ദൈവത്തിന്റെ വഴിയേ സഞ്ചരിച്ച ഡോ. ജോയി ഫ്രാൻസിസ് – അനുസ്മരണം

ഡോ. ഡോമിനിക്ക് വെച്ചൂര്‍

അനേകം രോഗികളുടെ ശരീരത്തിനും മനസിനും സൗഖ്യം നൽകിയ ഡോ. ജോയി ഫ്രാന്‍സിസ് നമ്മിൽനിന്നും വേർപിരിഞ്ഞിരിക്കുന്നു. വൈദ്യശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആളാണ്. കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാര്‍ഡ് ജേതാവായ കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. ഡോക്ടറും  എഴുത്തുകാരനും സഞ്ചാരിയും മനുഷ്യസ്നേഹിയുമായ ആ മഹത്ജീവിതത്തെക്കുറിച്ചു ഡോ. ഡൊമനിക് വെച്ചൂർ എഴുതുന്നു.

ലൈഫ് ഡേ – യുടെ സ്ഥിരം എഴുത്തുകാരനായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികൾ. തുടർന്നു വായിക്കുക. 

പാലാ കാര്‍മ്മല്‍ മെഡിക്കല്‍ സെന്ററിലെ ചീഫ് ഫിസിഷ്യനായിരുന്ന ബഹു. ഡോ. ജോയി ഫ്രാന്‍സിസ് സാര്‍ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ദൈവപിതാവ് അദ്ദേഹത്തെ തിരികെ വിളിച്ചത്. അദ്ദേഹത്തിന്റെ ആകസ്മിക മരണം നമുക്കേവര്‍ക്കും, പ്രത്യേകിച്ച് കുടുംബാംഗങ്ങള്‍ക്കും അടുത്ത സഹപ്രവര്‍ത്തകര്‍ക്കും നല്കിയ വേദനയുടെ നൊമ്പരത്തില്‍ നിന്ന് നാം പുറത്തു വരുന്നതേയുള്ളൂ.

ഡോ. ജോയി ഫ്രാന്‍സിസിന്റെ വേര്‍പാട് വരുത്തിയ വിടവ് വലുതാണ്; അപരിഹാര്യമാണ്. കുടുംബത്തിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും അദ്ദേഹം നല്കിയ നന്മകളും സംഭാവനകളും അത്രമേല്‍ മഹത്തരമാണ്. ആകസ്മകമെങ്കിലും നന്നായി ഒരുങ്ങിയാണ് ബഹു. ജോയി സാര്‍ നിത്യതയിലേക്ക് യാത്രയായത്. ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, ജീവിതയാത്രയുടെ, ജീവിതസാഗരത്തന്റെ മറുകര മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. മനുഷ്യരോടും ദൈവത്തോടും തിരുസഭയോടും ചേര്‍ന്ന് അദ്ദേഹം സഹയാത്ര ചെയ്തു. കാരുണ്യവാനായ ദൈവം ബഹു. ഡോ. ജോയി ഫ്രാന്‍സിസ് സാറിന്റെ ആത്മാവിന് നിത്യശാന്തി നല്കട്ടെ. അദ്ദേഹത്തിന്റെ പാവനസ്മരണക്കു മുമ്പില്‍ നന്ദിയോടെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

അല്പം ജീവചരിത്രം

1946 ജനുവരി മൂന്നാം തീയതിയാണ് അങ്കമാലി അടുത്തുള്ള നോര്‍ത്ത് കുത്തിയതോട് എന്ന ഗ്രാമത്തില്‍ വിതയത്തില്‍ അഡ്വ. വി.പി. ഫ്രാന്‍സിസ് – ഏലിക്കുട്ടി ഫ്രാന്‍സിസ് ദമ്പതികളുടെ അഞ്ചാമത്തെ മകനായി ഡോ. ജോയി ഫ്രാന്‍സിസ് ജനിച്ചത്. നല്ല പൗരാണികതയും പൈതൃകവും കത്തോലിക്കാ പശ്ചാത്തലവുമുള്ള കുടുംബമായിരുന്നു വിതയത്തില്‍ കുടുംബം. ഉന്നതമായ അടിസ്ഥാന വിദ്യാഭ്യാസം അദ്ദേഹത്തിന് നല്കുവാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനും ഡിഗ്രി പഠനത്തിനും ശേഷം 1969- ൽ കാലിക്കട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. പഠനം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കല്‍ക്കത്താ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷം കോഴിക്കോട് ചേവായൂര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിള്‍ ജോലി ചെയ്തു. ഇതിനിടയില്‍ 1978- ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡി. ബിരുദവും നേടി.

