ജീവന് കാവലാളായി ഒരു അധ്യാപകൻ

സി. സൗമ്യ DSHJ

ഇരുട്ടിൽ തെളിച്ചുവച്ച വിളക്കിനു സമമാണ് ഒരു അധ്യാപകൻ എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് കിളിയന്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ സെലസ്റ്റിൻ ജോണ്‍ സാർ. കൂടുതൽ സമയവും കുട്ടികളോടൊപ്പം ചിലവഴിക്കുന്നതു കൊണ്ടാവാം അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ട്. അറിയപ്പെടുന്ന പ്രൊലൈഫ് പ്രവര്‍ത്തകനും 2022-ലെ കെസിബിസി എഡ്യൂക്കേഷൻ കമ്മീഷന്റെ ഏറ്റവും നല്ല ഹയർ സെക്കൻഡറി അധ്യാപകൻ എന്ന അവാർഡ് സ്വന്തമാക്കിയ വ്യക്തിയുമാണ് അദ്ദേഹം. മികച്ച അധ്യാപകൻ മാത്രമല്ല, നല്ലൊരു കുടുംബനാഥനും സാമൂഹ്യപ്രവർത്തകനും കൂടിയാണ് സെലസ്റ്റിൻ സാർ. ഈ അധ്യാപകന്റെ ജീവിതത്തെ ലൈഫ് ഡേ പരിചയപ്പെടുത്തുന്നു.

സെലസ്റ്റിൻ സാറിന്റേത് ഒരു ജീസസ് യൂത്ത് ഫാമിലിയാണെന്നു വേണമെങ്കിൽ പറയാം. കാരണം ഭാര്യ ലിൻസി മേരി ജീസസ് യൂത്തിന്റെ ആദ്യ ബാച്ച് ഫുൾ ടൈമർ ആയിരുന്നു. മുൻപ് കെസിവൈഎം പ്രവർത്തകനായിരുന്ന സെലസ്റ്റിൻ സാറും ജീസസ് യൂത്തിൽ സജീവം. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഒരു ജീസസ് യൂത്ത് പ്രവർത്തകനിൽ നിന്നും പ്രൊലൈഫ് പ്രവർത്തകനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച തികച്ചും യാദൃശ്ചികമായിരുന്നു. തന്റെ അധ്യാപനജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സാമൂഹികപ്രതിബദ്ധതയുള്ള ഒരു മനുഷ്യനായി ജീവിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ഇന്ന് ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രിയുടെ പ്രവർത്തകരാണ് സെലസ്റ്റിൻ സാറും ഭാര്യ ലിൻസി മേരി ടീച്ചറും.

പ്രോലൈഫ് പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം

1996-ൽ ജീസസ് യൂത്തിന്റെ ഓൾ കേരളാ കൂട്ടായ്‌മ എറണാകുളത്തു വച്ചാണ് നടന്നത്. ആ മീറ്റിംഗിലാണ് ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾക്കായി ഓരോ മിനിസ്ടികൾ തുടങ്ങുന്നത്. ജീസസ് യൂത്തിന്റെ തന്നെ പ്രൊലൈഫ് മിനിസ്ട്രി, കാമ്പസ് മിനിസ്ട്രി, ജയിൽ മിനിസ്ട്രി എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനമേഖലകളായി രൂപീകരിച്ചു. അതിലേക്ക് താത്പര്യമുള്ളവർക്ക് പങ്കാളികളാകാൻ അവസരവും ലഭിച്ചിരുന്നു. സെലസ്റ്റിൻ സാർ തന്റെ പ്രവർത്തനമേഖലയായി തിരഞ്ഞെടുത്തത് പ്രൊലൈഫ് പ്രവർത്തനങ്ങളായിരുന്നു. അദ്ദേഹത്തിന് ജീസസ് യൂത്തിൽ തന്നെ വലിയ ഒരു സുഹൃദ്‌വലയം ഉണ്ടായിരുന്നു. വലിയ ജാഡകളൊന്നുമില്ലാതെ ഫ്രീ ആയിട്ട് ഇടപെടുന്ന, അടുക്കള വരെയും സ്വാതന്ത്രത്തോടെ കടന്നു ചെല്ലാവുന്ന, നന്മ ചെയ്യാൻ ഇഷ്ടപ്പെടുന്ന കുറച്ചു പേർ. അതായിരുന്നു ജീസസ് യൂത്തിലെ അംഗങ്ങളുടെ പ്രത്യേകത.

