ജീവിതത്തിലെ പ്രതിസന്ധികളെ ദൈവഹിതമായി സ്വീകരിക്കുന്ന ഒരു പിതാവ്

അമ്മയില്ലാത്ത നാല് കുഞ്ഞുങ്ങൾ; അതും രണ്ടു കൂട്ടം ഇരട്ടകൾ. ഏറ്റവും ഇളയ കുഞ്ഞിന്റെ പ്രായം വെറും ഒരു മാസം. അച്ഛനായ കാർലോസിന് ആദ്യം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അമ്മയില്ലാത്ത നാല് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും? എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ് എന്ന തിരുവചനം വിശ്വസിച്ച് കാർലോസ് മുന്നോട്ടു നീങ്ങി. ഇന്ന് അദ്ദേഹം ഏറെ സന്തോഷവാനായ ഒരു പിതാവാണ്.

15 വർഷങ്ങൾക്കു മുൻപാണ് കാർലോസിന് തന്റെ പിതാവിനെ നഷ്ടമാകുന്നത്. പിതാവിന്റെ മരണം ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങൾ കാർലോസിൽ ഉയർത്തി. ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ ഇത് കാരണമായി. തുടർന്ന് കാർലോസ് കത്തോലിക്കാ സംഘടനകളിലെ സജീവപ്രവർത്തകനായി മാറി.

കൊളംബിയൻ നഗരമായ മെഡലിനിലാണ് കാർലോസ് കുടുംബസമ്മേതം താമസിക്കുന്നത്. കാർലോസിനും ഭാര്യ കരോലീനയ്ക്കും 2016 മാർച്ച് പത്തിനാണ് ഇരട്ടകളായ മരിയ കമിലയും മരിയ എലിസയും ജനിച്ചത്. അടുത്ത വർഷം, സെപ്റ്റംബർ ഇരുപതിന് ഇരട്ടക്കുഞ്ഞുങ്ങളായ അലെജന്ദ്രയും ലോറയും ജനിച്ചു. എന്നാൽ പിറ്റേ ദിവസം ഈ നാല് കുഞ്ഞുങ്ങളെയും അനാഥരാക്കി അമ്മ ദൈവസന്നിധിയിലേക്ക് യാത്രയായി. ഭാര്യയുടെ അപ്രതീക്ഷിത വിയോഗവും അതുപോലെ അമ്മയുടെ കരുതലും സ്നേഹവും നഷ്‌ടമായ തന്റെ നാല് കുഞ്ഞുങ്ങളെ ഓർത്തുള ആകുലതയും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. എങ്കിലും കാർലോസ് തളർന്നില്ല. തന്നിലുള്ള ഉറച്ച ക്രൈസ്തവ വിശ്വാസം അദ്ദേഹത്തെ മുന്നോട്ടു നയിച്ചു.

നാല് കുഞ്ഞുങ്ങളെ വളർത്തുക എന്നത് ഒരിക്കലും നിസാരമായ ഒന്നല്ല. പക്ഷേ അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും ബന്ധുക്കളും ഈ കർത്തവ്യനിർവ്വഹണത്തിന് കാർലോസിനെ സഹായിച്ചു. അവരെ തന്റെ ജീവിതത്തിലെ മാലാഖമാരായാണ് കാർലോസ് കാണുന്നത്. വേദനകളിൽ ആശ്വാസവാക്കുകൾ പറയുവാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും തനിക്കായി ദൈവം ഒരുക്കിയവരാണ് ഇവരെന്നാണ് കാർലോസ് പറയുന്നത്.

“ഒരു കുഞ്ഞിനെ വളർത്തുന്നതിനേക്കാൾ എളുപ്പമാണത്രെ നാല് കുഞ്ഞുങ്ങളെ വളർത്തുന്നത്. കാരണം, അവർ പരസ്പരം കൂട്ടു കൂടും. ഒരിക്കലും ഒറ്റപ്പെടലോ, ഏകാന്തതയോ അവർ അറിയുന്നില്ല” – കാർലോസ് പറയുന്നു. മാത്രമല്ല, കാർലോസിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ അമ്മയായ ഫാബിയോളയും സഹായിയായി ലിലിയാന എന്ന സ്ത്രീയുമുണ്ട്.