1983- ല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് മാറിയ ശേഷം പാലാ ചെറുപുഷ്പം ആശുപത്രിയിലും കാര്‍മ്മല്‍ മെഡിക്കല്‍ സെന്ററിലുമായി ശുശ്രൂഷ ചെയ്തു. കാര്‍മ്മല്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തുവരവേയാണ് അദ്ദേഹം പെട്ടെന്ന് രോഗഗ്രസ്തനായതും ദൈവപിതാവിന്റെ മടക്കവിളിക്ക് സമാധാനത്തോടെ പ്രത്യുത്തരം നല്കിയതും.

ബഹു. ഡോ. ജോയി ഫ്രാന്‍സിസ് സാര്‍ നല്കിയ ഉദാരമായ, നിസ്വാര്‍ത്ഥമായ എല്ലാ സേവനങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും ദൈവനാമത്തില്‍ നന്ദി. അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ക്ക് ദൈവം ഉചിതമായ പ്രതിഫലം നല്കട്ടെ.

മരിക്കാത്ത ഒത്തിരി ഓര്‍മ്മകള്‍

സാധാരണ പറയുന്ന ഒരു കാര്യമാണ്, ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നത്. മരിക്കാത്ത ഒത്തിരി ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടാണ് ജോയി ഫ്രാന്‍സിസ് സാര്‍ കടന്നുപോയിരിക്കുന്നത്. ജോയി സാര്‍ ഒരേ സമയം നലംതികഞ്ഞ ഒരു മനുഷ്യസ്‌നേഹിയും ദൈവവിശ്വാസിയും സഭാസ്‌നേഹിയുമായിരുന്നു. ഭിഷഗ്വരന്‍ എന്ന നിലയില്‍ പ്രായഭേദമെന്യേ, വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ, ധനിക-ദരിദ്ര വിവേചനമില്ലാതെ എല്ലാവര്‍ക്കും ഡോ. ജോയി ഫ്രാന്‍സിസ് സംലഭ്യനായിരുന്നു. ദൈവപിതാവിന്റെ കരുതുന്ന സ്‌നേഹം അദ്ദേഹം എല്ലാവര്‍ക്കും ആവോളം പകര്‍ന്നു നല്കി.

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് ഡോക്ടറിനെ അനുസ്മരിച്ചു നടത്തിയ ചരമപ്രസംഗത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, വൈദ്യശുശ്രൂഷ ആസ്വദിച്ച് ആഘോഷമാക്കി മാറ്റിയ വ്യക്തിത്വമാണ് ഡോ. ജോയി ഫ്രാന്‍സിസ്. തന്റെ ശുശ്രൂഷയിലൂടെ അനേകരുടെ ശരീരത്തിനു മാത്രമല്ല, മനസിനും ആത്മാവിനും സൗഖ്യം പ്രദാനം ചെയ്ത ആളാണ് ഡോ. ജോയി.