ജോൺപോൾ രണ്ടാമൻ മാർപാപ്പയുടേതായി 1995-ൽ പുറത്തിറങ്ങിയ ‘ജീവന്റെ സുവിശേഷം’ എന്ന ചാക്രികലേഖനത്തെ അടിസ്ഥാനപ്പെടുത്തി ഒരു പഠനം നടന്നു. അന്ന് സെലസ്റ്റിൻ സാർ ഒരു മതാധ്യാപകനായിരുന്നു. തലശേരി അതിരൂപതയിൽ ഈ ചാക്രികലേഖനത്തെ സംബന്ധിച്ച ഒരു ക്‌ളാസ് ഉണ്ടായിരുന്നു. ഫാ. മൈക്കിൾ കാരിമറ്റം അച്ചനും ജോർജ് പുതുമന അച്ചനുമായിരുന്നു ക്ലാസ്സുകൾ നയിച്ചത്. ആ ക്ലാസ്സുകൾ സെലസ്റ്റിൻ സാറിനെ ഏറെ സ്വാധീനിച്ചു. അങ്ങനെ കൂടുതൽ സമയ പ്രൊലൈഫ് പ്രവർത്തകനാകണം എന്ന തീരുമാനത്തിലേക്ക് ആ ക്‌ളാസ് അദ്ദേഹത്തെ നയിച്ചു.

അങ്ങനെ സെലസ്റ്റിൻ സാർ ജീസസ് യൂത്തിന്റെ പ്രൊലൈഫ് മിനിസ്ട്രിയിൽ സജീവ അംഗമായിത്തീർന്നു. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ. സിന്ധു, ഡോ. ജോർജ് ലിയോൺസ്, ജോർജ് സേവ്യർ എന്നിങ്ങനെ പതിനഞ്ചു പേരോളം അടങ്ങിയ പ്രവർത്തകരായിരുന്നു ആദ്യത്തെ ജീസസ് യൂത്ത് പ്രൊലൈഫ് മിനിസ്ടി. ആളുകളുടെ ബോധവത്‌കരണത്തിനായി ലഘുലേഖകൾ, ഇടവകാതല പ്രവർത്തനങ്ങൾ ഒക്കെ ആരംഭിച്ചു. പെരുവണ്ണാമൂഴിയിൽ നിന്നും ശാലോം അടിച്ചിറക്കിയ പ്രൊലൈഫ് പോസ്റ്ററുകൾ ഒട്ടേറെ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പതിപ്പിക്കുന്നത് ഒരു ആവേശമായിരുന്നു. ആ സമയത്ത് സെലസ്റ്റിൻ സാറിന്റെ വ്യക്തിപരമായ ജീവിതത്തിലും ചില കാര്യങ്ങൾ സംഭവിച്ചു.

മൂന്ന് മക്കളാണ് സാറിനുള്ളത്. മൂത്തത് മോനും ഇളയ രണ്ട് പെൺകുട്ടികളും. നാലാമത് ഒരു കുട്ടിയും കൂടി ഉണ്ടായി. ആ കുട്ടി അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ അബോർഷൻ ആയിപ്പോയി.

ജീസസ് യൂത്തിന്റെ പ്രോലൈഫ് പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കെ 2005 കാലഘട്ടത്തിലാണ് കെസിബിസി പ്രൊലൈഫ് സമിതി രൂപം കൊണ്ടത്. അതിനു മുൻപു തന്നെ സെലസ്റ്റിൻ സാർ നിരവധി ഇടവകകളിൽ ജോൺ ഐപ്പ് സാറിനോടൊപ്പം പ്രോലൈഫിന്റെ പ്രവർത്തങ്ങളെക്കുറിച്ചുള്ള ക്‌ളാസുകളും പരിശീലനവും ഒക്കെ നൽകിയിരുന്നു. തമിഴ്നാട് മെഡിക്കൽ സർവ്വീസിലെ ഡപ്യൂട്ടി ഡയറക്ടറായ ജോൺ ഐപ്പ് സാറിന്റെ നിർദ്ദേശങ്ങളും പിൻതുണയും സാറിനെ ഏറെ വളർത്തിയിട്ടുണ്ട്. പിന്നീട് അദ്ദേഹം തലശ്ശേരി രൂപതയിൽ പ്രീ മാര്യേജ് കോഴ്‌സിന് ക്‌ളാസെടുക്കാനും ആരംഭിച്ചു.

