കരുണയുടെ കാവൽക്കാരൻ: കർദ്ദിനാൾ അന്തോണി പൂളയുടെ സുവിശേഷദീപ്തിയാർന്ന ജീവിതത്തിലൂടെ

സുനീഷ വി.എഫ്.

“ദരിദ്രരെ സുവിശേഷമറിയിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കും.” ‘ദാരിദ്ര്യം മൂലം ഒരു കുട്ടിക്കു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്’ എന്ന ആപ്തവാക്യമാണ് ബിഷപ്പായി ചുമതലയേറ്റപ്പോൾ അദ്ദേഹം സ്വീകരിച്ചത്.

കർദ്ദിനാൾ അന്തോണി പൂളയുമായി സുനിഷാ വി.എഫ് നടത്തിയ അഭിമുഖം

“എന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു അത്. എന്നാൽ ദൈവത്തിന്റെ തീരുമാനം വിനയത്തോടു കൂടി സ്വീകരിക്കുന്നു” – ലോകത്തിലെ ആദ്യത്തെ ‘ദളിത് കർദ്ദിനാളായി’ നിയമിതനായ അന്തോണി പൂളയുടെ ആദ്യ പ്രതികരണം ഇപ്രകാരമായിരുന്നു.

2022 മെയ് 29-ന് വൈകുന്നേരം നാലു മണിക്കാണ് ഫ്രാൻസിസ് മാർപാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നിന്നും പുതിയ കർദ്ദിനാൾമാരുടെ പേരുകൾ വെളിപ്പെടുത്തിയത്. പരിശുദ്ധ പിതാവ് തന്റെ പേരും ഉച്ചരിച്ചത് ഇവിടെ ഇന്ത്യയിൽ ഹൈദരാബാദ് ആർച്ചുബിഷപ്പായ അന്തോണി പൂള അറിഞ്ഞതുപോലുമില്ല. ലോകത്തിന്റെ വിവിധയിടങ്ങളിൽ ടെലിവിഷൻ കണ്ടുകൊണ്ടിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തെ ഇക്കാര്യങ്ങൾ അറിയിച്ചപ്പോൾ, ഇതൊരു വ്യാജവാർത്തയായിരിക്കും എന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ ഇന്ത്യയിൽ നിന്നും ആർച്ചുബിഷപ്പ് ഫിലിപ്പ് നേരിയോടൊപ്പം താനും കർദ്ദിനാൾ പദവിയിലേക്ക് നിയമിക്കപ്പെടുന്നു എന്ന വാർത്ത കുറച്ചുകഴിഞ്ഞപ്പോൾ വത്തിക്കാനിൽ നിന്ന് ന്യൂൺഷ്യോ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ മാത്രമായിരുന്നു അദ്ദേഹം വിശ്വസിച്ചത്.

കർദ്ദിനാൾ അന്തോണി പൂള ലോകത്തിലെ ആദ്യത്തെ ‘ദളിത് കർദ്ദിനാളായി’ നിയമിതനാകുന്ന വേളയാണിത്. നിരവധിയായ തിരക്കുകൾക്കിടയിൽ തന്റെ അജപാലന അനുഭവങ്ങളും അറിവുകളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് അദ്ദേഹം.

‘പാവങ്ങളെ സഹായിക്കാൻ എനിക്കും ഒരു വൈദികനാകണം’

ഹൈദരാബാദിലെ കുർണൂൽ രൂപതയിൽ പോലൂരിൽ 1961 നവംബർ 15-നാണ് പൂള ചിന്ന അന്തോണി – ആരോഗ്യമ്മ ദമ്പതികളുടെ മകനായി കർദ്ദിനാൾ അന്തോണി പൂള ജനിച്ചത്. ചിന്തുകൂർ സ്‌കൂളിലാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

