കപ്പൂച്ചിൻ വൈദികരോടൊത്ത് ഇറ്റലിയിലേക്ക് തീർത്ഥാടനം നടത്തി ഹോളിവുഡ് നടൻ

വളരെ ജനസമ്മിതി നേടിയിട്ടുള്ള ട്രാൻസ്‌ഫോർമേഴ്‌സ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ഷിയാ ലാബ്യൂഫ്. ഒരു കൂട്ടം കപ്പൂച്ചിൻ സന്യാസിമാർക്കൊപ്പം, അദ്ദേഹം ഇറ്റലിയിലെ പാദ്രെ പിയോ ആശ്രമം സന്ദർശിച്ചു.

2021 ആഗസ്റ്റിൽ, ചലച്ചിത്ര നിർമ്മാതാവ് ആബെൽ ഫെരാര സംവിധാനം ചെയ്യാൻ പോകുന്ന വി. പാദ്രെ പിയോയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയിൽ ഷിയാ നായകനാകുമെന്ന വിവരം പുറത്തുവിട്ടിരുന്നു. കാലിഫോർണിയയിലെ കപ്പൂച്ചിൻ വൈദികനായ ഹായ് ഹോ, ഡിസംബർ അവസാനം ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്റെ റെക്കോർഡിംഗുകളെക്കുറിച്ചുള്ള വിവരവും ഇറ്റലിയിലേക്കുള്ള യാത്രയിൽ ഷിയയുടെയും നിരവധി സന്യാസിമാരുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും ചെയ്തു. 2021 ആഗസ്റ്റ് 13 -ന്, ‘പാദ്രെ പിയോ’ എന്ന ചിത്രത്തിലെ തന്റെ പങ്കാളിത്തം ഷിയാ ഒരു വീഡിയോയിലൂടെ സ്ഥിരീകരിച്ചു. ഒപ്പം ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിലൂടെ ഒരു സന്യാസിയെ അടുത്തറിയാനും താൻ ശ്രമിക്കുകയാണെന്ന് ഷിയാ വ്യക്തമാക്കി.

ഇറ്റലിയിലെ സിനിമ ചിത്രീകരണ സമയത്തുടനീളം ‘പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ’ ഉണ്ടായിട്ടുണ്ടെന്നാണ് ഷിയയും സഹോദരൻ അലക്സും പറയുന്നത്. അലക്സിനും സിനിമയിൽ ഒരു വേഷമുണ്ട്. വി. പാദ്രെ പിയോ താമസിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത സാൻ ജിയോവാനി റൊട്ടോണ്ടോയിലെ കപ്പൂച്ചിൻ സന്യാസിമാരെ ഷിയാ സന്ദർശിച്ചു. അസ്സീസിയിലേക്കും ലൊറെറ്റോയിലേക്കും തീർത്ഥാടനം നടത്താനും റോമിലെ കപ്പൂച്ചിൻ ഓർഡറിന്റെ അധികാരിയെ കാണാനും ഷിയക്ക് അവസരം ലഭിച്ചു. ഇതുവരെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

“എന്നേക്കാൾ വലിയ കാര്യങ്ങളിൽ ഞാൻ ഇപ്പോൾ പൂർണ്ണമായും മുഴുകിയിരിക്കുകയാണ്. ആളുകൾ ദൈവികമായ ഒന്നിന് സ്വയം സമർപ്പിക്കുന്നതു കാണുന്നത് വളരെ ആകർഷകമാണ്. ഇതുപോലൊരു സാഹോദര്യം നിലവിലുണ്ടെന്ന് അറിയുന്നത് ആശ്വാസകരമാണ്. ഞാൻ ഇവിടെ വന്നതിനു ശേഷം എനിക്ക് അനുഗ്രഹമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല. അവരെ കണ്ടുമുട്ടിയതിൽ എനിക്ക് വളരെ ബഹുമാനം തോന്നുന്നു” – ഷിയാ പറയുന്നു.

നീണ്ട ഇടവേളക്കു ശേഷമാണ് ഷിയാ വീണ്ടും സിനിമയിൽ സജീവമാകുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.