1998 മുതൽ 2019 വരെ പ്രി മാര്യേജ് കോഴ്‌സിന് ക്‌ളാസെടുക്കാൻ അദ്ദേഹം പോയിരുന്നു. കോവിഡിനു ശേഷം ഓൺലൈൻ ക്‌ളാസുകളായി. 2007 മുതൽ 2017 വരെ കെസിബിസി പ്രൊലൈഫ് സമിതി സെക്രട്ടറിയായിരുന്നു സാർ. ഇപ്പോൾ തലശേരി രൂപതയുടെ പ്രൊലൈഫ് പ്രവർത്തനങ്ങളുടെ കോ-ഡിനേറ്ററാണ്.

‘പ്രൊലൈഫ് പ്രവർത്തനങ്ങൾ അത്ര എളുപ്പമല്ല’

പ്രൊലൈഫിന്റെ പ്രവർത്തനങ്ങൾ അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ് സെലസ്റ്റിൻ സാർ പറയുന്നത്. അതിനു കാരണമായി സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾ തന്നെയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. “പൈശാചിക സ്വാധീനം ഒത്തിരിയേറെ ഉള്ള ഒരു മേഖലയാണ് ഇത്. ആദ്യകാലഘട്ടങ്ങളിൽ വീട്ടിൽ നിന്നും പ്രൊലൈഫിന്റെ പ്രവർത്തനങ്ങൾക്കായി ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുമ്പോൾ, ആ സ്ഥലത്ത് എത്തിക്കഴിയുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ഫോൺ വരും. എന്തെങ്കിലും അപകടങ്ങളോ, ബുദ്ധിമുട്ടുകളോ വീട്ടിൽ സംഭവിച്ചിരിക്കും. ഇത്തരം സംഭവങ്ങൾ തുടർന്നപ്പോൾ ഞാൻ ചില വൈദികരോട് ഇക്കാര്യം പങ്കുവച്ചു. അവരുടെ നിർദ്ദേശത്തെ തുടർന്ന് വി. മിഖായേലിനോടുള്ള പ്രാർത്ഥനയും ബന്ധനപ്രാർത്ഥനയും ചൊല്ലിയതിനു ശേഷമാണ് വീട്ടിൽ നിന്നും പോയിരുന്നത്. അങ്ങനെ പ്രാർത്ഥനയുടെ ശക്തിയാണ് പിന്നീട് പല അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചിരുന്നത്” – അദ്ദേഹം പറയുന്നു.

ഗർഭഛിദ്രം നടത്തരുത്, ഒരു ജീവനെ തന്നെ നശിപ്പിക്കുന്നത് കൊലപാതകമാണ് എന്നുമൊക്കെ അതുമായി ബന്ധപ്പെട്ട ആളുകളെ ബോധ്യപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പ്രത്യേക മാനസികാവസ്ഥയിൽ ആയിരിക്കുമല്ലോ അവർ അപ്പോൾ. ആ അവസ്ഥയിൽ നമ്മൾ പറയുന്ന കാര്യങ്ങൾ അവർ പെട്ടെന്ന് സ്വീകരിക്കണമെന്നില്ല. ചിലരൊക്കെ സെലസ്റ്റിൻ സാറിനെ ചീത്ത വിളിച്ച് ഓടിച്ചിട്ടുണ്ട്.

അപ്രകാരമുള്ള ഒരു സംഭവം സാർ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “രാത്രി ഒന്‍പതു മണിക്ക് ഒരു സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഒരു വീട്ടിലേക്ക് ചെല്ലുന്നത്. ‘അബോര്‍ഷന്‍ ചെയ്യുന്നതിന്റെ ഗൗരവം’ അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ ചെല്ലുന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ അബോര്‍ഷന്‍ ചെയ്ത ശേഷം പിന്നീട് ഗള്‍ഫിലുള്ള അമ്മയുടെ അടുത്തേക്ക് പോകാനായിരുന്നു ആ സ്ത്രീ നിശ്ചയിച്ചിരുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഞാന്‍ അവരോട് സംസാരിക്കുന്നത്. എന്നാൽ ആ സ്ത്രീ ഒരു തരത്തിലും തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല.