2014 സെപ്റ്റംബറിലാണ് കാർലോസും കരോലീനയും വിവാഹിതരാകുന്നത്. കരോലിന ഒരു കെമിക്കൽ എൻജിനീയറും കാർലോസ് ഒരു ബിസിനസുകാരനുമായിരുന്നു. 2015 മാർച്ചിലായിരുന്നു എട്ട് മാസം പ്രായമായ അവരുടെ ഉദരസ്ഥശിശുവിനെ അവർക്ക് നഷ്ടമാകുന്നത്. തങ്ങൾ ഏറെ സ്വപ്നം കണ്ടിരുന്ന ആദ്യകുഞ്ഞിന്റെ നഷ്‌ടത്തോട് പൊരുത്തപ്പെടാൻ അവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പ്രത്യാശ കൈവിടാതെ ഒരു കുഞ്ഞിനെ ലഭിക്കാൻ വേണ്ടി അവർ നിരന്തരം പ്രാർത്ഥിക്കാൻ തുടങ്ങി. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രാർത്ഥനയുടെ ഉത്തരമെന്നോണം കരോലിന വീണ്ടും ഗർഭിണിയായി. രണ്ടാമത്തെ അൾട്രാസൗണ്ട് സ്‌കാനിങ്ങിലാണ് ഇരട്ടക്കുഞ്ഞുങ്ങളെയാണ് തങ്ങൾക്ക് ലഭിക്കാൻ പോകുന്നതെന്ന് അവർ അറിയുന്നത്. കുഞ്ഞുങ്ങൾക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരുകൾ നൽകണമെന്നായിരുന്നു ഈ ദമ്പതികളുടെ ആഗ്രഹം. ഒടുവിൽ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ, അവർക്ക് മരിയ കമില എന്നും മരിയ എലിസയെന്നും പേരുകൾ നൽകി.

തുടക്കത്തിൽ ഇരട്ടക്കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണമെന്ന് കാർലോസിനും കരോലീനയ്ക്കും അറിയില്ലായിരുന്നു. എന്നാൽ ക്രമേണ അവർ അതുമായി പൊരുത്തപ്പെട്ടു. എന്നാൽ ഈ കുഞ്ഞുങ്ങൾക്ക് വെറും ഒൻപതു മാസം മാത്രം പ്രായമുള്ളപ്പോഴാണ് കരോലിന വീണ്ടും ഗർഭിണിയാവുന്നത്; അതും ഇരട്ടക്കുഞ്ഞുങ്ങൾ. കാർലോസിന്റെയും കരോളിന്റെയും കുടുംബത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്ന പാരമ്പര്യമുണ്ട്. അതിലുപരി ഇത് ദൈവത്തിന്റെ പദ്ധതി എന്നു പറയാനാണ് കാർലോസ് ഇഷ്ടപ്പെടുന്നത്.

സെപ്റ്റംബർ ഇരുപതിനാണ് രണ്ടാമത്തെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത്. അതും കൊറിയയിലെ രക്തസാക്ഷികളുടെ ദിനത്തിൽ. കാർലോസിന് ഈ രക്തസാക്ഷികളോട് ഒരു പ്രത്യേക ഭക്തിയുണ്ടായിരുന്നു. “തന്റെ കുഞ്ഞുങ്ങൾക്ക് മദ്ധ്യസ്ഥരായി ഉള്ളത് 103 വിശുദ്ധരാണ്” – കാർലോസ് പറഞ്ഞു. ഇവർക്ക് നൽകിയ പേരുകൾ അലെജന്ദ്ര, ലോറ എന്നാണ്. അലെജന്ദ്രയെ മാത്രമേ കരോലീനയ്ക്ക് കൈകളിൽ എടുക്കാൻ സാധിച്ചുള്ളൂ. ലോറ ജനിച്ചയുടനെ അവൾക്ക് ഓക്സിജൻ കുറഞ്ഞുപോയതു കൊണ്ട് അമ്മയുടെ കൈകളിൽ കൊടുക്കാൻ സാധിച്ചില്ല. പ്രസവശേഷം കാർലോസും കരോലീനയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കരോലീന നിശബ്ദയായി, ചലനവുമില്ല. ഹാർട്ട് അറ്റാക്കായിരുന്നു. പക്ഷേ മരിച്ചിട്ടില്ല.

“ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ച് മിനിറ്റുകൾക്കു ശേഷം, അവൾക്ക് നിയന്ത്രണതീതമായ രക്തസ്രാവം ആരംഭിച്ചു. തുടർന്നു വന്ന 12 മണിക്കൂറിൽ ഏകദേശം 20 ഡോക്ടർമാർ കരോലീനയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു” – കാർലോസ് ഓർമ്മിക്കുന്നു. കാർലോസ് പലരോടും പ്രാർത്ഥനാസഹായം ചോദിച്ചു. അന്ന് രാത്രി ഒരു സുഹൃത്ത് വിളിച്ച്, കരോലീന സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നത് നിർത്തി, ദൈവഹിതം നിറവേറ്റപ്പെടാൻ പ്രാർത്ഥിക്കാൻ കാർലോസിനോട് ആവശ്യപ്പെട്ടു. കരോലീന മരണത്തോട് അടുത്തിരിക്കുന്നുവെന്ന് കാർലോസ് തിരിച്ചറിഞ്ഞു. തന്റെ ഭാര്യ കുമ്പസാരിച്ച് ദൈവത്തോട് ഐക്യപ്പെട്ട അവസ്ഥയിൽ തന്നെയാണ് എന്നത് കാർലോസിനെ ആശ്വസിപ്പിച്ചു. “ദൈവമേ, പൂർണ്ണമായി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു” – കാർലോസ് പ്രാർത്ഥിച്ചു.

കാർലോസ്, തന്റെ ഭാര്യയുടെ അടുത്തു ചെന്നു നിന്ന് അവളുടെ കൈകളിൽ സ്പർശിച്ചു. ചെവിയിൽ, താൻ അറിയാതെ ചെയ്തുപോയ എല്ലാ തെറ്റുകൾക്കും അവളോട് മാപ്പ് ചോദിച്ചു. കരോലീനയുടെ നെഞ്ചിടിപ്പ് അപ്പോഴക്കും താഴ്ന്നു തുടങ്ങിയിരുന്നു. എന്നാൽ താനും കുഞ്ഞുങ്ങളും സന്തോഷത്തോടു കൂടെ ജീവിക്കും എന്നു പറഞ്ഞപ്പോൾ അവളുടെ നെഞ്ചിടിപ്പ് അല്പം ഒന്ന് ഉയർന്നിരുന്നു. എന്നാൽ വൈകാതെ തന്നെ അവൾ സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. തന്റെ ഭാര്യയെ ചികിത്സിച്ച ഡോക്ടർമാർക്കും അവളെ പരിചരിച്ച നഴ്‌സുമാർക്കും കാർലോസ് നന്ദി പറഞ്ഞു.

