മാർ ജോസഫ് പൗവ്വത്തിൽ, ഭാരത ക്രൈസ്തവ സഭയിലെ ഒരു യുഗപുരുഷൻ

അന്താരാഷ്ട്ര എക്ക്യൂമെനിക്കൽ വേദികളിൽ പിതാവിനോടൊപ്പം ആയിരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം തിരുമേനിയുടെ അഭിപ്രായങ്ങൾ പല ചർച്ചകളിലും അവസാന വാക്കായിരുന്നു എന്നതാണ്.  ആട്ടിൻകുട്ടിയുടെ ശാന്തതയും സിംഹത്തിന്റെ ഗാഭീര്യതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്!  ചിലരെ നാം യുഗപുരുഷന്മാർ എന്ന് വിളിക്കാറുണ്ട്. ഭാരത ക്രൈസ്തവ സഭയിലെ ഒരു യുഗപുരുഷനായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത എഴുതുന്നു.

എക്യുമെനിസത്തിന്റെ വക്താവും നീതിയുടെയും അവകാശങ്ങളുടെയും ക്രൈസ്തവ ശബ്ദവുമായിരുന്നു മാർ ജോസഫ് പൗവ്വത്തിലെന്ന് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഓഫീസ് പ്രസിഡന്റായ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത, മാർ ജോസഫ് പൗവ്വത്തിലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു.

പുണ്യശ്ലോകനായ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ വേർപാട് കത്തോലിക്ക സഭയ്ക്ക് മാത്രമല്ല ഭാരത ക്രൈസ്തവ സഭകൾക്ക് മുഴുവനും തീരാ നഷ്ടമാണെന്ന് പറയുമ്പോൾ അത് ഭംഗി വാക്കല്ല. അധികാരത്തേക്കാൾ ആശയങ്ങൾക്ക് മുൻതൂക്കം നൽകി, നിലപാടുകളിൽ വിശ്വസ്തതയും വ്യക്തതയും പുലർത്തിയിരുന്ന അദ്ദേഹത്തിൻറെ ചില നിലപാടുകളോട് വിയോജിപ്പുണ്ടായിരുന്നവർക്ക് പോലും ആദരവും ആരാധനയും തോന്നിപ്പോകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു പവ്വത്തിൽ പിതാവ് എന്ന ആത്മീയ തേജസ്. ഒന്നര പതിറ്റാണ്ടുകാലത്തെ അദ്ദേഹവുമായുള്ള അടുത്ത ബന്ധത്തിൽ നിന്നും ഞാനറിഞ്ഞ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങൾക്കുള്ള കമ്മീഷൻറെ സഹാധ്യക്ഷനായി അദ്ദേഹത്തോടൊപ്പം ഒരു പതിറ്റാണ്ടോളം ആയിരിക്കുവാൻ സാധിച്ച നിമിഷങ്ങൾ ഓർക്കുന്നു. പ്രായത്തിലും പാണ്ഡിത്യത്തിലും അനുഭവജ്ഞാനത്തിലും എന്നെക്കാൾ അനേകമടങ്ങ് ശ്രേഷ്ഠനായിരുന്ന അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ ഒരു ജേഷ്ഠ സഹോദരനെപ്പോലെ സ്നേഹമസ്രണമായ പെരുമാറ്റവും, പാണ്ഡിത്യത്തിന്റെ ഗർവില്ലാതെ എളിമയോടുള്ള സമീപനവും എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ഒന്നാണ്. ദൈവശാസ്ത്ര സംവാദങ്ങൾക്കിടയിൽ സങ്കീർണ്ണതയും, പൊതു തീരുമാനങ്ങൾ എടുക്കുവാൻ പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് പവ്വത്തിൽ തിരുമേനി എന്ന ആത്മീയ പിതാവിൻറെ ആത്മാർത്ഥതയും ഹൃദയവിശാലതയും ഇതര സഭകളോടും വിശ്വാസത്തോടുമുള്ള ബഹുമാനവും വിശാല കാഴ്ചപ്പാടും, ഐക്യത്തിനു വേണ്ടിയുള്ള അഭിവാഞ്ചയും പ്രകടമായി കണ്ടുകൊണ്ടിരുന്നത്. കത്തോലിക്കാ സഭയും യാക്കോബായ സഭയും തമ്മിൽ 1994 മുതൽ ഉണ്ടാക്കിയിട്ടുള്ള വിവാഹ ഉടമ്പടി ഉൾപ്പെടെയുള്ള അനേക ഉടമ്പടികൾ ഇന്ന് ഇരു സഭകളെയും തമ്മിൽ എത്രമാത്രം ഐക്യത്തിലേക്കും സഹകരണത്തിലേക്കും നയിച്ചു എന്ന് നമുക്കറിയാം. ഇക്കാര്യത്തിൽ പവ്വത്തിൽ പിതാവിൻറെ നേതൃത്വവും സംഭാവനകളും നിസ്തുലമാണ്. പ്രൊ-ഓറിയന്റെ തുടങ്ങിയിട്ടുള്ള അന്താരാഷ്ട്ര എക്ക്യൂമെനിക്കൽ വേദികളിൽ പിതാവിനോടൊപ്പം ആയിരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം തിരുമേനിയുടെ അഭിപ്രായങ്ങൾ പല ചർച്ചകളിലും അവസാന വാക്കായിരുന്നു. ഇതര ക്രൈസ്തവസഭകൾ അത്രമാത്രം അദ്ദേഹത്തെയും അദ്ദേഹത്തിൻറെ അറിവിനെയും ആദരിച്ചിരുന്നു.