ഞാന്‍ പിന്നോട്ടില്ല എന്ന് മനസിലാക്കിയപ്പോള്‍ ആ സ്ത്രീ എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങൾ ഒരു കാര്യം മനസിലാക്കണം. വേറെ പണിയില്ലാത്തതു കൊണ്ടോ, എനിക്ക് ഒത്തിരി സമയം ഉള്ളതു കൊണ്ടോ അല്ല ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്. ഒരു ലക്ഷ്യവുമായിട്ടാണ് ഞാൻ ഇവിടെ വന്നത്. ഈ കുഞ്ഞിനെ കൊന്നുകളഞ്ഞിട്ട് എവിടെ പോയാലും നിങ്ങൾ രക്ഷപ്പെടില്ല. എന്റെ തിരക്കുകളൊക്കെ മാറ്റിവച്ചിട്ട് ഞാൻ ഇവിടെ വന്ന് വാദിക്കുന്നുണ്ടെങ്കിൽ അത് വെറുതെയാവില്ല. ഈ വാക്കുകളെ അവഗണിച്ചുകൊണ്ട് ഈ കുഞ്ഞിനെ കൊന്നുകളഞ്ഞിട്ട് നിങ്ങൾ എവിടെ പോയാലും രക്ഷപ്പെടില്ല. അങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് എനിക്കറിയാം. എങ്കിലും ആ സമയത്ത് ഒരു പ്രവാചകനെപ്പോലെ ശക്തമായ ഭാഷയിൽ എനിക്ക് പ്രതികരിക്കേണ്ടി വന്നു” – കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സാർ വെളിപ്പെടുത്തി.

രണ്ടു-മൂന്ന് ദിവസത്തേക്ക് ആ സംഭവം സാറിന്റെ മനസ്സിൽ ഒരു വിഷമമായി അവശേഷിച്ചു. പിന്നെ മെല്ലെ അത് മറന്നു. മൂന്നു-നാല് വർഷങ്ങൾക്കു ശേഷം ഒരു കല്യാണവീട്ടിൽ വച്ച് ഒരാൾ എന്റെ അടുത്തു വന്നു ചോദിച്ചു: “സാറിന് എന്നെ ഓർമ്മയുണ്ടോ?” നോക്കുമ്പോൾ ആ വീട്ടിലെ പ്രായമായ ഒരു പുരുഷൻ. എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല അവരെ. ആ വ്യക്തി എന്നോടു പറഞ്ഞു: “സാറെ, സാർ അന്ന് വീട്ടിൽ വന്നതുകൊണ്ട് ഒരു ജീവൻ രക്ഷപെട്ടു. അവൾ ആ കുഞ്ഞിന് ജന്മം കൊടുത്തു. ഇന്ന് അവരുടെ വീട്ടിൽ ആ കുട്ടിയുണ്ട്. അവൾ അമ്മയുടെ അടുത്തേക്കു പോയി. എന്നാലും ആ കുഞ്ഞു മിടുക്കിയായി ജീവിച്ചിരിപ്പുണ്ട്.”

ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. മറ്റുള്ളവരുടെ ചീത്ത വിളി കേൾക്കേണ്ടി വന്നാലും ഒരു ജീവൻ രക്ഷപെടാൻ ഞാൻ കാരണമായല്ലോ. ആ ആശ്വാസം എനിക്ക് കൂടുതൽ കരുത്ത് പകർന്നു – സെലസ്റ്റിൻ സാർ വെളിപ്പെടുത്തി.

കുറവുകളുള്ളവരെ കൂടുതൽ ചേർത്തുപിടിക്കുന്ന അധ്യാപകൻ

ഒരു സാമൂഹ്യപ്രവർത്തകൻ മാത്രമല്ല സെലസ്റ്റിൻ സാർ. പഠനത്തിൽ പിന്നിൽ നിൽക്കുന്ന, സാമ്പത്തികമായി വിഷമിക്കുന്ന, എല്ലാവരും തള്ളിക്കളയുന്ന കുട്ടികളുടെ ആശ്വാസം. ഒരു അധ്യാപകനെന്ന നിലയിൽ ആരെയും തള്ളിക്കളയാതെ, കുറവുകൾ ഉണ്ടായാലും അവരെ സ്നേഹത്തോടെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുന്ന ഒരു നല്ല അപ്പന്റെ ഹൃദയം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടൊക്കെയാണ് എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ക്‌ളാസിൽ നിന്നും ഇറക്കിവിടേണ്ടി വരുന്ന കുട്ടികളുടെ വീട്ടിൽ അദ്ദേഹം അന്വേഷിച്ചു ചെല്ലുന്നത്. അവരുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനും അവർക്കായി വേണ്ടത് ചെയ്യാനും ശ്രമിക്കുന്ന അധ്യാപകൻ. മൊബൈൽ അഡിക്ഷൻ, സ്വഭാവത്തിലെ ചില വൈകൃതങ്ങൾ ഒക്കെയുള്ള കുട്ടികളെ തിരികെ കൊണ്ടുവരാൻ, അവരെ മനസിലാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ, എല്ലായ്പ്പോഴും ഇങ്ങനെയൊക്കെ ചെയ്യാനും സാധിക്കാറില്ല. സമൂഹത്തിൽ നിന്നു തന്നെയുള്ള വിവിധ തരത്തിലുള്ള എതിർപ്പുകൾ തന്നെ കാരണം.

