30 വർഷം ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മാനസികരോഗികൾക്കായി സേവനം ചെയ്യുന്ന വ്യക്തി

30 വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ പേര്‌, ഗ്രെഗോയർ അഹോങ്‌ബോണൺ. ഈ എഴുപതാം വയസിലും ഇങ്ങനെ അദ്ദേഹം യാത്ര ചെയ്യുന്നത് മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ സഹായിക്കുന്നതിനായാണ്. പുഞ്ചിരിയോടെയും ശാന്തമായ മുഖത്തോടെയും സഞ്ചരിക്കുന്ന ഗ്രെഗോയർ നിരവധിപ്പേർക്ക് സഹായമാണ്.

വെസ്റ്റ് ആഫ്രിക്കയിലെ ബെനിനിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ യാത്ര ദൈവരാജ്യം സംജാതമാക്കാനാണ്. ദൈവരാജ്യം എവിടെയും എപ്പോഴുമുണ്ട്. 1991-ൽ സ്ഥാപിതമായ സെന്റ്-കാമിലി-ഡി-ലെല്ലിസ് അസോസിയേഷനുമായി ചേർന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. മുപ്പതു വർഷങ്ങൾ കൊണ്ട് അദ്ദേഹം സഹായിച്ചത് 2,000-ത്തോളം ആളുകളെയാണ്. ബെനിൻ, ഐവറി കോസ്റ്റ്, ബുർക്കിന, ടോഗോ എന്നിവിടങ്ങളിൽ ഈ അസോസിയേഷന് കേന്ദ്രങ്ങളുണ്ട്. അങ്ങനെ രക്ഷപ്പെടുത്തിയവരിൽ ഒരാളാണ്, ഏഴ് വർഷം മാതാപിതാക്കൾ ചങ്ങലക്കിട്ട ജാൻവിയർ എന്ന ചെറുപ്പക്കാരൻ.

1994-ൽ, ഓശാന ഞായറാഴ്ചയുടെ തലേദിവസം അദ്ദേഹം കണ്ടെത്തിയ മറ്റൊരു യുവാവിന്റെ മുഖം അദ്ദേഹത്തിന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഗ്രെഗോയർ മാനസികരോഗികളെ പരിചരിക്കുന്നുണ്ടെന്നും അതിനാൽ തന്റെ സഹോദരനെ സഹായിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഒരു സ്ത്രീ അദ്ദേഹത്തെ അന്വേഷിച്ചു വന്നു. ആ സ്ത്രീയുടെ കൂടെ അവരുടെ വീട്ടിലെ മങ്ങിയ വെളിച്ചമുള്ള മുറിയിൽ പ്രവേശിച്ചപ്പോൾ, നനഞ്ഞ നിലത്ത് കൈകളിലും കാലുകളിലും ചങ്ങലയിട്ട ഒരാളെ കണ്ടെത്തി. അവന്റെ ശരീരത്തിലൂടെ പുഴുക്കൾ ഇഴയുന്നുണ്ടായിരുന്നു. അത് കണ്ട ഗ്രെഗോയർ ആ മനുഷ്യനെ ചങ്ങലയിൽ നിന്നും മോചിതനാക്കി. തുടർന്ന് ചികിത്സക്കായി ആശുപത്രിയിലാക്കി. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹം മരിച്ചു. ഇത്തരം നിരവധി സംഭവങ്ങൾ അദ്ദേഹത്തിന് പറയാനുണ്ട്.

സെന്റ്-കാമിലി-ഡി-ലെല്ലിസ് അസോസിയേഷന് ഇപ്പോൾ 21-ഓളം പുനരധിവാസ കേന്ദ്രങ്ങളുണ്ട്. കൂടാതെ, എല്ലാ മാസവും 20,000-ത്തിലധികം മാനസികരോഗികൾക്ക് സൗജന്യമായി മരുന്നും നൽകുന്നു. ഗ്രെഗോയറിന്റെ കഠിനാദ്ധ്വാനവും ആത്മത്യാഗവും ഒഴിച്ചുകൂടാനാവാത്ത ഊർജ്ജവുമാണ് അനേകരുടെ ജീവൻ രക്ഷിച്ചത്.

