവാക്കളുടെ എത്രയോ അമ്മമാരുടെ കണ്ണുനീർ പോലെ അമ്മയുടെ കണ്ണുനീരും എനിക്ക് മറക്കാൻ കഴിയില്ല” – അമ്മയെക്കുറിച്ച് ഫാ. ഡേവിഡ് വെളിപ്പെടുത്തുന്നു.

“ഞാൻ ചെന്നായ ആയിരുന്നു; ഇപ്പോൾ ഞാൻ ആടുകളുടെ ഇടയനായി” – അദ്ദേഹം പറഞ്ഞുനിർത്തി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.