ഇപ്പോൾ കിളിയന്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പലാണെങ്കിലും ക്‌ളാസിൽ പഠിപ്പിക്കാനായി വരുമ്പോൾ ഒരു മിനിറ്റ് മൗനമായി പ്രാർത്ഥിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഈ പതിവ് കുറെ വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ്. ഇങ്ങനെ പ്രാർത്ഥിപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അവർ തൊട്ടുമുൻപുള്ള പീരിഡിലെ വിഷയത്തിൽ തന്നെയാണെങ്കിൽ അതിൽ നിന്നും പുറത്തുകടക്കും. രണ്ട്, പ്രാർത്ഥിച്ചില്ലെങ്കിൽ കൂടി ആ മൗനം മനസ് ശാന്തമാകാൻ സഹായിക്കും. വ്യത്യസ്തമായ മതത്തിൽ വിശ്വസിക്കുന്നവർ ഉള്ളതിനാലാണ് മൗനമായി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്.

പരീക്ഷാസമയമാണെങ്കിൽ മാതാപിതാക്കളോട് പ്രാർത്ഥിക്കണമെന്നും കുട്ടികൾ എവിടെ ആയിരുന്നാലും അവരുടെ പ്രാർത്ഥന, പരീക്ഷ നന്നായി എഴുതാൻ കുട്ടികളെ സഹായിക്കുമെന്നും മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഈ അധ്യാപകൻ ശ്രമിക്കാറുണ്ട്. ഇതൊക്കെ വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായിരുന്നെന്ന് അവർ പിന്നീട് ഈ അധ്യാപകനോടു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷയ്ക്കു മുൻപ് വിദ്യാർത്ഥികൾ, അദ്ദേഹത്തോട് പ്രാർത്ഥിക്കണം എന്നൊക്കെ വന്നു പറയാറുണ്ട്. ചിലപ്പോൾ വിദ്യാർത്ഥികൾ അവരുടെ വ്യക്തിജീവിതത്തിലെ ബുദ്ധിമുട്ടുകളും സാറിനോട് പങ്കുവയ്ക്കാറുണ്ട്. അവർക്ക് ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അടുത്തുള്ള വിശ്വാസവും സ്നേഹവുമാണ് അതിന് പ്രേരിപ്പിക്കുന്നത്.

വിദ്യാർത്ഥികളെ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന അധ്യാപകദമ്പതികൾ

എടൂർ സ്‌കൂളിൽ വർഷങ്ങളായി അധ്യാപകനായിരുന്നിട്ടുള്ള ഇദ്ദേഹത്തിന്, പഠനത്തിൽ പിന്നോക്കം നിന്നിരുന്ന വിദ്യാർത്ഥികളെയും തോറ്റുപോയവരെ ഒക്കെ തിരഞ്ഞുപിടിച്ച് പഠിപ്പിക്കാനും അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാനും ഒക്കെ സാധിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ രക്ഷപ്പെടുത്തിക്കഴിഞ്ഞാൽ അത് അവർക്കായി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്. അതിന് അധ്യാപകരായ ഈ ദമ്പതികൾ രണ്ടു പേരും വളരെയേറെ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്‌കൂളുകളിലാണ് ഇവർ പഠിപ്പിക്കുന്നതെങ്കിലും സ്വന്തം വീട്ടിൽ നിന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ ഇവരുടെ വീട്ടിൽ കൊണ്ടുവന്ന് നിർത്തി പഠിപ്പിച്ച് സഹായിച്ചിട്ടുമുണ്ട് ഈ അധ്യാപക ദമ്പതികൾ. തോറ്റ വിഷയങ്ങൾക്ക് ട്യൂഷ്യൻ കൊടുക്കാനും ഇവർ പരിശ്രമിക്കുന്നു. അങ്ങനെ പരീക്ഷയിൽ ജയിപ്പിച്ച് തുടർവിദ്യാഭ്യാസം നൽകി, ഇപ്പോൾ ജോലിക്കാരായ വിദ്യാർത്ഥികളും ഉണ്ട്.

