കലയിലൂടെ ദൈവത്തോടും മനുഷ്യരോടും സംസാരിക്കുന്ന സന്യാസി

ഒരു പൊതു അവധി ദിവസം. ഞങ്ങൾ ആശ്രമാംഗങ്ങൾ അടുത്തുള്ള ആശ്രമത്തിൽ ഒരു സൗഹൃദസന്ദർശനത്തിനായി പോയപ്പോഴാണ് വളരെ യാദൃശ്ചികമായി ജോയി ഇളംകുന്നപ്പുഴ അച്ചനെ ആദ്യമായി നേരിൽ കാണുന്നത്. സിഎംഐ സഭയിലെ വളരെ പ്രശസ്തനായ ഒരു ആർട്ടിസ്റ്റ് ആയതിനാൽ നോവിഷ്യെറ്റ് കാലം മുതലേ അച്ചനെകുറിച്ച് ഞാൻ കേട്ടിരുന്നു. ഗുജറാത്തിലെ രാജ്കോട്ട് രൂപതയിലെ വീച്ചിയായിലുള്ള സിഎംഐ സ്കൂളിൽ കുട്ടികൾക്കായുള്ള മ്യൂസിയവും അതിനാവശ്യമായ പ്രതിമകളും അതിനുള്ളിലെ മറ്റ് ആവശ്യവസ്തുക്കളും ഡിസൈൻ ചെയ്യാനും ചിലതൊക്കെ നിർമ്മിക്കാനുമായുമാണ്, കൊച്ചി സേക്രട്ട് ഹാർട്ട് പ്രവിശ്യാംഗമായ ജോയി അച്ചൻ ഇപ്പോൾ ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അച്ചനെക്കുറിച്ച് കേട്ടറിഞ്ഞതിലും അധികം കാര്യങ്ങൾ മനസിലാക്കാൻ ഈ സൗഹൃദസന്ദർശനം എന്നെ സഹായിച്ചു.

തേവരയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘കുടുംബദീപം’ മാസിക പോലുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചിത്രീകരണം നടത്തിക്കൊണ്ടാണ് ജോയി അച്ചൻ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യകാലങ്ങളിൽ ആലപ്പുഴയിലെ ‘പ്രകാശൻ പബ്ലിക്കേഷൻ’സിന്റെ പുസ്തകങ്ങൾക്ക് കവർ പേജ് വരച്ചുനൽകിയ കൂട്ടത്തിൽ പ്രസിദ്ധ സഭാചരിത്രകാരനായ പ്ലാസിഡ് പൊടിപാറ സിഎംഐ അച്ചന്റെ ‘കേരളസഭയുടെ വ്യക്തിത്വം’ എന്ന ഗ്രന്ഥത്തിന്റെ മുഖചിത്രവും ഉൾപ്പെടുന്നു. ധർമ്മാരാം പബ്ലിക്കേഷൻസിന്റ പുസ്തകങ്ങൾക്കും അച്ചൻ മുഖചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്. ജീവൻധാരാ ആശ്രമാചാര്യൻ ഫാ. തോമസ് കൊച്ചുമുട്ടം അച്ചന്റെ പുസ്തകങ്ങൾക്കും കവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട് ജോയി അച്ചൻ.

ആദ്യകാലങ്ങളിൽ സിബിസിഐ-യുടെ മുഖപത്രമായ ‘കാത്തലിക് ഇന്ത്യ’യുടെ കവറും അച്ചൻ ഡിസൈൻ ചെയ്തിരുന്നു. ഭാരതത്തിലുള്ള വത്തിക്കാൻ എംബസിയുടെ പ്രാർത്ഥനാമുറിയിലെ ചുവർചിത്രങ്ങൾ, സാഗർ കത്തീഡ്രൽ, ബിജ്നോർ കത്തീഡ്രൽ, ഇന്റീരിയർ, ഭോപ്പാൽ പൂർണോദയ പാരിഷ് ചർച്ച്, ഭോപ്പാലിൽ തന്നെയുള്ള ബെനഡിക്ടിൻ ആബിയിലെ ചാപ്പൽ, ഛാന്ദയിലെ നവീകരിച്ച കത്തീഡ്രൽ, സിഎംഐ സഭയുടെ മേജർ സെമിനാരിയായ ധർമ്മാരാമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ, ബംഗളൂരുവിലെ വിദ്യാവനം ആശ്രമത്തിന്റ ഡിസൈനിങ്, നോട്ടർ ഡാം സിസ്റ്റേഴ്സ്ന്റെ കോൺവന്റ് ചാപ്പലിലെ അൾത്താര ഇവയെല്ലാം അച്ചന്റെ കലാസൃഷ്ടികളിൽ ഉൾപ്പെടുന്നു. പിന്നീട് നിരവധി പള്ളികളും ചാപ്പലുകളും ചില പള്ളികളിലെ അൾത്താരകളും ഡിസൈൻ ചെയ്‌തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ലോഗോ ചിത്രീകരിച്ചും അച്ചൻ അദ്ദേഹത്തിന്റെ കലാജീവിതം തുടർന്നുപോന്നു.