രണ്ട് ദിവസങ്ങൾ കഴിഞ്ഞ് കാർലോസ് ഇരട്ടക്കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്കു വന്നു. കാർലോസിന്റെ മൂത്ത ഇരട്ടകുട്ടികളും അവരുടെ വരവും കാത്തിരിക്കുകയിരുന്നു. അമ്മ ഇനി വരില്ല എന്ന് ആ കുഞ്ഞുങ്ങൾ അറിഞ്ഞിരുന്നു. പലരും അവർക്കായി സഹായഹസ്തങ്ങൾ നീട്ടി. കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പലരും സ്പോൺസർ ചെയ്യാൻ തുടങ്ങി. എന്നാൽ അത് കാർലോസിന്റെ കുഞ്ഞുങ്ങൾക്ക് ആവശ്യത്തിലധികമായിരുന്നു. അങ്ങനെ അധികം വന്ന സാധനങ്ങൾ കാർലോസ് മറ്റ് കുഞ്ഞുങ്ങൾക്കായി നൽകി. അമ്മയില്ലാത്ത തന്റെ കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹവും പരിചരണവും കൂടുതൽ ആവശ്യമാണെന്ന് കാർലോസിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ തന്റെ ബിസിനസിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം അദ്ദേഹം കുട്ടികൾക്കായി കൂടുതൽ സമയം മാറ്റിവച്ചു. പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കാൻ കാർലോസ് പഠിച്ചത് ഈ സമയത്താണ്.

സഹോദരങ്ങളേക്കാൾ ഉപരി കാർലോസിന്റെ മക്കൾ നല്ല കൂട്ടുകാരായിരുന്നു. സ്നേഹത്താൽ വലയം ചെയ്യപ്പെട്ടാണ് അവർ വളർന്നത്. സഹോദരങ്ങളെപ്പോലെ തന്നെ അവർ തമ്മിലും ചില പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും അവർ പരസ്പരം കരുതലുള്ളവരാണ്. ഓരോ ദിവസവും രാത്രി, കാർലോസ് ഓരോരുത്തരോടുമൊപ്പം പുറത്തേക്കിറങ്ങും. അവരുമായി സംസാരിക്കും. അവരെ കേൾക്കാൻ സമയം ചിലവഴിക്കും.

പലപ്പോഴും മക്കൾ തന്നെ തങ്ങളുടെ വല്യമ്മയോട് പറയും, അച്ഛൻ മറ്റൊരു വിവാഹം കഴിക്കട്ടെയെന്ന്. അങ്ങനെ അവർക്ക് ഒരമ്മയെ കിട്ടുമല്ലോ. എന്നാൽ ദൈവഹിതം നിറവേറട്ടെ എന്നാണ് കാർലോസ് ഇതിനു നൽകുന്ന മറുപടി. കരോലീന മരിച്ചിട്ട് നാലര വർഷമായി. ആ വേദന ഇപ്പോഴും കാർലോസിന്റെ മനസ്സിലുണ്ട്. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം കാർലോസിനെ ശക്തിപ്പെടുത്തുകയാണ്. അദ്ദേഹത്തെ മുന്നോട്ട് നയിക്കുകയാണ്. കരോലീനയുടെ ജീവിതകഥ കാർലോസ് പലരോടും പങ്കുവയ്ക്കുന്നുണ്ട്.

ഒരിക്കൽ കാർലോസും കുട്ടികളും പങ്കെടുത്ത ഒരു മീറ്റിംഗിന്റെ അവസാനത്തിൽ, അതിന്റെ സംഘാടകർ അവരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. സംഘടകരിലൊരാൾ കാർലോസിനോട്, അവരുടെ കൂടെ വന്ന സ്ത്രീ ആരാണെന്ന് ചോദിച്ചു. അങ്ങനെ ഒരാൾ കൂടെയില്ലായെന്ന് കാർലോസിന് അറിയാമായിരുന്നു. കാർലോസ് ഉടനെ കരോലീനയുടെ ഒരു ഫോട്ടോ സംഘാടകനെ കാണിച്ചു. ഈ സ്ത്രീയെ തന്നെയാണത്രെ അവർ കണ്ടത്. കരോലിന സ്വർഗ്ഗത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നതിന്റെ അടയാളമാണിത്. അമ്മയില്ലാത്ത നാല് കുഞങ്ങളെ സംരക്ഷിക്കാൻ അവരുടെ അമ്മ സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് മാദ്ധ്യസ്ഥം വഹിക്കുകയാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.