സെലസ്റ്റിൻ സാർ പഠിപ്പിച്ച ഒരു വിദ്യാർത്ഥിനി പഠിക്കാൻ വളരെ പിറകോട്ടാണ്. ആ കുട്ടിയുടെ കുടുംബത്തിലെ സാഹചര്യങ്ങളാണ് അവൾക്ക് പഠനത്തിൽ ഉയരാൻ കഴിയാത്തതിനു കാരണം. വളരെ നിഷ്കളങ്കയായ ആ കുട്ടിക്ക് പഠിക്കാനും ഒത്തിരി കഴിവില്ല. വീട്ടിൽ സാമ്പത്തികമായും വളരെ പിന്നോക്കം. ഈയൊരു സാഹചര്യത്തിൽ ഭാര്യയുമായി ആലോചിച്ച ശേഷം സാറിന്റെ വീട്ടിൽ തന്നെ കൊണ്ടുവന്ന് നിർത്തി പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് വളരെ സന്തോഷമായി.

വീട്ടിൽ വന്നുകഴിഞ്ഞിട്ടും ഈ കുട്ടിക്ക് പഠിത്തത്തിൽ കാര്യമായി പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. സെലസ്റ്റിൻ സാറിന്റെ തന്നെ ഒരു സുഹൃത്തിന്റെ ട്യൂഷൻ സെന്ററിൽ വിട്ട് ആ കുട്ടിയെ പഠിപ്പിച്ചു. അങ്ങനെ അവൾ പഠനത്തിൽ മുൻപന്തിയിലെത്തി, നല്ല മാർക്കോടെ പരീക്ഷ പാസ്സായി. ജയിച്ചു കഴിഞ്ഞപ്പോൾ അവർക്ക് നേഴ്‌സിംഗിന് അഡ്മിഷനും തയ്യാറാക്കി. ഇപ്പോൾ ആ കുട്ടി തന്റെ പഠനം പൂർത്തിയാക്കി ജോലി ചെയ്യുന്നു. ഒരു നല്ല മനസുള്ള അധ്യാപകനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ് ഇതൊക്കെ.

തന്നാൽ കഴിയുംവിധം സഹായിക്കാൻ സന്നദ്ധൻ

താൻ പഠിപ്പിക്കുന്ന കുട്ടികളെ മാത്രമല്ല, തന്റെ അടുത്തു വരുന്ന, സഹായിക്കാൻ സാധിക്കുന്ന ആരെയും ഈ അധ്യാപകൻ സഹായിച്ചിരിക്കും. നേഴ്‌സിംഗിനു പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക്, തന്നോട് സഹായം ചോദിക്കുന്നവർക്ക് എങ്ങനെയെങ്കിലും സഹായമെത്തിക്കാൻ ഇദ്ദേഹം പരിശ്രമിക്കുന്നു. പ്രതിഫലം ആഗ്രഹിക്കാതെ, ആരാലും അറിയപ്പെടാതെ നന്മ ചെയ്യാൻ ഈ അധ്യാപകന് കഴിയുന്നു, അതിനു വേണ്ടി പരിശ്രമിക്കുന്നു. അങ്ങനെ സഹായിച്ചവരിൽ ജോലിയൊക്കെ ആയവരുണ്ട്. അവർ അവധിക്ക് നാട്ടിൽ വരുമ്പോൾ കിലോമീറ്ററുകൾ ദൂരത്തു നിന്നു പോലും ഈ അധ്യാപകനെ അന്വേഷിച്ച് വരാറുണ്ട്. പഠിപ്പിച്ചില്ലെങ്കിൽ പോലും ചില വിദ്യാർത്ഥികൾ കാണിക്കുന്ന ഇത്തരം നന്ദിയുടെ മനോഭാവം ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന് ഒത്തിരി സന്തോഷം നൽകുന്നു.

“ഒരു പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ സ്വാതന്ത്രത്തിന്റെ കുറവുണ്ട്. അധ്യാപകനായിരിക്കുമ്പോഴാണ് കുട്ടികളുമായി കൂടുതൽ ഇടപെടാനും അവരോട് കൂടുതൽ അടുക്കാനും സാധിക്കുന്നത്. ക്ലാസിലെ പ്രശ്നങ്ങൾ, അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഒക്കെ ഒരു അധ്യാപകന് അറിയാൻ കഴിയും. പ്രിൻസിപ്പൽ ആകുമ്പോൾ ആ സ്ഥാനത്തിന്റേതായ ചില പരിമിതികളുണ്ട്. എങ്കിൽപ്പോലും തന്റെ മുന്നിൽ വരുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.