“ഒൻപതാം ക്ലാസിലെത്തിയപ്പോൾ മിഷനറി വൈദികനായ ഫാ. ബോൺ ആയിരുന്നു എന്നെ ഒരു സെമിനാരിയിലേക്ക് പറിച്ചുനടുന്നത്. അങ്ങനെ ഒൻപതാം ക്ലാസും പത്താം ക്ലാസും ഞാൻ കുർണൂൽ സെമിനാരിയിൽ നിന്നായിരുന്നു പൂർത്തിയാക്കിയത്. അതിനുശേഷം ഒരു വൈദികനാകുന്നതിനോടൊപ്പം തന്നെ അക്കാദമിക വിദ്യാഭ്യാസവും നേടിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ STBC കോളേജിൽ നിന്നും ബികോം പാസായി. ആ മൂന്നു വർഷക്കാലം എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ഭക്ഷണം കഴിക്കണം, താമസിക്കുന്ന മുറിക്ക് വാടക കൊടുക്കണം. ഇതിനുള്ള പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനാൽ മൂന്നു വർഷക്കാലം ഞാൻ പ്രഭാതഭക്ഷണം കഴിക്കാതെയായിരുന്നു കോളേജിൽ പൊയ്‌ക്കോണ്ടിരുന്നത്.”

“ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം എന്റെ ആത്മീയപിതാവായിരിക്കുന്ന ഫാ. ആൽബർട്ട് വെഗാസ്, എന്റെ ജീവിതത്തിലെ നിർണ്ണായകമായ ആ തീരുമാനമെടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ ഒരുപാട് മിഷനറിമാരുടെ സഹായത്താലാണ് ഇതുവരെയും എത്തിയത്. എനിക്ക് എന്റെ പഠനത്തിനും രൂപീകരണത്തിനും ആവശ്യമായ തുക ഇല്ലാതിരുന്ന സമയത്ത് എന്നെ സഹായിച്ചത് മിഷനറിമാരാണ്. അതുകൊണ്ടു തന്നെ പാവങ്ങളെ സഹായിക്കാൻ, എനിക്കും അവരെപ്പോലെ ഒരു വൈദികനാകണം എന്ന ആഗ്രഹം എന്നിലുണ്ടായി. അങ്ങനെ സമൂഹത്തിന്റെ താഴേക്കിടയിലുള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കാനും അവർക്കാവശ്യമായ പിന്തുണ നൽകാനുമായി ഞാൻ എന്റെ പൗരോഹിത്യ ജീവിതത്തിലേക്കുള്ള വലിയ വിളിയെ ക്രിസ്തുവിന് സമർപ്പിക്കുകയായിരുന്നു” – കർദ്ദിനാൾ ലൈഫ് ഡേയോട് മനസ് തുറക്കുകയാണ്.

അതിനുശേഷം അദ്ദേഹം കടപ്പ മൈനർ സെമിനാരിയിൽ രൂപതാ വൈദിക വിദ്യാർത്ഥിയായി. അന്തോണി ബ്രദറിന് വിദ്യാഭ്യാസം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് സഭാധികാരികളും ദൈവവും ഒരുപോലെ മനസിലാക്കിയതിനാലാവണം, വൈദിക വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തന്നെ സ്‌കൂൾ ഹോസ്റ്റൽ വാർഡൻ ആയി പ്രവർത്തിക്കാൻ പ്രത്യേകമാംവിധം ദൈവം അദ്ദേഹത്തെ ഭരമേല്പിച്ചത്. സെമിനാരി പഠനത്തിനു ശേഷം 1992 ഫെബ്രുവരി 20-ന് അദ്ദേഹം ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി. അന്നു മുതൽ ഇന്നോളം സ്വർഗ്ഗം വലിയ പദ്ധതികളായിരുന്നു ഫാ. അന്തോണി പൂള എന്ന പുരോഹിതനായി ഒരുക്കിയിരുന്നത്. സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന അസമത്വത്തെ വേരോടെ ഇല്ലായ്മ ചെയ്യാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഉറച്ചുവിശ്വസിച്ച ഒരു പുരോഹിതന് ദൈവം നൽകിയതും അത്തരത്തിലൊരു വലിയ മിഷൻ തന്നെ ആയിരുന്നു.

