മുൻപ് മയക്കുമരുന്നിന് അടിമയും നിരീശ്വരവാദിയും; ഇന്ന് ദൈവത്തിന്റെ സ്വന്തം: ആരെയും അതിശയിപ്പിക്കും ഈ മാനസാന്തരം

മയക്കുമരുന്നിന് അടിമയായി, വിഷാദരോഗിയായി ദൈവവിശ്വാസമില്ലാതെ ജീവിച്ച ബ്രിജിറ്റ് ബെഡാർഡ് എന്ന യുവതി ഇന്ന് ഒരു ഉത്തമ ക്രൈസ്തവ വിശ്വാസിയാണ്. ക്രിസ്തുവിനാൽ ജീവിതം പൂർണ്ണമായും മാറ്റിമറിക്കപ്പെട്ട ബ്രിജിറ്റിന്റെ ജീവിതസാക്ഷ്യം പ്രചോദനാത്മകമാണ്. ലഹരിക്ക് അടിമപ്പെട്ട ഒരു വ്യക്തിയെ ക്രിസ്തു എപ്രകാരം വീണ്ടെടുക്കുന്നു എന്ന് ബ്രിജിറ്റിന്റെ ജീവിതകഥ വെളിപ്പെടുത്തുന്നു. നിരവധി വർഷങ്ങൾ വിഷാദരോഗിയായി, ദൈവവിശ്വാസമില്ലാതെ ലഹരിക്ക് അടിമപ്പെട്ട് ജീവിച്ച ബ്രിജിറ്റ് ക്രിസ്‌തുവിലേക്ക് തിരിഞ്ഞ നിമിഷം മുതൽ താൻ അനുഭവിച്ച ദൈവാനുഭവം ഉറക്കെ പ്രഘോഷിക്കുകയാണ്.

ബ്രിജിറ്റ് ബെഡാർഡ് തന്റെ 11-ാം വയസ് മുതൽ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. ഈ ആസക്തിക്ക് അവൾ അടിമയായത് നീണ്ട പത്തുവർഷങ്ങൾ. അതോടൊപ്പം ലൈംഗികാസക്തിക്കും. പിന്നീട് മയക്കുമരുന്നും മദ്യവും സിഗരറ്റും ഉപേക്ഷിച്ചെങ്കിലും ലൈംഗികാസക്തിയിൽ നിന്നും കരകയറാൻ ബ്രിജിറ്റിനായില്ല. ജീവിതത്തിൽ ലഭിക്കാതെ പോയ സ്നേഹത്തിനായി അവൾ ദാഹിച്ചുകൊണ്ടിരുന്നു.

ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടാൻ സ്വയം അനുവദിക്കുക

ക്രമേണ വിഷാദരോഗത്തിനും അടിമയായി. ആത്മഹത്യാ ചിന്തകൾ നിരന്തരം ജീവിതത്തെ അലട്ടി. കൊക്കെയ്‌ൻ എന്ന മയക്കുമരുന്ന് ഇടപാടുമായി കണ്ടുമുട്ടിയ ഒരാളുടെ ക്ഷണപ്രകാരം കാനഡയിലെ ക്യൂബെക്കിലുള്ള വി. ബെനോയ്റ്റ്-ഡു-ലാക്കിന്റെ ആശ്രമത്തിൽ പോകേണ്ടി വന്നു. ആ സന്ദർശനം അവളുടെ ജീവിതത്തിൽ വഴിത്തിരിവായി.

ആ ആശ്രമത്തിൽ കൊക്കെയ്ൻ അടിമയും നിരീശ്വരവാദിയും ലൈംഗികതക്ക് അടിമയുമായ ബ്രിജിത്ത് മൂന്ന് ദിവസം ചിലവഴിച്ചു. ആ ദിവസങ്ങളിലെ അവളുടെ മാനസികാവസ്ഥ വളരെ ഗുരുതരമായിരുന്നു. ബ്രിജിത്തിന്റെ ആത്മീയ പിതാവായി മാറിയ ഒരു സന്യാസിയോട് മൂന്ന് ദിവസത്തേക്ക് അവൾ കോപത്തോടെ ആക്രോശിച്ചുകൊണ്ടിരുന്നു!

“എന്റെ ദേഷ്യം മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ മേൽ തീർത്തു. എന്നാൽ അദ്ദേഹം തെല്ലും പതറാതെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു. അദ്ദേഹം യേശുവിനെക്കുറിച്ച് സംസാരിച്ചില്ല, പക്ഷേ ആ സന്യാസി എനിക്ക് യേശുവിന്റെ സാന്നിധ്യമായിരുന്നു, യേശുതന്നെയായിരുന്നു. അദ്ദേഹം എന്നെ സ്നേഹത്തോടെ നോക്കി. എനിക്കുവേണ്ടി പ്രാർത്ഥിച്ചു. അദ്ദേഹം എന്റെ മേൽ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവ് എന്റെ മേൽ ഇറങ്ങി വന്നു. ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ട മകളാണെന്നും യേശു ജീവിച്ചിരിക്കുന്നുവെന്നും യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റുവെന്നും ഞാൻ മനസ്സിലാക്കി. അതൊരു വെളിപാടായിരുന്നു.” – ബ്രിജിത്ത് തന്റെ മാനസാന്തര അനുഭവം വെളിപ്പെടുത്തി.