ആഫ്രിക്കയിലെ പല സമൂഹങ്ങളിലും ആളുകൾ വിശ്വസിക്കുന്ന മന്ത്രവാദത്തിനെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും അദ്ദേഹം പോരാടുന്നു. മാനസികരോഗികൾ പൊതുവെ ഒറ്റപ്പെട്ട്, ബന്ധിക്കപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നവരാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പല ആളുകളും അന്ധമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാൻ കാരണമാകുന്നു.

ഗ്രെഗോയർ ചെറുപ്രായത്തിൽ തന്നെ സ്കൂൾ പഠനം ഉപേക്ഷിച്ച് ഐവറി കോസ്റ്റിലേക്ക് പോയി. അവിടെ ഒരു ചെറിയ കമ്പനിയിൽ ടയർ റിപ്പയർ ആയി ജോലി ആരംഭിച്ചു. എന്നാൽ തന്റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ച ഒരു ഘട്ടത്തിൽ, 26 വയസ്സുള്ള ഗ്രിഗോയറിന് പെട്ടെന്ന് ഒരു തകർച്ച നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ എല്ലാ ക്യാബുകളും താൽക്കാലികമായി പിടിച്ചെടുത്തതായിരുന്നു കാരണം. കടബാധ്യതയിൽപെട്ട്, സുഹൃത്തുക്കളെ നഷ്ടപ്പെട്ട അയാൾ ജീവിതത്തിൽ വളരെയധികം ഒറ്റപ്പെട്ടു. അങ്ങനെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കെ, ക്രൈസ്തവ വിശ്വാസം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അന്നു മുതൽ ഗ്രെഗോയർ നിരാലംബരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി.

“കുറ്റകൃത്യങ്ങൾ ചെയ്ത എല്ലാവരെയും കാണാനും ജയിലിൽ പോകാനും ആദ്യം എളുപ്പമായിരുന്നില്ല. എന്നാൽ നിങ്ങൾ സുവിശേഷം ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കരുത്. തനിക്ക് എന്താണ് വേണ്ടതെന്ന് വെളിപ്പെടുത്തുന്ന ഒരാൾ നിങ്ങളുടെ ഉള്ളിലുണ്ട്. കാരാഗൃഹം എന്റെ ഗലീലിയായിത്തീർന്നു. ആളുകൾ കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന മനസികരോഗികളോടൊപ്പം ആയിരിക്കുന്നത് ആവശ്യമാണെന്ന് ഞാൻ മനസിലാക്കുന്നു” – ഗ്രെഗോയർ പറയുന്നു.

അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്കും പ്രവർത്തനത്തിനും മനഃശാസ്ത്രത്തിലെ മനുഷ്യാവകാശത്തിനുള്ള 2021-ലെ ജനീവ പുരസ്‌കാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അമിതമായി സന്തോഷിക്കുന്ന ആളല്ല ഗ്രെഗോയർ.

“എന്റെ ദൈനംദിന പ്രാർത്ഥന ഇതാണ്: ‘എനിക്ക് എങ്ങനെ ദൈവഹിതം ചെയ്യാൻ കഴിയും?’ ഞാൻ ആഗ്രഹിക്കുന്നത് ചെയ്യാതെ അങ്ങ് ആഗ്രഹിക്കുന്നത് ചെയ്യാൻ എന്നെ സഹായിക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ദൈവം നിങ്ങൾക്ക് നൽകുന്നതു മാത്രമേ നിങ്ങൾക്ക് നൽകാൻ കഴിയൂ. ദൈവം നിങ്ങൾക്ക് നൽകുമ്പോൾ, നിങ്ങൾ പിടിച്ചുനിൽക്കരുത്. നിങ്ങൾ എത്രത്തോളം കൊടുക്കുന്നുവോ അത്രയധികം അവൻ നിങ്ങൾക്ക് നൽകും. എന്നാൽ നിങ്ങൾ നിങ്ങൾക്കായി കരുതിയാൽ അവൻ ഒന്നും നൽകില്ല. അതിനാൽ നിങ്ങൾ എല്ലാം നൽകണം” – അദ്ദേഹം പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.