വിശ്വാസികളുടെ ഹൃദയങ്ങളെ ദൈവാനുഭ കേന്ദ്രീന്ദ്രികൃതമാക്കാവാനാണ് ഓരോ കലാസൃഷ്ടികളിലൂടെയും അച്ചൻ പരിശ്രമിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തും അവിടുത്തെ സംസ്കാരവും പാരമ്പര്യവും കോർത്തിണക്കിക്കൊണ്ടുള്ള കലാസൃഷ്ടികളാണ് അച്ചൻ ചെയ്തിട്ടുള്ളത്. ഒപ്പം സമീപവാസികളുടെ സഹകരണവും ഈ കാര്യത്തിൽ അദ്ദേഹം ഉറപ്പാക്കിയിരുന്നു. അച്ചന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റവും ഹൃദയം നിറഞ്ഞ പുഞ്ചിരിയും അച്ചനെ ഒരിക്കൽ പരിചയപ്പെട്ടവരെ, അച്ചനോട് സഹകരിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നു.

വി. ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംസി സന്യാസിനീ സമൂഹത്തിന്റെയും ധന്യനായ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ സേക്രഡ് ഹാർട്ട് സന്യാസിനീ സമൂഹത്തിന്റെയും ലോഗോ ഡിസൈൻ ചെയ്തത് അച്ചനാണ് എന്നുള്ളത് കലാരംഗത്തെ അച്ചന്റെ നൈപുണ്യത്തിനു തെളിവാണ്.

സൺഡേ ശാലോം, കുടുംബദീപം, കർമ്മലകുസുമം തുടങ്ങിയ ആനുകാലിക മാസികകളിൽ വിശ്വാസം, കല തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത തൂലികാനാമങ്ങളിൽ ലേഖനങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള ജോയി അച്ചൻ, രാജ്‌കോട്ട് മുൻ രൂപതാദ്ധ്യക്ഷനായിരുന്ന ഗ്രിഗറി പിതാവ് രചിച്ച ‘Early Builders of Rajkot Diocese’ എന്ന ഗ്രന്ഥത്തിന്റെയും രാജ്‌കോട്ട് രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്ന ജോനാസ് തളിയത്ത് പിതാവിനെക്കുറിച്ച് ദൈവശാസ്ത്ര അധ്യാപകനായ ഫാ. പോളച്ചൻ കൊച്ചാപ്പള്ളി എഴുതിയ ലേഖനത്തിന്റെ നിരൂപണങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം കാർമ്മൽ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘Icons of Unseen’ ജോയി അച്ചന്റെ ആദ്യകാല കലാസൃഷ്ടികളുടെ ദൃശ്യങ്ങളും അവയുടെ താത്വികവും ദൈവശാത്രപരവുമായ മാനങ്ങളെ അർത്ഥസമ്പുഷ്ടമായി വിവരിക്കുന്നതുമായ ഗ്രന്ഥമാണ്. അച്ചനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എഴുതിയിരുന്ന ഒരു വാചകം എന്റെ ശ്രദ്ധയിൽപ്പെട്ടു. അത് ഇങ്ങനെയായിരുന്നു: “ഫാ. ജോയ് ഈ ഗ്രന്ഥരചനയിൽ ഒരു വിധത്തിലും സഹകരിച്ചിട്ടില്ല” എന്നായിരുന്നു അത്.

കലാകാരനല്ല, മറിച്ച് കലാകാരന്റെ കലാസൃഷ്ടിയും അത് വീഷിക്കുന്ന ആസ്വാദകരുമാണ് കലാകാരനെക്കുറിച്ച് സംസാരിക്കേണ്ടത് എന്നായിരുന്നു ഈ കാര്യത്തിൽ അച്ചന്റെ അഭിമതം. ചില ദിനപത്രങ്ങളിലെയും ആനുകാലികങ്ങളിലെയും മാധ്യമപ്രവർത്തകർ അച്ചനെ സമീപിച്ചപ്പോഴും ഇതു തന്നെയായിരുന്നു അനുഭവം. ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ അനേകയിടങ്ങളിൽ കലാസൃഷ്ടികൾ നടത്തിയിട്ടുണ്ടെങ്കിലും അവയിൽ ഒന്നിന്റെ പോലും വെഞ്ചരിപ്പുകളിലോ, ഉദ്ഘാടനങ്ങളിലോ അച്ചൻ സംബന്ധിച്ചിട്ടില്ല. കലാസൃഷ്ടിയിലൂടെ കലാകാരൻ സംസാരിക്കട്ടെ എന്നതായിരുന്നു അച്ചൻ സ്വീകരിച്ച നിലപാട്. ആനന്ദ് അമൽദാസ് എസ്.ജെ രചിച്ച ‘Christian themes in Indian Art’ എന്ന ഗ്രന്ഥത്തിലും അച്ചന്റെ ആർട്ട്‌ വർക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കലയിലൂടെ അച്ചൻ സംസാരിക്കുകയാണ് ദൈവത്തോടും മനുഷ്യരോടും. ആ സംസാരത്തിൽ ആത്മീയതയുടെ സാന്നിധ്യമുണ്ട്, സ്നേഹത്തിന്റെ മാധുര്യമുണ്ട്. അദ്ദേഹം ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. കലാ-സാംസ്‌കാരിക രംഗങ്ങളിൽ നൽകിയ മൂല്യമേറിയ സംഭാവനകളെ പരിഗണിച്ച് സിഎംഐ സഭ 2018-ൽ ദൃശ്യകലാ അവാർഡ് നൽകി ജോയി അച്ചനെ ആദരിച്ചിരുന്നു.

ഫാ. ജിതിൻ പറശ്ശേരിൽ സിഎംഐ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.