വൈദ്യശുശ്രൂഷക്കൊപ്പം നല്ല ഉറച്ച ഒരു ദൈവവിശ്വാസി കൂടിയായിരുന്നു ഡോക്ടര്‍. കാര്‍മ്മല്‍ ഹോസ്പിറ്റല്‍ ചാപ്പലിലെ പ്രഭാതബലിയോടു കൂടിയാണ് അദ്ദേഹം തന്റെ ജോലി ആരംഭിച്ചിരുന്നത്. ആഴമായ ദൈവവിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ക്രൈസ്തവ ഡോക്ടര്‍ എന്ന നിലയില്‍ ശാസ്ത്രവും മതവും, യുക്തിയും വിശ്വാസവും, ബുദ്ധിയും ഹൃദയവും, വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും അദ്ദേഹം നന്നായി സംയോജിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം തന്റെ ഭാരിച്ച മെഡിക്കല്‍ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സമയം കണ്ടെത്തി ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും (M.A. R.Sc.) ഡോക്ടറല്‍ ബിരുദവും (D.R.Sc.) സമ്പാദിക്കാന്‍ സമയം കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവും ധിഷണാവിലാസവും വായനയുടെ പരപ്പും എല്ലാം അടുത്തറിയാന്‍ എനിക്കും വ്യക്തിപരമായി കഴിഞ്ഞിട്ടുണ്ട്. ഒപ്പം നല്ല സഭാസ്‌നേഹിയുമായിരുന്നു ഡോ. ജോയി. വിശ്വാസവും ധാര്‍മ്മികതയും സംബന്ധിച്ച് പരിശുദ്ധ സഭ പഠിപ്പിക്കുന്ന എല്ലാ പ്രബോധനങ്ങളും അദ്ദേഹം നന്നായി മനസിലാക്കി അവയോട് നൂറു ശതമാനവും വിശ്വസ്തത പുലര്‍ത്തുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ക്ലാസ്സുകളും ലേഖനങ്ങളും പ്രബന്ധപരമ്പരകളുമെല്ലാം. ഒരിക്കലും പരിധികള്‍ ലംഘിച്ചുപോയിട്ടില്ല (ne plus ultra). “പരിധിക്കപ്പുറത്തേക്ക് പോകരുത്” എന്ന ജിബ്രാള്‍ട്ടര്‍ ജലസന്ധിയിലെ ശിലാശാസനം നല്കുന്ന മുന്നറിയിപ്പ് അദ്ദേഹം തന്റെ വൈദ്യശാസ്ത്ര ഉത്തരവാദിത്വങ്ങളിലും ദൈവശാസ്ത്ര പഠനങ്ങളിലും അഭംഗുരം നിലനിര്‍ത്തിയിരുന്നു.

വായനയും എഴുത്തും സ്‌നേഹിച്ച മനുഷ്യന്‍

നല്ല ഒരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ്. അതിരാവിലെ എഴുന്നേറ്റ് പ്രഭാതപ്രാര്‍ത്ഥനക്കും വചനവായനക്കും ശേഷമാണ് പുസ്തകവായനയും ലേഖനരചനയും നിര്‍വ്വഹിച്ചിരുന്നത്. കൂടാതെ, ഒഴിവുവേളകളിലും യാത്രകള്‍ക്കിടയിലും അദ്ദേഹം ധാരാളമായി വായിച്ചിരുന്നു. നോവലുകളും കഥകളും ക്ലാസിക്കുകളും ഹാസ്യങ്ങളും അദ്ദേഹം വായിച്ചിരുന്നു. മഹത്തായ ദൈവശാസ്ത്രഗ്രന്ഥങ്ങളും സഭാപ്രബോധനങ്ങളും അദ്ദേഹത്തിന് നന്നായി വഴങ്ങുമായിരുന്നു. വായനയില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ ശകലങ്ങള്‍ തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വായനക്കാരില്‍ എത്തിക്കുമായിരുന്നു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹം തന്റെ
അറിവുകള്‍ പങ്കുവച്ചു നല്കി.

സഞ്ചാരിയായിരുന്ന ഡോ. ജോയി ഫ്രാന്‍സിസ്

സഞ്ചാരം ഡോ. ജോയി ഫ്രാന്‍സിസിന് എന്നും ഒരു ഹരമായിരുന്നു. വലിയ ഒരു യാത്രാപ്രേമിയായിരുന്നു ഡോക്ടര്‍. എല്ലാ ഭൂഖണ്ഡങ്ങളും തന്നെ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും സിംഗപ്പൂരും തായ്‌ലാന്റും എല്ലാം അദ്ദേഹത്തിന്റെ യാത്രാസ്ഥലങ്ങളായിരുന്നു.
ഭാരതത്തിലുടനീളവും ഹിമാലയസാനുക്കളിലും ഉത്തേരന്ത്യന്‍ മിഷന്‍ സ്ഥലങ്ങളുമെല്ലാം അദ്ദേഹം നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയും പുത്തനനുഭവങ്ങളും പുത്തനറിവുകളും പുത്തനുണര്‍വ്വും അദ്ദേഹത്തിനു സമ്മാനിച്ചു. ഒടുവില്‍ തുര്‍ക്കിക്ക് യാത്ര പോകാനിരിക്കുമ്പോഴാണ് അദ്ദേഹം പെട്ടെന്ന് രോഗഗ്രസ്തനായതും തുടര്‍ന്ന് ഒരിക്കലും മടങ്ങിവരാത്ത അന്ത്യയാത്രക്കായി പുറപ്പെട്ടതും.

