ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്…

രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ്, കുറിക്കണമെന്നു പല തവണ വിചാരിച്ചതാണ്. സാധിച്ചില്ല. ഇപ്പോൾ ഒരു യാത്രക്കിടെ അല്പം സമയം കിട്ടിയപ്പോൾ ഒന്നു കുറിക്കാമെന്നു കരുതി.

കൃത്യമായി പറഞ്ഞാൽ, 2022 മെയ് മാസം മുപ്പതാം തീയതി തിങ്കളാഴ്ച. സമയം: വൈകുന്നേരം ആറേമുക്കാൽ.

സ്ഥലം: ജർമ്മനി – ബവേറിയുടെ ഹൃദയം എന്നറിയപ്പെടുന്ന ആൾട്ടോട്ടിങ്ങ് മാതാവിൻ്റെ പുണ്യഭൂമി.

വിശുദ്ധ കുർബാനയ്ക്കു തയ്യാറെടുക്കുമ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു. രണ്ടു വൃദ്ധ ദമ്പതികൾ പരസ്പരം കരങ്ങൾ കോർത്തുപിടിച്ചു കൊണ്ട് ദൈവാലയത്തിലേക്ക് കയറി വരുന്നു. ഏകദേശം എൺപതിനടത്തു പ്രായം തോന്നിപ്പിക്കും. വയോധികനായ ആ മനുഷ്യൻ്റെ തോളിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. നിരവധി ട്യൂബുകൾ നിറത്ത സഞ്ചി. രണ്ട് ട്യൂബുകൾ മൂക്കിൽ ഘടിപ്പിച്ചിരിക്കുന്നു. കൗതുകത്തോടെ ഞാൻ നോക്കിയപ്പോൾ അടുത്തു നിന്ന വ്യക്തി പറഞ്ഞു.

“അച്ചാ, അത് ഓക്സിജൻ മാസ്കാണ്.”

സഞ്ചി താഴെവച്ചു അദേഹം ബെഞ്ചിലിരുന്നു. ഏഴുമണിക്കുള്ള വിശുദ്ധ കുർബാനയ്ക്കായി സ്വയം തയ്യാറെടുക്കുന്നു. വിശുദ്ധ കുർബാനയ്ക്കു വരാൻ സാധിച്ചതിൻ്റെ ആത്മസംതൃപ്തി ആ മുഖത്തു തെളിഞ്ഞു കാണാം. തനിക്കു പറ്റുന്ന രീതിയിൽ പ്രാർത്ഥനകൾ ചൊല്ലിയും പാട്ടുകൾ പാടിയും ആ വല്യപ്പച്ചൻ കുർബാനയിൽ പങ്കുചേർന്നു. വിശുദ്ധ കുർബാനയുടെ സ്വീകരണ സമയമായപ്പോൾ സഞ്ചിയും തൂക്കി ഭാര്യയുടെ കൈ പിടിച്ച് അൾത്താരയുടെ മുമ്പിലേക്കു വന്നു. ഈശോയെ കൈകളിൽ സ്വീകരിക്കുമ്പോൾ ആ മുഖത്തു തെളിഞ്ഞ സന്തോഷം അവർണ്ണനീയം! വിശുദ്ധ കുർബാനയ്ക്കു വരാതിരിക്കാൻ നൂറു നൂറു കാരണങ്ങൾ നിരത്തുന്ന നിരവധി മുഖങ്ങൾ എൻ്റെ മുമ്പിൽ മിന്നി മറഞ്ഞു.

ദൈവമേ, അവർ ഇത് ഒന്നു കണ്ടിരുന്നെങ്കിൽ…

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.