ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ അമ്മമുഖം

പൂർണ്ണഗർഭിണിയായ യുവതിയെയും വഹിച്ചുകൊണ്ട് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഓടുന്ന രക്ഷാപ്രവർത്തകർ. ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറിയ ഒരു ചിത്രമായിരുന്നു അത്. അടുത്ത ഒരു മിസൈൽ ഉടനെ പതിക്കുമോ എന്ന ഭീതിക്കിടയിലും തന്റെ ഗർഭസ്ഥശിശുവിന്റെ സുരക്ഷക്കായി കൈ കൊണ്ട് കരുതൽ തീർത്ത ഒരു അമ്മയുടെ ചിത്രം ലോകമനഃസാക്ഷിയെ വേദനിപ്പിച്ചത് കുറച്ചൊന്നുമല്ല. ഒടുവിൽ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു വെളിപ്പെടുത്തി ആ അമ്മയും ഒപ്പം അമ്മയുടെ സ്വപ്നമായ ഉദരത്തിലായിരുന്നു കൊണ്ട് അമ്മ മനസിനെ തരളിതമാക്കിയ ആ കുഞ്ഞും ഈ ലോകത്തോട് വിടവാങ്ങി.

ചിത്രത്തിൽ കാണുന്ന യുവതി ആരെന്നോ, എവിടെയെന്നോ അറിയാതെ ദുഃഖിച്ചിരുന്ന ലോകമനഃസാക്ഷിക്കു മുന്നിൽ ആ അമ്മയുടെ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുകയാണ്. യുദ്ധത്തിന്റെ ഇടയിലും തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത ആ അമ്മയാണ് ഐറിന കലിനീന. റഷ്യൻ ആക്രമണം ശക്തമാക്കിയ ഉക്രൈനിലെ മരിയുപോളിലെ ഗർഭിണികൾക്കായുള്ള ആശുപത്രിയിൽ സ്വന്തം കുഞ്ഞിന്റെ രൂപം മനസിൽ കണ്ട്, സ്വപ്‌നങ്ങൾ നെയ്തിരുന്ന ഒരു സാധാരണക്കാരിയായിരുന്നു ഐറിന. പെട്ടന്നാണ് ആ അമ്മയുടെ സ്വപ്നങ്ങൾ തകർത്ത വ്യോമാക്രമണം നടക്കുന്നത്. ഒന്ന് ഓടാൻ പോലുമാകാത്ത അവസ്ഥയിൽ തകർന്ന ആശുപത്രിയിൽ ആ അമ്മയും കുഞ്ഞും തളർന്നുവീണു. ഗുരുതരമായി പരിക്കേറ്റ ഐറിനയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആ അപകടത്തെ അതിജീവിക്കാൻ അവൾക്കു കഴിഞ്ഞില്ല; അവൾക്കു മാത്രമല്ല അവളുടെ കുഞ്ഞിനും.

തന്റെ ഭാര്യയും കുഞ്ഞും മരിച്ച ആഘാതത്തിൽ നിന്ന് ഐറിനയുടെ ഭർത്താവിന് കരകയറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. “ഐറിന ജീവിതത്തെ സ്നേഹിച്ചു. അവൾ സന്തോഷവതിയായിരുന്നു, അവൾ ഒരു യാത്രികയായിരുന്നു, അവൾ എനിക്ക് ഏറ്റവും മികച്ചവളായിരുന്നു” – ഇവാൻ തന്റെ ഭാര്യയെക്കുറിച്ച് കണ്ണുനീരോടെ പറയുന്നു.

മരിയുപോളിലെ ഒരു തുണിക്കടയുടെ മാനേജരായിരുന്നു ഐറിന. ഐറിന-ഇവാൻ ദമ്പതികൾ തങ്ങളുടെ ആദ്യകുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തുന്നത്. എങ്കിലും അവർ പ്രതീക്ഷ കൈവിട്ടില്ല. തങ്ങളുടെ ഉള്ളിലുള്ള സമാധാനത്തിനായുള്ള ആഗ്രഹം പോലെ തന്നെ ജനിക്കാനിരിക്കുന്ന ആൺകുഞ്ഞിനും അവർ പേര് കണ്ടെത്തിവച്ചിരുന്നു – ‘മിറോൺ.’ റഷ്യൻ ഭാഷയിലെ മിർ എന്ന വാക്കിൽ നിന്നും രൂപം കൊണ്ട ഈ പേരിന്റെ അർത്ഥം പോലും സമാധാനം എന്നായിരുന്നു. “ഞങ്ങൾ ശരിക്കും സന്തോഷവാന്മാരും ആഹ്ളാദഭരിതരുമായിരുന്നു. വളരെക്കാലമായി ഞങ്ങൾ ഈ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ഞങ്ങൾക്ക് അത് ലഭിച്ചു. പക്ഷേ…” വാക്കുകൾ പൂർത്തീകരിക്കാനാകാതെ ഇവാൻ വിതുമ്പി.

“വേദനയും നഷ്ടവും. അതെങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. ഞാൻ പൂർണ്ണമായും നശിച്ചു. എല്ലാത്തിലും ഞാൻ നിരാശനായിരുന്നു. ഐറിന മരിച്ചെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ കുഞ്ഞു ഈ ലോകത്തിലില്ലെന്ന്  എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” – ഏറെ കാത്തിരുന്ന കുഞ്ഞിനേയും തന്റെ പ്രിയപത്നിയെയും നഷ്ടപ്പെട്ട വേദനയിൽ ഇവാൻ ഉരുകുകയാണ്. അപ്പോഴും അയാൾക്കു ചുറ്റും യുദ്ധം കനക്കുകയായിരുന്നു. ഒപ്പം അകലങ്ങളിൽ നിന്നെങ്ങോ  ഇവാനെപ്പോലെയുള്ള അച്ഛന്മാരുടെയും ഭർത്താക്കന്മാരുടെയും നിലവിളികളും.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.