അടുക്കളയിൽ നിന്ന് അൾത്താരയിലേക്ക്; അതിശയിപ്പിക്കുന്ന ദൈവവിളിയുടെ സാക്ഷ്യവുമായി മുൻ പിസ്സ അക്രോബാറ്റിക്സ് ചാമ്പ്യൻ

ഫ്രാൻസിലെ പിസ പ്രേമികളെ കൊതിപ്പിച്ചിരുന്ന യുവ ഷെഫ്. വ്യത്യസ്തതകൾ നിറഞ്ഞ അദ്ദേഹത്തിൻറെ പിസ നിർമ്മാണം കാണുവാൻ തന്നെ ധാരാളം ആളുകൾ ഈ യുവാവിനെ തേടി എത്തിയിരുന്നു. രുചിയിലും ആകർഷകമായ നിർമ്മാണ ശൈലിയിലും ഫ്രാൻസിലെ പിസ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ക്രിസ്റ്റോഫ് റെബെക്കായ് 2008-ലെ പിസ്സ അക്രോബാറ്റിക്സ് ചാമ്പ്യനും ആയിരുന്നു. ക്രിസ്റ്റോഫിൻറെ കഴിവുകളിൽ അഭിമാനപൂരിതനായ പിതാവ് പിസ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നു വന്നിരുന്ന കുടുംബ ബിസിനസ് ഏൽപ്പിക്കുവാൻ തുടങ്ങുന്നതിനിടയിലാണ് താൻ വൈദികനാകുവാൻ പോകുകയാണെന്ന് അറിയിക്കുന്നത്. ഫ്രാൻസിലെ യുവ തലമുറയെ അതിശയപ്പെടുത്തികൊണ്ട് ജൂൺ അഞ്ചാം തീയതി വൈദികനായി അഭിഷിക്തനായി യുവ വൈദികന്റെ ദൈവവിളി അനുഭവം വായിക്കാം.

ഫ്രഞ്ച് കരീബിയൻ ദ്വീപായ മാർട്ടിനിക്കിൽ നിന്നുള്ള ക്രിസ്റ്റോഫ് റെബെക്കായ് ജൂൺ ആറിന് ഫോർട്ട്-ഡി-ഫ്രാൻസ് (മാർട്ടിനിക്ക്) കത്തീഡ്രലിൽ ബിഷപ്പ് മകെയറിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് യഥാർത്ഥമായ സമ്പത്ത് കണ്ടെത്തിയതിന്റെ സന്തോഷമായിരുന്നു. ആ സമ്പത്തിനു പിന്നാലെയുള്ള യാത്ര അദ്ദേഹം ആരംഭിച്ചത് നന്നേ ചെറുപ്പത്തിൽ തന്നെ ആയിരുന്നു. ക്രൈസ്തവ വിശ്വാസത്തിൽ ഏറെ ആഴപ്പെട്ട ഒരു കുടുംബമായിരുന്നു ക്രിസ്റ്റോഫിന്റേത്. എല്ലാ ദിവസവും വൈകുന്നേരം ഉള്ള കുടുംബ പ്രാർത്ഥന കുഞ്ഞായിരുന്ന ക്രിസ്റ്റോഫിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ദൈവത്തെ ‘പിതാവേ’ എന്ന് വിളിച്ചു അഭിസംബോധന ചെയ്തിരുന്ന തന്റെ മാതാപിതാക്കളെ അത്ഭുതത്തോടെ നോക്കിയിരുന്ന ആ കുഞ്ഞു ബാലന്റെ ഉള്ളിലും കാലക്രമേണ ദൈവം പിതാവായി മാറുകയായിരുന്നു. ഈ കുടുംബ പ്രാർത്ഥനയും തിരിച്ചറിവും ആയിരുന്നു ദൈവവിളി തിരിച്ചറിയുവാൻ തന്നെ സഹായിച്ചത് എന്ന് ഈ യുവ വൈദികൻ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ ദൈവവിളിയിലേയ്ക്ക് വഴിതെളിച്ച മറ്റൊരു മാതൃകയും ആ കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നു. അത് ക്രിസ്റ്റോഫിന്റെ ചേട്ടൻ സാമുവൽ ആയിരുന്നു. വിശ്വാസത്തിന്റെ പാതയിൽ ചരിച്ച ചേട്ടനും ഇന്ന് വൈദികനാണ്. ഒരിക്കൽ തന്നോടൊപ്പം ജപമാല ചൊല്ലുവാൻ ചേട്ടൻ തയ്യാറായതിന്റെ ഓർമ്മ ഈ യുവ വൈദികന്റെ മനസ്സിൽ പച്ചകെടാതെ നിൽക്കുന്നു. ആ സംഭവത്തിനു ശേഷം ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ക്രിസ്റ്റോഫ് ശ്രദ്ധിച്ചിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസു മുതൽ കൂടുതൽ പ്രാർത്ഥിക്കേണ്ടത് ആവശ്യമായി അദ്ദേഹത്തിന് തോന്നിയിരുന്നു. ആ തോന്നലിൽ നിന്നാണ് ദൈവത്തിന്റെ വിളി പൂർണ്ണമായി ഉൾക്കൊള്ളുവാൻ കഴിഞ്ഞത്. ‘ഞാൻ കർത്താവിനെ സേവിക്കാൻ പോകുകയാണെങ്കിൽ, ഞാൻ അവനെ പൂർണ്ണമായി തിരഞ്ഞെടുക്കും’ എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞതായി ക്രിസ്റ്റോഫ് ഓർക്കുന്നു. അങ്ങനെ ക്രിസ്റ്റോഫ് അടുക്കളയിലെ ജീവിതം അവസാനിപ്പിച്ച്‌ അൾത്താരയിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു.

ഒരു വൈദികനാകുവാൻ പോകുകയാണെന്നുള്ള ക്രിസ്റ്റോഫിന്റെ തീരുമാനം സുഹൃത്തുക്കളിലും അടുത്തുള്ള ആളുകളിലും ആദ്യം ഞെട്ടലാണ് ഉളവാക്കിയത്. അടിച്ചു പൊളിച്ചുള്ള ജീവിതത്തിൽ നിന്ന് ആത്മീയതയിലേക്കുള്ള ക്രിസ്റ്റോഫിന്റെ ചുവടുമാറ്റം ആദ്യം അത്ഭുതമായിരുന്നു അദ്ദേഹത്തിൻറെ സുഹൃത്തുക്കൾക്ക്. എന്നാൽ വൈദികനായ ശേഷം ആ അത്ഭുതം ഒരു സാക്ഷ്യമായി മാറുകയാണ്.

വൈദികനായി അഭിഷിക്തനായ അദ്ദേഹം ഫോർട്ട്-എൻ-ഫ്രാൻസ് സെന്റ് മേരീസ് ഇടവകയിൽ തന്റെ ശുശ്രൂഷാ ജീവിതം ആരംഭിക്കുവാൻ തയ്യാറെടുക്കുകയാണ്. “സഭയ്ക്ക് എന്നെ ആവശ്യമില്ല, എനിക്ക് സഭയെയാണ് വേണ്ടത്” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളെ അനുദിനം വിചിന്തനത്തിനു വിധേയമാക്കുന്ന ഈ വൈദികൻ സഭയുടെ സ്നേഹം അത് വ്യത്യസ്തതകൾ നിറഞ്ഞതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.