ഒരിക്കലും എനിക്ക് മറക്കാനാകാത്ത മറ്റൊരു പ്രധാനപ്പെട്ട കാര്യം യാക്കോബായ സഭയുടെ പ്രതിസന്ധിയുടെ ഈ നാളുകളിൽ എപ്പോൾ കണ്ടാലും പിതാവ് ചോദിക്കും, പിതാവിന് സുഖമാണോ? ബാവ തിരുമേനി സുഖമായിരിക്കുന്നുവല്ലോ? സഭാ പ്രശ്നപരിഹാരത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടോ? എന്നിട്ട് എൻറെ കയ്യിൽ പിടിച്ച് പറയും. ഞാനും പ്രാർത്ഥിക്കുന്നുണ്ട്, പരിഹാരം ഉണ്ടാകും. പിതാവ് ഭാരപ്പെടേണ്ട. ഹൃദയത്തിൽ നിന്നും ഹൃദയത്തോടുള്ളതായ വാക്കുകളാണ് അത് എന്ന് ആ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നും എനിക്ക് കാണാമായിരുന്നു.

ഇൻറർ-ചർച്ച് എജ്യുക്കേഷൻ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹം ഇരിക്കുമ്പോൾ പല സന്ദർഭങ്ങളിലും ആ മീറ്റിങ്ങുകളിൽ ഞാൻ സംബന്ധിച്ചിട്ടുണ്ട്. പിതാവിൻറെ ആശയങ്ങളിലെ വ്യക്തതയും, നിലപാടുകളിലെ ദൃഢതയും, തൻറെ ജനത്തിന് നീതിക്കും അവകാശത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും , അദ്ദേഹത്തിന് വ്യക്തിപരമായി പല നഷ്ടങ്ങളും ഉണ്ടാക്കിയെങ്കിലും അതിൻറെ നല്ല ഫലങ്ങൾ ഇന്ന് കേരള ക്രൈസ്തവ സഭകൾ മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭാരത ക്രൈസ്തവ സഭയുടെ നീതിയുടെയും അവകാശങ്ങളുടെയും പ്രവാചക ശബ്ദമായിരുന്നു പവ്വത്തിൽ പിതാവ്.

“നല്ല ഇടയൻ ആടുകൾക്കുവേണ്ടി തൻറെ ജീവനെ കൊടുക്കുന്നു” എന്ന ക്രിസ്തു വചനം പവ്വത്തിൽ പിതാവ് എന്ന ആത്മീയ ഇടയൻ തൻറെ ജീവിതത്തിൽ അന്വർത്ഥമാക്കി. തൻറെ സഭയുടെ വിശ്വാസത്തിൻറെ കാവൽഭടൻ ആയിരിക്കുമ്പോൾ തന്നെ, ഇതര സഭകളെയും മതങ്ങളെയും ആദരിക്കുകയും, സഭ ഐക്യത്തിനും മാനവ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തു. ആട്ടിൻകുട്ടിയുടെ ശാന്തതയും സിംഹത്തിന്റെ ഗാഭീര്യതയും നിറഞ്ഞ വ്യക്തിത്വം! ആത്മീയതയുടെയും വിശ്വാസത്തിന്റെയും നിറകുടമായ സഭാ പിതാവ്. മനുഷ്യസ്നേഹത്തിന്റെയും ധാർമികതയുടെയും ആൾരൂപം! ഇതെല്ലാമായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ. ചിലരെ നാം യുഗപുരുഷന്മാർ എന്ന് വിളിക്കാറുണ്ട്. ഭാരത ക്രൈസ്തവ സഭയിലെ ഒരു യുഗപുരുഷൻ!

“നല്ലവനും വിശ്വസ്തനുമായ ദാസാ, നിൻറെ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്ക”എന്ന ക്രിസ്തുവചനം, അഭിവന്ദ്യ പിതാവേ അങ്ങയിൽ അന്വർത്ഥം ആയിരിക്കുമ്പോൾ അങ്ങ് സമാധാനത്തോടെ പോവുക. അങ്ങയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.

ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത,
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഓഫീസ് പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.