“മലയാളം അധ്യാപകനായിരുന്നു ഞാൻ. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തുറന്നുപറയാനുള്ള ഒരു സ്വാതന്ത്ര്യം ഞാൻ വിദ്യാർത്ഥികൾക്ക് കൊടുത്തിട്ടുണ്ട്. തെറ്റ് കാണുമ്പോൾ ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ, അടി കൊടുത്താലും അവരുടെ തെറ്റ് മനസിലാക്കിക്കൊടുത്ത് പിന്നീട് അവരെ സ്നേഹിക്കാനും ഞാൻ മറക്കാറില്ല. ചിലപ്പോൾ അവരോടായിരിക്കും ഏറ്റവും കൂടുതൽ സ്നേഹം കാണിക്കുന്നത്. അത് കുട്ടികൾ തിരിച്ചറിയുന്നുണ്ട്. നമ്മുടെ പഴയ ആൾക്കാരുടെ തലമുറയെപ്പോലെയല്ല പുതിയ തലമുറ. ഒന്ന് സ്നേഹിച്ചാൽ ചേർന്നുനിൽക്കുന്ന പിള്ളേരാണ്. കോവിഡിനു ശേഷം കുട്ടികൾ വേറൊരു രീതിയാണ്. ആ വ്യത്യസ്തതകൾ മനസിലാക്കി അവരെ കൈകാര്യം ചെയ്യാൻ നമ്മൾ ഇനി പഠിക്കണം” – ഈ അധ്യാപകൻ പറയുന്നു.

കൗൺസിലിംഗ് രംഗത്തും സജീവമാണ് സെലസ്റ്റിൻ സാർ. സ്‌കൂളിൽ അധ്യാപകനായിരുന്നപ്പോൾ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയതാണ് ഈ മേഖലയിലേക്ക് കടന്നുവരാൻ കാരണം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസലിംഗ് മേഖലയിലുള്ള അറിവ് അനിവാര്യമായിരുന്നു. അങ്ങനെയാണ് കൗൺസലിംഗ് പഠനത്തിനായി പോകുന്നത്. അങ്ങനെ കുട്ടികളുടെ പ്രശ്നങ്ങളെ കൂടുതൽ പഠിക്കുകയും പരിഹാരം നൽകുകയും ചെയ്തുവരുന്നു. ചില കുട്ടികൾ എന്തുകൊണ്ടാണ് പ്രത്യേകമായ രീതിയിൽ പെരുമാറുന്നതെന്ന് മനസിലാക്കാൻ ഇത്തരം അനുഭവങ്ങൾ ഈ അധ്യാപകനെ സഹായിക്കുന്നു.

മറ്റുള്ള കാര്യങ്ങൾ പഠിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് മനുഷ്യനെ പഠിക്കുന്നതു തന്നെയാണ് എന്നാണ് സാറിന്റെ അഭിപ്രായം. മനുഷ്യന്റെ വ്യത്യസ്ത സ്വഭാവം, പ്രവർത്തനങ്ങൾ, ശരീരഭാഷ എന്നിവയൊക്കെ മനസിലാക്കിയാൽ തന്നെ ഒരു വിദ്യാർത്ഥിയുടെ പല പ്രശ്നങ്ങളെയും പരിഹരിക്കാൻ സാധിക്കുമെന്നാണ് സെലസ്റ്റിൻ സാർ പറയുന്നത്.

ഓഖി ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസമാകാൻ സെലസ്റ്റിൻ സാർ ഒരാഴ്ചയോളം അവരോടൊപ്പം ഉണ്ടായിരുന്നു. വെള്ളപ്പൊക്ക ദുരന്തസമയത്ത് പറവൂർ, കുന്നുകര പഞ്ചായത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഒറ്റ ദിവസം പോലും വിശുദ്ധ കുർബാന മുടക്കാതെ

ഒൻപതു വർഷങ്ങൾക്കു മുൻപ് ഭാര്യ ലിൻസിയുടെ മാതാപിതാക്കൾ ഒരു അപകടത്തിൽ മരിച്ചു. അതിനെ തുടർന്ന് കുറേ നാൾ മുടങ്ങാതെ വിശുദ്ധ കുർബാനക്കു പോകുമായിരുന്നു. പിന്നീട് അതൊരു ശീലമായി. അതിനു ശേഷം ഇന്നേ വരെ വിശുദ്ധ കുർബാന മുടക്കിയിട്ടില്ല ഈ അധ്യാപകൻ. എന്തെങ്കിലും യാത്രയിലാണെങ്കിൽ ചിലപ്പോൾ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാതെ വരാറുണ്ട്. എത്ര ദിവസത്തെ മുടങ്ങിയോ അത്രയും വിശുദ്ധ കുർബാന ഒരു ദിവസം ഒന്നിലധികം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചുകൊണ്ട് പൂർത്തിയാക്കാറുണ്ട്. കോവിഡ് കാലത്തു പോലും ഞങ്ങൾക്കായി കുർബാന ചൊല്ലിത്തരാൻ പേരാവൂർ മൗണ്ട് കാർമ്മൽ ആശ്രമത്തിലെ സൂപ്പീരിയർ തോമസ്സ് കുഴിയാലിൽ അച്ചൻ തയ്യാറായി.