ലാളിത്യമുള്ള പുരോഹിതൻ, എളിമയുള്ള മിഷനറി 

വൈദികനായതിനു ശേഷം പതിനാറര വർഷക്കാലവും ഫാ. അന്തോണി പൂള ഇടവകയുടെ ചുമതലകളോടൊപ്പം തന്നെ രൂപതയുടെ മിഷൻ പ്രദേശങ്ങളിലെ സ്‌കൂളുകളുടെയും ബോർഡിങ്ങുകളുടെയും ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചുപോന്നു. അദ്ദേഹം സേവനം ചെയ്ത ആന്ധ്രാപ്രദേശിലെ ബദ് വേൽ പ്രദേശത്തുള്ള അവർ ലേഡി ഓഫ് ഫാത്തിമ ദൈവാലയം, സ്‌കൂൾ, ബോർഡിങ് എന്നിവയുടെ എല്ലാവിധ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിനായിരുന്നു. അഞ്ചു വർഷക്കാലം അവിടെ സേവനം ചെയ്തു. അതിനു ശേഷം മറ്റൊരു മിഷൻ ഇടവകയായ വീരബല്ലിയിലെ ഇടവക വൈദികനായി. ഇത്തവണയും സമാനമായ കാര്യങ്ങൾ തന്നെയായിരുന്നു ദൈവം ഫാ. അന്തോണിക്ക് നൽകിയത്. ഇടവകയോടൊപ്പം തന്നെ അവിടെയുള്ള നാല് എലിമെന്ററി സ്‌കൂളുകളുടെയും ഒരു യു.പി സ്‌കൂളിന്റെയും ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നു.

പിന്നീട് അമേരിക്കയിലെ മിഷിഗണിലെ സെന്റ് ജോസഫ് സിറ്റിയിലെ ഇടവക വൈദികനായി സേവനം ചെയ്യാനായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ടത്. വളരെയധികം ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുള്ള തന്റെ അഭിഷിക്തന് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ ഷിക്കാഗോയിലെ ലയോള സർവ്വകലാശാലയിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷനിൽ പി.ജി പഠനം പൂർത്തിയാക്കാൻ ദൈവം അവസരം നൽകി. പഠനത്തിനു ശേഷം ഫാ. അന്തോണി ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അവിടെ അദ്ദേഹത്തെ കാത്തിരുന്നത് അല്പം കൂടി വലിയ ഉത്തരവാദിത്വമായിരുന്നു.

കടപ്പ, ചിത്തൂർ സ്‌കൂളുകളുകളുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി അദ്ദേഹം നിയമിതനായി. അദ്ദേഹത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനാവശ്യമായ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഈ കാലയളവിൽ അദ്ദേഹത്തിനു  കഴിഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം നല്ലൊരു തൊഴിൽ എന്ന ലക്ഷ്യത്തെയും വിദ്യാർത്ഥികളുടെ മനസിലേക്ക് പകരാൻ അദ്ദേഹത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കു സാധിച്ചു. തുടർന്ന് ‘ക്രിസ്ത്യൻ ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് ഏജിങ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആയി നാലു വർഷത്തോളം സേവനം ചെയ്തു.

മുൻപിൽ നിൽക്കുന്നത് ആരായാലും അവരോടൊക്കെയും ദയവോടെ പെരുമാറുന്ന ശ്രേഷ്ഠമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു കർദ്ദിനാൾ പൂള. വിദ്യാഭ്യാസം അത് വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ലഭിക്കേണ്ട അടിസ്ഥാന അവകാശമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ തന്നെയായിരുന്നു തന്റെ വൈദികജീവിത കടമകൾക്കൊപ്പം കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസത്തിനായി അദ്ദേഹം പ്രത്യേകം പ്രയത്നിച്ചതും.

നല്ല ഇടയന്റെ പ്രിയപ്പെട്ട ഇടയനായി

2008 ഫെബ്രുവരി എട്ടിനാണ് കുർണൂൽ രൂപതയുടെ ബിഷപ്പായി അദ്ദേഹം നിയമിതനാകുന്നത്. തന്റെ പന്ത്രണ്ടര വർഷത്തെ ഇടയജീവിതത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. തന്റെ രൂപതയിലെ ദരിദ്രഗ്രാമങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷത്തോടൊപ്പം തന്നെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളും കൂടുതൽ മികവുള്ളതാക്കാൻ ബിഷപ്പ് അന്തോണി പൂള പരിശ്രമിച്ചു. “ദാരിദ്ര്യം മൂലം ഒരു കുട്ടിക്കു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്” എന്ന ആപ്തവാക്യമാണ് ബിഷപ്പായി ചുമതലയേറ്റപ്പോൾ അദ്ദേഹം സ്വീകരിച്ചത്. ഇതിൽ നിന്നു തന്നെ മനസിലാക്കാം അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളുടെ നേർവെളിച്ചം. 2020 നവംബർ 19-നാണ്‌ ഹൈദരബാദ് അതിരൂപതയുടെ ആർച്ചുബിഷപ്പായി അദ്ദേഹം നിയമിതനാകുന്നത്.

