വീഡിയോ ഗെയിമിലൂടെ സുവിശേഷം പങ്കുവയ്ക്കുന്ന പത്തു വയസുകാരൻ

ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് വീഡിയോ ഗെയിം. പല കുട്ടികളുടെയും ഇഷ്ടവിനോദങ്ങളിൽ ഒന്നാണിത്. പലപ്പോഴും ഗുണത്തിനൊപ്പം ദോഷവും ഇത്തരം ഗെയിമുകൾക്കു പിന്നിലുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് ചിന്തിക്കാതെ തനിക്കു ലഭിച്ച അവസരത്തെ സുവിശേഷവത്ക്കരണത്തിനുള്ള അവസരമാക്കി മാറ്റുകയാണ് റാഫേൽ ഗാബോറിൻ ഫാരിയ എന്ന ബ്രസീലിയൻ ആൺകുട്ടി. മൈൻക്രാഫ്റ്റിലൂടെ തന്റെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചെറുതലമുറയെ അടുപ്പിക്കുന്ന റാഫേലിന് വയസ് വെറും പത്ത്. അറിയാം, റാഫേലിന്റെ സുവിശേഷപ്രവർത്തനത്തെ…

വളരെ ചെറുപ്പം മുതലേ ക്രൈസ്തവ വിശ്വാസത്തോട് ആഴത്തിൽ ചേർന്നുനിൽക്കുന്ന വിധത്തിലാണ് മാതാപിതാക്കൾ റാഫേലിനെ വളർത്തിയത്. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്താനും ലോകത്തിലെ എല്ലാ പള്ളികളും സന്ദർശിക്കാനുമൊക്കെയുള്ള ആഗ്രഹം അവന്റെ ഉള്ളിലുണ്ടായിരുന്നു. പരിശുദ്ധ അമ്മയോട് വലിയ ഭക്തി ഉണ്ടായിരുന്ന റാഫേൽ, വീട്ടിൽ പരിശുദ്ധ അമ്മയുടെ കിരീടധാരണമൊക്കെ കളികൾക്കിടയിൽ നടത്തിയിരുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ തന്റെ പ്രിയപ്പെട്ട വീഡിയോ ഗെയിമായ മൈൻക്രാഫ്റ്റ് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ ഗെയിമിലേക്ക് തനിക്ക് ഇഷ്ടപ്പെട്ട വിശുദ്ധരെയും മാതാവിനെയും ഒക്കെ കൊണ്ടുവന്നാലോ എന്ന ചിന്ത അവനിലേക്ക്‌ വരുന്നത്. അങ്ങനെ റാഫേൽ തനിക്ക് പരിചയമുള്ള സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഇടവക, വെർച്വലി നിർമ്മിക്കാൻ ആരംഭിച്ചു. ഏതാണ്ട് രണ്ടു മാസത്തോളം സമയമെടുത്തു അതിന്റെ പണികൾ പൂർത്തിയാക്കാൻ. പൂർത്തിയായപ്പോൾ ആ ദൈവാലയത്തിന്റെ വിഷ്വൽ വളരെ അതിശയിപ്പിക്കുന്നതായിരുന്നു. യഥാർത്ഥത്തിൽ ആ ദേവാലയം എങ്ങനെ കാണുന്നുവോ അതുപോലെ തന്നെയിരുന്നു റാഫേൽ ഉണ്ടാക്കിയ വെർച്വൽ ദേവാലയവും.

തുടക്കം ശരിയായതോടെ റാഫേലിന് കൂടുതൽ വിഷ്വൽസ് ഉണ്ടാക്കാനുള്ള ആഗ്രഹമുണ്ടായി. അങ്ങനെ ഔവർ ലേഡി ഓഫ് അപ്പരെസിദയുടെ ദേശീയ ദേവാലയത്തിന്റെ ഒരു പകർപ്പും അവൻ നിർമ്മിച്ചു. ബലിപീഠം, മുൻഭാഗങ്ങൾ, തൂക്കിയിട്ട കുരിശ്, ബ്രസീലിലെ രക്ഷാധികാരിയുടെ കപ്പേള തുടങ്ങിയവയെല്ലാം യാഥാർത്ഥ്യത്തെ വെല്ലുന്ന രീതിയിൽ തന്നെ റാഫേൽ തയ്യാറാക്കി.

