
ഇപ്പോഴത്തെ യുദ്ധവും അസമാധാനവും ഇസ്രായേലിൽ കൂടുതൽ പിരിമുറുക്കങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും നവോമി എന്ന യഹൂദപ്പെൺകുട്ടിക്ക് ഇസ്രയേലിനോടുള്ള മമതയും സ്നേഹവും ഇരട്ടിയാണ്. സൈബീരിയയിൽ നിന്നും ഇസ്രായേലിൽ എത്തിയതുമുതൽ അവൾക്ക് ഈ നാട് ഏറ്റവും പ്രിയപ്പെട്ട ഇടമാണ്.
“ഇത് എന്റെ വീടാണ്. നല്ലതും മോശപ്പെട്ടതുമായവ ഇവിടെയുണ്ടാകും. പക്ഷേ, ഞാൻ എന്നും ഇവിടെയുണ്ട്,” നവോമി പറഞ്ഞു തുടങ്ങി. സൈബീരിയയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന അവളുടെ മാതാപിതാക്കൾ സൈന്യത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. യഹൂദമാരുടെ വിശുദ്ധ ദിനങ്ങളൊന്നും തന്നെ അവർ ആചരിച്ചിരുന്നില്ല എന്നതിനൊപ്പംതന്നെ അവർ അതിനെക്കുറിച്ചൊന്നും തന്നെ കൂടുതൽ ബോധവാൻമാരുമല്ലായിരുന്നു.
പിന്നീട് ഒരു കൂട്ടായ്‌മയിൽ വെച്ചാണ് അവർ ഒരു യഹൂദ ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത്. അങ്ങനെ അമ്മയോടൊപ്പം നവോമിയും ഈ ഏജൻസിയുടെ കൂട്ടായ്മ്മകളിൽ പങ്കെടുക്കാൻ ആരംഭിച്ചു. നവോമിക്ക് 14 വയസ്സുള്ളപ്പോൾ, കൗമാരക്കാർക്കായി മാതാപിതാക്കളില്ലാതെ ഇസ്രായേലിലെ ഹൈസ്‌കൂളിൽ ചേരാനും പിന്നീട് “അലിയാ” അഥവാ ഇസ്രായേലിലേക്ക് കുടിയേറാനുമുള്ള പരിപാടിയായ നാലെയെക്കുറിച്ച് അവൾ കേട്ടു.
“ഈ പരിപാടിയെ കുറിച്ച് കേട്ടപ്പോൾ ഞാൻ ആഹ്ലാദഭരിതനായി. ഒരു നിർജ്ജീവമായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനും വീണ്ടും ആരംഭിക്കാനുമുള്ള എന്റെ അവസരമായിരുന്നു അത്.” നവോമി ഓർക്കുന്നു. നവോമി പോകുന്നതിൽ അവളുടെ മാതാപിതാക്കളും സന്തോഷഭരിതരായിരുന്നു.
നവോമി തന്റെ ജീവിതം ആരംഭിച്ചത് ഇസ്രായേലിലെ കിബ്ബട്ട്സ് ഗഡോട്ടിലാണ്. അവൾ ആ നാടിനെയും അവിടുത്തെ ആളുകളെയും പുതുതായി കണ്ടെത്തിയ സ്വാതന്ത്ര്യത്തെയും സ്നേഹിച്ചു. നാലെ എന്ന പ്രോഗ്രാമിലൂടെ, അവളെ കിബ്ബട്ട്സിൽ നിന്നുള്ള ഒരു കുടുംബം ദത്തെടുത്തു.
“അങ്ങനെ ഞാൻ ആ കുടുംബത്തിന്റെ ഭാഗമായി. സ്നേഹവും കരുതലും ഉള്ള ഒരു വീടിന്റെ ഭാഗമാകുക എന്നതിന്റെ അർഥമെന്താണെന്ന് അവർ എനിക്ക് കാണിച്ചുതന്നു. ഇപ്പോൾ എന്റെ കുടുംബം അവരുടെ കുടുംബത്തിന്റെ ഭാഗമാണ്,” നവോമി പറയുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നവോമി ഒരു വർഷം ദേശസേവനം ചെയ്തു. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. തുടർന്നു എയർഫോഴ്‌സ് കനൈൻ യൂണിറ്റിൽ അവൾ സൈനിക സേവനം ചെയ്തു. പിന്നീട് യൂണിറ്റ് കമാണ്ടറായി ഉയർന്നെങ്കിലും അവൾ എൻജിനീയറിങ് പഠിക്കാൻ സൈന്യത്തിൽ നിന്നും വിരമിച്ചു. സ്വയം ജോലി ചെയ്തുകൊണ്ട് തന്റെ പഠന ചെലവ് വഹിച്ചു. അങ്ങനെ അവൾ ഒരേസമയം പഠനത്തിലും ജീവിതത്തിലും തിളങ്ങി.