“വിദൂര ഗ്രാമങ്ങളിലെ ദരിദ്രരായ മനുഷ്യരുടെ ഭക്തിയും ഉത്സാഹവും കാണുമ്പോൾ അവരോട് വലിയ അനുകമ്പയും സ്നേഹവും തോന്നി; ഒപ്പം ദരിദ്രരെങ്കിലും അവരുടെ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള വലിയ ഉത്തരവാദിത്വം നിർവ്വഹിക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നി. അവർക്കു നൽകാൻ പണമോ, വിൽക്കാൻ സ്വത്തുക്കളോ ഇല്ല. എന്നാൽ നാം അവർക്ക് വിദ്യാഭ്യാസം നൽകുകയാണെങ്കിൽ അത് അവർക്ക് നമ്മളാൽ കൊടുക്കാൻ കഴിയുന്ന  വലിയൊരു സമ്മാനമായിരിക്കും. കഴിയുന്നത്ര പാവപ്പെട്ട കുട്ടികളെ സഹായിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്” – കർദ്ദിനാൾ പറയുന്നു.

കത്തോലിക്കാ സഭയിലെ ആദ്യ ദളിത് കർദ്ദിനാൾ

ആർച്ചുബിഷപ്പ് അന്തോണി പൂള കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നു എന്ന വാർത്ത ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ-വിദേശമാധ്യമങ്ങളും സഭാനേതൃത്വവും വളരെ ഭാവത്മകമായാണ് ഇതിനെ കാണുന്നത്. “ദക്ഷിണേന്ത്യയോടുള്ള പാപ്പായുടെ പ്രത്യേക കരുതലും സ്നേഹവുമായിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. എന്റെ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചതെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്കുള്ള പാപ്പായുടെ പ്രത്യേക ശ്രദ്ധയാണിതെന്നും വിശ്വസിക്കുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്കായുള്ള ബഹുമതിയായും താഴേക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായും ഫ്രാൻസിസ് പാപ്പാ പ്രതീക്ഷിക്കുന്നുണ്ടാകും. അതിനാൽ തന്നെ ഇതൊരു ആഗോള ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്. ദരിദ്രരെ സുവിശേഷമറിയിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കും” – കർദ്ദിനാൾ ലൈഫ് ഡേയോട് വെളിപ്പെടുത്തി.

പ്രശസ്ത ദൈവശാസ്ത്രജ്ഞനായ ഫാ. ഫെലിക്സ് വിൽഫ്രഡ് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “ദളിതർക്ക് ഒരു കർദ്ദിനാളിന്റെ ആവശ്യമില്ല. പക്ഷേ, സഭയ്ക്ക് ഒരു ദളിത് കർദ്ദിനാളിനെ ആവശ്യമുണ്ട്. ആ ആവശ്യം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നു.” തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയുമൊക്കെ ഭരണഘടന ഇല്ലാതാക്കിയെങ്കിലും ദാരിദ്ര്യം ഇന്നും വേണ്ടുവോളമുണ്ട്. അതിനാൽത്തന്നെ, അടിസ്ഥാനപരമായി നൽകേണ്ട വിദ്യാഭ്യാസവും മറ്റ് സാമൂഹിക ഉന്നമനവും ആവശ്യമായവർക്ക് ലഭിക്കാതെ വരുന്നു. ഒരു മിഷനറിയായിരുന്നുകൊണ്ട് ഇത്തരത്തിലുള്ളവർക്കു വേണ്ടി പ്രവർത്തിക്കാനാണ് അദ്ദേഹം ഒരു പുരോഹിതനായിത്തീർന്നതും സ്വജീവിതം ക്രിസ്തുവിന്റെ പ്രതിപുരുഷനായി നിന്നുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി സമർപ്പിച്ചിരിക്കുന്നതും.