“അനുദിനം വിശുദ്ധ കുർബാനയിൽ നിന്നും കിട്ടുന്ന ഊർജ്ജം മറ്റൊന്നിലും കിട്ടില്ല. എല്ലാത്തിനും എങ്ങനെ സമയം കിട്ടുന്നു എന്നുപറഞ്ഞാൽ, ഞാൻ എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതനുസരിച്ചാണ് എന്റെ പ്രാമുഖ്യം. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാം. അതെല്ലാം പോസിറ്റീവ് ആകണമെന്നില്ല. എന്നാൽ, അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശുദ്ധ കുർബാനയുടെ ശക്തി നമ്മെ പഠിപ്പിക്കുന്നു. എന്റെ സ്‌കൂളിലേക്കുള്ള യാത്ര തന്നെ ഏകദേശം 45 മിനിറ്റ് സമയമുണ്ട്. ആ സമയം മുഴുവൻ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് ബൈക്കിൽ യാത്ര ചെയ്യുന്നത്. ആ പ്രാർത്ഥനാവേളയിൽ ചില ദൈവവചനങ്ങൾ ആവർത്തിച്ച് ഉരുവിടും” – ആ മറുപടിയിൽ സെലസ്റ്റിൻ എന്ന അധ്യാപകന്റെ ജീവിതത്തിന്റെ നന്മയുടെ കാരണം എന്തെന്നുള്ളതിന്റെ മറുപടി അടങ്ങിയിരുന്നു.

1998 മുതൽ 21 വർഷക്കാലം എടൂർ സ്‌കൂളിലാണ് സെലസ്റ്റിൻ സാർ പഠിപ്പിച്ചിരുന്നത്. അവിടെ അധ്യാപകനായിരുന്നപ്പോൾ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗും കൊടുക്കുമായിരുന്നു. കണ്ണൂർ ഹൃദയരാമിൽ നിന്നും കൗൺസലിംഗ് കോഴ്‌സും സാർ പൂർത്തിയാക്കിയിട്ടുണ്ട്. 2019 മുതൽ കിളിയന്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആണ്. പേരാവൂർ വടക്കേൽ സെലസ്റ്റിൻ – ലിൻസി മേരി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. മൂത്ത മകൻ ആർക്കിടെക്ട് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ എം.എസ്.ഡബ്‌ള്യു-വിനും ഇളയ മകൾ പ്ലസ് വണ്ണിനും പഠിക്കുന്നു. കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കൂടിയാണ് ഭാര്യ ലിൻസി മേരി.

ഈ അധ്യാപകന്റെ ജീവിതത്തിന്റെ നന്മ തിരിച്ചറിഞ്ഞുകൊണ്ട് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2022-ലെ കെസിബിസി എഡ്യൂക്കേഷൻ കമ്മീഷന്റെ ഏറ്റവും നല്ല ഹയർ സെക്കൻഡറി അധ്യാപകൻ എന്ന അവാർഡ് സ്വന്തമാക്കിയ വ്യക്തിയാണ് അദ്ദേഹം. 32 രൂപതകളിൽ നിന്നുമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അതോടൊപ്പം തന്നെ ഈ വർഷത്തെ കെസിബിസി-യുടെ പ്രൊലൈഫ് മിനിസ്ട്രിയുടെ അവാർഡ് നേടിയിട്ടുള്ളതും സെലസ്റ്റിൻ സാർ ആണ്. എന്തൊക്കെ അവാർഡുകൾ കിട്ടിയാലും ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇക്കാര്യങ്ങളെല്ലാം തനിക്ക് ചെയ്യാൻ സാധിക്കുന്നതെന്ന് സാർ ഉറച്ചു വിശ്വസിക്കുന്നു.

അധ്യാപനത്തെ ഒരു ജോലിയായി മാത്രം കാണാതെ നന്മ ചെയ്യാനുള്ള അവസരമായി കാണുകയാണ് സെലസ്റ്റിൻ സാർ. അധ്യാപകർക്ക് ഇന്ന് സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അവരുടെ കരങ്ങളിലൂടെയാണ് ഒരു തലമുറ വാർത്തെടുക്കപ്പെടുന്നത്. ഈ ഒരു ബോധ്യം മനസിൽ ഉള്ളതുകൊണ്ടാവാം അദ്ദേഹം ഒട്ടും സമയം പാഴാക്കാതെ പ്രവർത്തനനിരതനാകുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.