“ഞങ്ങൾ അനുവദിച്ചതിലും കൂടുതൽ സമയം വീഡിയോ ഗെയിമിൽ ചെലവഴിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു. പക്ഷേ, മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾ എപ്പോഴും അവനോടൊപ്പം ഉണ്ടായിരുന്നു. അവൻ ഒരു നല്ല കാര്യം ചെയ്യുന്നുണ്ടെന്ന് അറിയാമായിരുന്നു” – റാഫേലിന്റെ അമ്മ പെർല ഗബോറിൻ ഫാരിയ പറയുന്നു.

മൈൻക്രാഫ്റ്റിലൂടെയുള്ള സുവിശേഷവത്ക്കരണം

ആദ്യം നിർമ്മിച്ച രംഗങ്ങളൊക്കെയും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു എങ്കിലും ആ രംഗങ്ങളുടെ പശ്ചാത്തലത്തിൽ വിശുദ്ധ ഗ്രന്ഥഭാഗങ്ങളുടെ ഓഡിയോയും പാട്ടുകളും മറ്റും റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ അൽപം ബുദ്ധിമുട്ടിയെങ്കിലും ആ വർക്കുകളൊക്കെ യഥാർത്ഥത്തിൽ ദേവാലയത്തിൽ ആയിരിക്കുമ്പോഴുള്ള സമയത്തെപ്പോലെ ആളുകളെ തോന്നിപ്പിച്ചു. അതോടെ ധാരാളം ആളുകൾ റഫേലിനെ തേടിയെത്തി.

ദിവസേനയുള്ള സുവിശേഷത്തോടു കൂടിയ വീഡിയോകളിലൊന്ന് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വീണ്ടും പോസ്റ്റ് ചെയ്തതിനു ശേഷം, റാഫേലിന്റെ ചാനൽ ഒറ്റ ദിവസം കൊണ്ട് 66 വരിക്കാരിൽ നിന്ന് 10,000 വരിക്കാരായി. ഇത് ആ പത്തു വയസുകാരത്തെ ആവേശം കൊള്ളിച്ചു. “എന്റെ സെൽഫോണിൽ എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. അവൻ തന്റെ ചാനലിൽ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ കരുതി. റാഫേലിന്റെ ചാനലിൽ ആളുകൾ അഭിപ്രായമിടുന്നുണ്ടെന്ന് ഒരു സുഹൃത്ത് ഞങ്ങളെ അറിയിച്ചപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്. ധാരാളം കാഴ്ചകളും പുതിയ വരിക്കാരും എല്ലായ്‌പ്പോഴും വരുന്നു” – അവന്റെ അമ്മ പറയുന്നു.

ഇന്ന്, വീഡിയോ ഗെയിമിൽ നിർമ്മിച്ച മതപരമായ ഉള്ളടക്കം പ്രതിദിനം പിന്തുടരുന്ന 68,000 സബ്‌സ്‌ക്രൈബർമാരുണ്ട് റാഫേലിന്റെ ചാനലിന്. ഈ വീഡിയോകളിലൊന്ന് 1,03,000-ത്തിലധികം ആളുകളിലേക്ക് ദൈവവചനം എത്തിച്ചു.വീഡിയോകൾ ഇന്റർനെറ്റിലും റാഫേലിന്റെ സുഹൃത്തുക്കൾക്കിടയിലും വിജയകരമാണ്. റാഫേലിന്റെ സഹപാഠികളിലൊരാളായ മിഗ്വേൽ തന്റെ സുഹൃത്തിനെക്കുറിച്ച് വളരെ അഭിമാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.