പ്രാർത്ഥന എന്ന ശക്തി

ലാളിത്യത്തിന്റെ മഹാമിഷനറി എന്ന് കർദ്ദിനാൾ പൂളയെ വിശേഷിപ്പിക്കുന്നതിൽ യാതൊരു സന്ദേഹത്തിന്റെയും ആവശ്യമില്ല. വലിയ തിരക്കുകൾക്കിടയിലും പേര് ചൊല്ലി വിളിച്ചുകൊണ്ടാണ് പലപ്പോഴും ആദ്യമായി പരിചയപ്പെടുന്നവരോടു പോലും അദ്ദേഹം സംസാരിക്കുക. യാതൊരുവിധ പുറംപൂച്ചുകളുമില്ലാതെ, മുൻപിൽ വന്നുനിൽക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഏറ്റവും സൗഹാർദ്ദപരമായി സ്വീകരിക്കാൻ കർദ്ദിനാൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

പ്രാർത്ഥനയിലൂന്നിയ പ്രബോധനങ്ങളും ലക്ഷ്യങ്ങളും മാത്രമേ ഈ പുരോഹിതശ്രേഷ്ഠനുള്ളൂ. യാത്രകളൊന്നുമില്ലെങ്കിൽ നിത്യാരാധനാ ചാപ്പലിലായിരിക്കും അദ്ദേഹം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുക. അവിടുത്തോട് എത്രത്തോളം ചേർന്നുനിൽക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് കർദ്ദിനാളിന്റെ എളിമയും നന്മയുടെ നിറച്ചാർത്തുള്ള ഇടപെടലുകളും. മുൻപിൽ നിൽക്കുന്നവരെ അങ്ങേയറ്റം ബഹുമാനത്തോടെ മാത്രമേ ഇന്നുവരെയും അദ്ദേഹം സ്വീകരിച്ചിട്ടുള്ളൂ. അതിനാൽ തന്നെ കർദ്ദിനാൾ എന്ന വലിയ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ വിശുദ്ധമായ കരങ്ങളിൽ ഏറ്റവും വിശ്വസ്തമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. 30 വർഷത്തെ പൗരോഹിത്യ-അജപാലന ജീവിതത്തിന്റെ പുതിയൊരു അധ്യായമാണ് കർദ്ദിനാൾ പദവി സ്വീകരിച്ചതിനോടൊപ്പം അദ്ദേഹം ഏറ്റെടുക്കുന്നത്.

വിഭജനത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞവനാണ് യേശുക്രിസ്തു. അതേ ക്രിസ്തുവിന്റെ വീക്ഷണങ്ങളുടെ ആകെത്തുകയാണ് കർദ്ദിനാൾ അന്തോണി പൂളയുടെ ജീവിതം. സമൂഹത്തിൽ യേശുക്രിസ്തു പ്രത്യേക പരിഗണന നൽകിയ ഒരുവിഭാഗം ആളുകളുണ്ട് – സ്ത്രീകൾ, കുട്ടികൾ, ദരിദ്രർ, അശുദ്ധരെന്ന് സമൂഹം മുദ്ര കുത്തിയവർ, അടിച്ചമർത്തപ്പെട്ടവർ, വംശീയവിവേചനം നേരിടുന്നവർ… ഇവരെയൊക്കെ തന്നോട് ചേർത്തുനിർത്തിക്കൊണ്ടാണ് ക്രിസ്തു തന്റെ പരസ്യജീവിതം ലോകത്തിനു മാതൃകയായി നൽകിയത്. ഈയൊരു സമാനത കർദ്ദിനാൾ അന്തോണിയുടെ ജീവിതത്തിലും കാണാൻ സാധിക്കും. ക്രിസ്തു തന്നോട് ചേർത്തുനിർത്തിയവരെ തന്നെയാണ് അദ്ദേഹവും തന്റെ പൗരോഹിത്യ ജീവിതത്തിൽ ഇന്നോളം ചേർത്തുപിടിച്ചത്. “ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ലൂക്ക 4:18) എന്ന്, തന്റെ പ്രവാചകദൗത്യം ആരംഭിച്ചപ്പോൾ യേശുക്രിസ്തു പറഞ്ഞ അതേ വാചകം തന്നെ സ്വജീവിതം കൊണ്ട് അന്വർത്ഥമാക്കിയിരിക്കുകയാണ് കർദ്ദിനാൾ അന്തോണി പൂള.

കർത്താവിന്റെ എളിയ ദാസനായിരിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന കരുണയുടെ കാവൽക്കാരൻ കർദ്ദിനാൾ അന്തോണി പൂളയ്ക്ക് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.