‘തോക്കുകളല്ല, വിശ്വാസമാണ് നമ്മെ രക്ഷിക്കുന്നത്’ – ബുർക്കിന ഫാസോയിൽ നിന്നും ഒരു വൈദികൻ

‘തോക്കുകളല്ല, വിശ്വാസമാണ് നമ്മെ രക്ഷിക്കുന്നത്’ എന്ന് വെളിപ്പെടുത്തി ബുർക്കിന ഫാസോയിൽ നിന്നും ഒരു വൈദികൻ. ബുർക്കിന ഫാസോയിലെ ടെൻകോഡോഗോ രൂപതയിൽ നിന്നുള്ള ഫാദർ ഹോണോറെ ക്വെഡ്‌രാഗോയാണ് തന്റെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ടെൻകോഡോഗോയിലെ സെമിനാരി റെക്ടറാണ് ഫാ. ഹോണോറെ.

“ഔദ്യോഗികമായി, രാജ്യത്തിന്റെ 40% സർക്കാരിന്റെ നിയന്ത്രണത്തിൽ വരുന്ന പ്രദേശങ്ങളാണ്. എന്നാൽ ബാക്കിയുള്ള 60% പ്രദേശങ്ങളും തീവ്രവാദികളുടെ കൈകളിലാണ്. രാവിലെ ഉണർന്ന് എഴുന്നേൽക്കുന്ന ആർക്കും തങ്ങൾ സുരക്ഷിതരാണെന്ന് അവകാശപ്പെടാൻ കഴിയുകയില്ല. അത്രമാത്രം അരക്ഷിതാവസ്ഥയാണ് ഈ നാട് അഭിമുഖീകരിക്കുന്നത്.” ഫാദർ ഹോണോറെ വിശദീകരിക്കുന്നു. 2015-ൽ ഭീകരാക്രമണം നടന്നപ്പോൾ ടെൻകോഡോഗോ സെമിനാരിയുടെ റെക്ടറായിരുന്നു ഫാ. ഹോണർ. അതിനുശേഷം രാജ്യത്ത് തീവ്രവാദം കൂടുതൽ ശക്തമായി. ഇപ്പോൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായി ഇത് മാറി.

ഈ വർഷം ജനുവരിയിൽ ലെഫ്റ്റനന്റ് കേണൽ ദമീബ രാഷ്ട്രത്തലവനായതിനുശേഷം, രാജ്യത്ത് ഒരുമാറ്റവും ഉണ്ടായിട്ടില്ല. അഴിമതിക്കും തീവ്രവാദത്തിനും എതിരായ പോരാട്ടം അദ്ദേഹം വാഗ്ദാനം ചെയ്തുവെങ്കിലും സ്ഥിതി മുമ്പത്തേക്കാൾ കൂടുതൽ വഷളാവുകയാണ് ചെയ്തതെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

ഫാ. ഹോണറെ പറയുന്നതനുസരിച്ച്, തീവ്രവാദികൽ നടത്തുന്ന ഈ ആക്രമണത്തിൽ ഇസ്ലാമിക മതമൗലികവാദവും ഉൾപ്പെടുന്നുണ്ട്. “തീവ്രവാദികൾ പല കാര്യങ്ങളിലും രാജ്യത്ത് വിലക്കേർപ്പെടുത്തുന്നു. പുരുഷന്മാർ നീളമുള്ള ട്രൗസർ ധരിക്കാൻ നിർബന്ധിതരാകുന്നു. അവർ താടി വടിക്കുന്നത് വിലക്കിയിരിക്കുകയാണ്. സ്ത്രീകൾ മൂടുപടം ധരിക്കണം. പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം നിരോധിച്ചിരിക്കുന്നു. കുട്ടികളെ മദ്രസകളിൽ ചേർക്കുന്നു. പള്ളികളിൽ മണി മുഴക്കരുത്.” -ഫാ ഹോണറെ പറയുന്നു.

വ്യാപകമായ ദാരിദ്ര്യം സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 60% എങ്കിലും തൊഴിലില്ലാത്തവരാണ്. അവർക്ക് ദിവസം മുഴുവൻ ഒന്നും ചെയ്യാനില്ല, പണവുമില്ല, അതിനാൽ പോയി ആരെയെങ്കിലും കൊല്ലാൻ അവർക്ക് 100 യൂറോ വാഗ്ദാനം ചെയ്താൽ, അവർ അത് സ്വീകരിക്കുന്നു. ഇതിനൊക്കെ എതിരെയുള്ള ഏറ്റവും ശക്തമായ ആയുധം പ്രാർത്ഥനയാണെന്ന് ഈ വൈദികൻ ഓർമ്മിപ്പിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ നിരവധി പുരോഹിതന്മാർക്കും മതബോധനം നടത്തുന്നവർക്കും ഇസ്ലാമിസ്റ്റുകൾ കൂടുതലുള്ള ടെങ്കഡോഗോ രൂപതയിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ചില ഇടവകകൾ അവരുടെ മിക്ക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കൂദാശകൾ ലഭിക്കേണ്ടതിന് വിശ്വാസികൾക്ക് വലിയ ദൂരം സഞ്ചരിക്കേണ്ടി വരുന്നു.

ഭാഗ്യവശാൽ, ഈ സാഹചര്യങ്ങളിൽ ക്രിസ്ത്യൻ റേഡിയോകളിലൂടെ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും പിന്തുടരാൻ പലർക്കും അവസരമുണ്ട്. രാജ്യത്തുടനീളമുള്ള ഭയാനകമായ സുരക്ഷാ സാഹചര്യം കാരണം, അവധിക്കാലത്ത് പല സെമിനാരിക്കാർക്കും അവരുടെ കുടുംബങ്ങളിലേക്ക് പോകാൻ കഴിയില്ലെന്ന് ടെങ്കോഡോഗോ റെക്ടർ വിശദീകരിക്കുന്നു.

എങ്കിലും, ഇവിടെയുള്ള ക്രിസ്ത്യാനികൾ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. “എന്റെ ചില ഇടവകക്കാർ സമാധാനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് രാത്രികൾ ചെലവഴിക്കുന്നു. ഈ വേദനാജനകമായ സാഹചര്യം രാജ്യമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങളുടെ വിശ്വാസം ത്യജിക്കുന്നതിനെക്കാൾ മരിക്കാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ രക്തസാക്ഷികളായവരും ഇവിടെയുണ്ട്.” ഫാ ഹോണോറെ പറയുന്നു.

സത്യത്തിൽ, വിശ്വാസത്തിലൂടെ തന്റെ രാജ്യം രക്ഷിക്കപ്പെടുമെന്ന് ഈ പുരോഹിതൻ വിശ്വസിക്കുന്നു. “തോക്കുകളല്ല, വിശ്വാസവും പ്രാർത്ഥനയുമാണ് നമ്മെ രക്ഷിക്കുന്നത്. ഈ ആക്രമണങ്ങൾ പൈശാചിക സ്വഭാവമുള്ളതാണ്, അതിനാൽ ദൈവത്തിന് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ.” -അദ്ദേഹം കൂട്ടിച്ചേർത്തു

ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഫാ. ഹോണോറെ പരിശുദ്ധ കന്യകയുടെ മധ്യസ്ഥതയിലൂടെ ബുർക്കിന ഫാസോയിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ നല്ല മനസ്സുള്ള എല്ലാ ആളുകളോടും ആവശ്യപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.