കലയെയും മണ്ണിനെയും പ്രണയിച്ച മനുഷ്യന്‍

ഒരു വലിയ കലാകാരന്‍ കൂടിയായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ്. അനേകം കൊത്തുരൂപങ്ങളും രേഖാചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കേരള ലളിതാകലാ അക്കാഡമിയുടെ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. പ്രസിദ്ധ ശില്പകലാകാരനായ ശ്രീ. കാനായി കുഞ്ഞിരാമന്റെ ശിഷ്യഗണത്തിലെ ഒരാളായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ് എന്ന കാര്യവും സ്മര്‍ത്തവ്യമാണ്. ഒരു നല്ല കര്‍ഷകനും കൂടിയായിരുന്ന അദ്ദേഹം കൃഷിയെ ഒത്തിരി സ്‌നേഹിച്ചിരുന്നു. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും അദ്ദേഹം സ്വന്തം കൃഷിയിടങ്ങളില്‍ അദ്ധ്വാനിക്കുമായിരുന്നു.

എല്ലാറ്റിനുമുപരി ഒരു നല്ല അപ്പന്‍

മേല്‍പ്പറഞ്ഞ എല്ലാ നന്മകള്‍ക്കുമപ്പുറം ഡോ. ജോയി ഫ്രാന്‍സിസ് നല്ല ഒരു അപ്പനായിരുന്നു; വത്സലപിതാവായിരുന്നു. തനിക്ക് ദൈവം തന്ന സമ്മാനവും ജീവിതപങ്കാളിയുമായ ഭാര്യ ത്രേസ്യമ്മ ചേച്ചിയോടൊപ്പമുള്ള വിശ്വസ്തവും വിശുദ്ധവുമായ ദാമ്പത്യബന്ധത്തില്‍ ദൈവം തങ്ങള്‍ക്ക് നല്കിയ രണ്ടു മക്കളെയും നിധി പോലെ അദ്ദേഹം എന്നു കാത്തുസൂക്ഷിച്ചിരുന്നു; ഒപ്പം തന്റെയും ഭാര്യയുടെയും സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു. കുടുംബമാണ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും സഭയുടെയും അടിത്തറയെന്നത് അദ്ദേഹത്തിന്റെ ഒരു അടിസ്ഥാനബോധ്യമായിരുന്നു.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഒരുപാട് നന്മകളുടെ കേദാരമായിരുന്ന ഒരു ഉത്തമ മനുഷ്യനെയാണ്, വിശ്വസ്തനായ ഒരു സുഹൃത്തിനെയാണ്, നലംതികഞ്ഞ ഒരു ദൈവമകനെയാണ്, തിരുസഭയുടെ വിശ്വസ്തനായ ഒരു പുത്രനെയാണ് ഡോ. ജോയി ഫ്രാന്‍സിസിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. മാനുഷികമായ ഈ നഷ്ടം ദൈവം തന്റെ നിഗൂഢമായ ദൈവികപദ്ധതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു മനുഷ്യസമൂഹത്തിനും തിരുസഭയുടെ കൂട്ടായ്മക്കും അനുഗ്രഹമാക്കി മാറ്റട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഡോ. ജോയി ഫ്രാന്‍സിസിന്റെ ആത്മാവിന് ദൈവം നിത്യാശ്വാസം നല്കട്ടെ.

റവ. ഡോ. ഡോമിനിക് വെച്ചൂര്‍, അപ്പസ്‌തോലിക് സെമിനാരി, വടവാതൂര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.