അമ്മയെ തോളിലേറ്റിയ ആ മക്കൾ കയറിയത് അനേകരുടെ ഹൃദയത്തിലേക്ക്

പ്രായമായ മാതാപിതാക്കളെ ഭാരമായും ശല്യമായും കണക്കാക്കുന്ന ഈ ലോകത്തിൽ വ്യത്യസ്തയുടെ മാതൃക നൽകുകയാണ് കോട്ടയം മുട്ടുചിറയിൽ നിന്നുള്ള റോജനും സത്യനും. നീലക്കുറിഞ്ഞി കാണണമെന്ന, 87-കാരിയായ തങ്ങളുടെ അമ്മയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഈ മക്കൾ. അതും കുത്തായ കയറ്റവും ഇറക്കവും മറ്റുമുള്ള സ്ഥലത്ത് നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെ തോളിലെടുത്തു കൊണ്ടാണ് ഈ മക്കൾ പോയത്.

ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെയാണ് കോട്ടയം മുട്ടുചിറ റോജനും കുടുംബവും വരവേറ്റത്. വർത്തയറിഞ്ഞു അടുത്ത ദിവസം തന്നെ നീലക്കുറിഞ്ഞി കാണാൻ പോകാനും തീരുമാനിച്ചു. അപ്പോഴാണ് അമ്മ ഏലിക്കുട്ടി മകനെ വിളിച്ച് തന്റെ സ്വപ്നം അറിയിച്ചത്. “എന്നെ നിനക്കൊന്ന് കൊണ്ടുപോകാമോ അവിടെ?” ആ അമ്മ തന്റെ മകനോട് ചോദിച്ചു.

ചെറുപ്പത്തിൽ, താൻ പറഞ്ഞിടത്തെല്ലാം തന്നെയും തോളിലേറ്റി കൊണ്ടുപോയ ഒരു അമ്മയുടെ ചിത്രം ആ മകന്റെ ഓർമ്മകളിൽ തെളിഞ്ഞിരിക്കണം. ഉടനടി മറുപടിയെത്തി: “അതിനെന്താ അമ്മച്ചി, തീർച്ചയായും ഞാൻ നാളെ കൊണ്ടുപോകാം.” അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ മക്കളായ റോജനും സത്യനും കൈകോർത്തു. അങ്ങനെയാണ് നീലക്കുറിഞ്ഞി പൂത്ത വസന്തലോകത്തേക്ക് അമ്മയുമായി ഈ മക്കൾ എത്തുന്നത്.

പ്രായാധിക്യം മൂലം നടക്കാൻ പ്രയാസമുള്ള അമ്മയെ തോളിലെടുത്തു കൊണ്ടാണ് ഇരുവരും നീലക്കുറിഞ്ഞി കാണിക്കാൻ കൊണ്ടുവന്നത്. നീലക്കുറിഞ്ഞി കാണുന്നതിനായുള്ള ആഗ്രഹത്തിനിടയിലെ ജീപ്പുയാത്ര ഏലിക്കുട്ടിയമ്മയെ അൽപം ഭയപ്പെടുത്തിയെങ്കിലും മക്കൾ കൂടെയുണ്ടെന്ന ധൈര്യത്തിൽ പുതിയ അനുഭവങ്ങൾ ആസ്വദിക്കുകയായിരുന്നു ആ അമ്മ. ഒരിക്കലും നടക്കില്ലെന്നു കരുതിയ ഒരു ആഗ്രഹം മക്കളുടെ തോളിലേറി സാധ്യമായതിന്റെ ആഹ്ളാദത്തിലാണ് 87-കാരിയായ ഈ അമ്മ.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.