കോളേജ് കാലത്ത് പുതിയ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നതിനായി ആറ്റിഡിം ഓർഗനൈസേഷൻ നടത്തുന്ന ടേക്ക്ഓഫ് എന്ന പുതിയ പ്രോഗ്രാമിലൂടെ, ട്യൂഷൻ, സ്റ്റൈപ്പന്റ്, ട്യൂട്ടറിംഗ്, അക്കാദമിക് കൗൺസിലിംഗ്, ഒരു ലാപ്‌ടോപ്പ്, ജോലി ലഭിക്കുന്നതിനുള്ള സഹായം എന്നിവയെല്ലാം ലഭിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി കാർമീൽ അബ്‌സോർപ്‌ഷൻ സെന്ററിൽ പുതിയ കുടിയേറ്റക്കാർക്കൊപ്പം നവോമി സന്നദ്ധസേവനം നടത്തി.
“ഞാൻ എന്റെ കഥ അവരോട് പറഞ്ഞു, എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും സാധിക്കും. ഈ രാജ്യത്തെ വെല്ലുവിളികൾ മാത്രമല്ല, ഇവിടുത്തെ അവസരങ്ങളെയാണ് നോക്കേണ്ടത്,” നവോമി അവരെ പ്രോത്സാഹിപ്പിച്ചു. താൻ ഈ രാജ്യത്തിൽ നിന്നും സ്വീകരിച്ച എല്ലാ നല്ല കാര്യങ്ങളും തിരികെ നൽകാനുള്ള ഒരു മാർഗമായാണ് നവോമി തന്റെ സന്നദ്ധ സേവനത്തെയും പ്രവർത്തനങ്ങളെയും കാണുന്നത്.
ഇസ്രായേലിലെ പ്രമുഖ പ്രതിരോധ കമ്പനികളിലൊന്നിൽ കഴിഞ്ഞ എട്ട് വർഷമായി നവോമി ജോലി ചെയ്തു വരികയാണ്. അതോടൊപ്പം വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ്. “ഈ നാട്ടിൽ വന്നപ്പോൾ ആദ്യം തോന്നിയത് കുട്ടികളോടുള്ള സ്നേഹമായിരുന്നു. എന്റെ കുട്ടികളെ ഇവിടെ വളർത്തിയെടുക്കാൻ കഴിഞ്ഞത് ഒരു വലിയ പദവിയായി ഞാൻ കാണുന്നു.” നവോമി പറയുന്നു.
കിര്യത് അറ്റയിൽ താമസിക്കുന്ന കുടുംബം ഇപ്പോൾ കിബ്ബത്ത്സ് അഫേക്കിൽ ഒരു വീട് പണിയുകയാണ്. 2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി റേറ്റുചെയ്‌ത എൻവിഡിയ സോഫ്റ്റ്‌വെയർ കോർപ്പറേഷനിലാണ് നവോമി ഇപ്പോൾ ജോലി ചെയ്യുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ടും ഇസ്രായേലിനോടുള്ള നവോമിയുടെ സ്നേഹം അല്പം പോലും കുറഞ്ഞില്ല. മറിച്ച്, “എന്തെങ്കിലും ഉണ്ടെങ്കിൽ, അത് എന്നെ കൂടുതൽ ദേശസ്‌നേഹിയാക്കി. ഇത് എന്റെ വീടാണ്, എത്ര നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാൻ ഇവിടെത്തന്നെയുണ്ടാകും.” അവൾ പറയുന്നു.
“എനിക്ക് ഈ രാജ്യം വളരെയേറെ കാര്യങ്ങൾ നൽകിയിട്ടുണ്ട്. എനിക്ക് ഇത്രയും ഉയരങ്ങളിൽ എത്താമെങ്കിൽ, നിങ്ങൾ തയാറാണെങ്കിൽ ഈ രാജ്യം ഇപ്പോഴും കൂടുതൽ നിങ്ങൾക്ക് നൽകാൻ തയാറാണ്,” നവോമി ഉറപ്പോടെ പറയുന്നു.
സുനീഷാ വി. എഫ്.