അന്നുമുതൽ ബ്രിജിത്ത് ദൈവത്തെ തന്റെ ജീവിതത്തിന്റെ സർവ്വസ്വവുമാക്കുവാൻ തീരുമാനിച്ചു. രണ്ട് കുട്ടികളുടെ അമ്മയും അവിവാഹിതയുമായ അവൾ, റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. എല്ലാ ദിവസവും പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഒന്നര മണിക്കൂർ പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. പിന്നീട് ഹ്യൂഗസിനെ സോഷ്യൽ മീഡിയവഴി പരിചയപ്പെടുകയും 2006 സെപ്റ്റംബർ 30-ന് അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ബ്രിജിത്തിന് രണ്ടു കുട്ടികളും കൂടി ജനിച്ചു.

തന്നെത്തന്നെ സ്നേഹിക്കാൻ അനുവദിക്കുക

ക്രിസ്‌തുവിനാൽ സ്‌നേഹിക്കപ്പെടാൻ അനുവദിച്ചതിനു ശേഷം, അവൾ വിവാഹിതയായതിനാൽ അവരുടെ ദാമ്പത്യജീവിതം ഐക്യത്തിന്റെ ജീവിതമായിരുന്നു. ഇന്ന് ജോലി തിരക്കുകൾക്കിടയിലും തന്റെ മനസാന്തര കഥ സാക്ഷ്യപ്പെടുത്താനുള്ള ഒരു അവസരവും ബ്രിജിത്ത് പാഴാക്കാറില്ല. കോൺഫറൻസുകൾ നൽകാനായി രാജ്യത്തുടനീളം ഈ ദമ്പതികൾ യാത്ര ചെയ്തു. സഭയിലെ വിവിധ സേവനങ്ങളിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പം പങ്കാളിയായി. എന്നാൽ, പ്രതിസന്ധികൾ വീണ്ടും ജീവിതത്തിലേക്ക് കടന്നുവന്നു. അവളുടെ ഭർത്താവ് പോണോഗ്രാഫിക്ക് അടിമയായി. രണ്ട് വർഷം നീണ്ടുനിന്ന വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും മാനസികമായും ആത്മീയമായും ‘ചെമിൻ ന്യൂഫ്’ എന്ന സമൂഹം അവർക്ക് എല്ലാവിധ സപ്പോർട്ടും നൽകി.

“എല്ലാ ദിവസവും രാവിലെ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചത്. നമ്മുടെ മുൻഗണനകൾ അവലോകനം ചെയ്യുന്നതിനും ദൈവത്തെ പ്രധാനസ്ഥാനത്ത് നിർത്തുന്നതിനുമുള്ള ഒരു മാർഗമായിരുന്നു അത്. ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തിനാണ് പ്രാർത്ഥനയിലൂടെ മുൻഗണന ലഭിക്കുന്നത്. എന്നാൽ ഞങ്ങളുടെ മുൻകാല മുറിവുകൾ കണക്കിലെടുക്കുമ്പോൾ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തിൽ വലിയ തടസങ്ങൾ ഉണ്ടാക്കി. എന്നാൽ, പ്രാർത്ഥനയിലൂടെ, ദൈവത്തിന്റെ ശക്തിയിലൂടെ എല്ലാം സാധ്യമാകുകയായിരുന്നു.” – ബ്രിജിത്ത് പറയുന്നു.

ക്രമേണ, അവളുടെ ബുദ്ധിമുട്ടുകളും ഭയങ്ങളും നിരാശയും പ്രാർത്ഥനയിലൂടെ ദൈവത്തോട് പങ്കുവെച്ചു. തന്റെ ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവൾക്കറിയാമായിരുന്നു. ദൈവം അവരെ കുറ്റക്കാരായി ഒരിക്കലും കാണുകയില്ലെന്ന് അവൾ വിശ്വസിച്ചു. അതിനാൽ തന്നെ ഹ്യൂഗസ് പാപത്തിലേക്ക് വീണുപോയപ്പോൾ ക്ഷമിച്ചുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുവാൻ ബ്രിജിത്തിന് സാധിച്ചു.

പരസ്പരം മുറിവുകൾ സുഖപ്പെടുത്തുവാൻ പ്രാർത്ഥനയിൽ ആശ്രയിച്ചുകൊണ്ട് ഈ ദമ്പതികൾക്കായി. അങ്ങനെ, ക്ഷമയിലും വിശ്വാസത്തിലും സംവേദനക്ഷമതയിലും സൗമ്യതയിലും ആഴപ്പെടുവാൻ പ്രാർത്ഥന അവരെ സഹായിച്ചു. “ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന എല്ലാ തെറ്റായ ആശയങ്ങളിൽ നിന്നും അകറ്റി പരസ്പരം സ്നേഹിക്കാൻ ദൈവം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ പരാജയങ്ങൾ സ്നേഹം കെട്ടിപ്പടുക്കാൻ ഞങ്ങളെ സഹായിച്ചു, ദമ്പതികൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത് സത്യത്തിൽ ജീവിക്കാൻ ഞങ്ങളെ ‘നിർബന്ധിച്ചു’.” -ബ്രിജിത്ത് വെളിപ്പെടുത്തുന്നു.

ഇന്നും ഇവരുടെ കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. കുറവുകളെ ക്ഷമയുടെയും വിശ്വാസത്തോടെയും അതിജീവിച്ചുകൊണ്ട് പ്രാർത്ഥനയിൽ ആശ്രയിച്ചുകൊണ്ട് ഈ കുടുംബം മുന്നേറുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.