‘ഇങ്ങനെയും നാട്ടിൽ വൈദികരുണ്ട്’: വൃക്ക ദാനം ചെയ്യുന്ന വൈദികനെക്കുറിച്ച് കോളജ് പ്രൊഫസർ എഴുതുന്നു

വർഷങ്ങളായി വൃക്കരോഗത്താൽ വലയുന്ന ഒരു യുവാവിന് തന്റെ വൃക്ക ദാനം ചെയ്യുകയാണ് ഫാ. ജോബി പുത്തൂർ എന്ന യുവ വൈദികൻ. അദ്ദേഹത്തെക്കുറിച്ച് തൃശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് പ്രൊഫസറായ ഡോ. ഡെയിസൺ പാണേങ്ങാടൻ എഴുതുന്ന കുറിപ്പ് – ‘ഇങ്ങനെയും നാട്ടിൽ വൈദികരുണ്ട്!’

ഈയടുത്ത നാളുകളിലാണ്, കൃത്യമായി പറഞ്ഞാൽ ഒരു മാസം മുൻപാണ്, ജോബിയച്ചൻ എന്റെ നാടിനടുത്തുള്ള അടാട്ടു നിന്ന് സ്ഥലം മാറിപ്പോയത്. മൂന്നു വർഷങ്ങൾക്കു മുൻപ്, അടാട്ടിലേക്ക് അച്ചൻ വന്നത് വടക്കാഞ്ചേരിക്കടുത്തുള്ള കരുമത്ര ഇടവകയിൽ നിന്നായിരുന്നു. ലാളിത്യം കൊണ്ട് ഇടവകയിലെ മുഴുവൻ ആളുകളേയും സ്വാധീനിക്കാനുള്ള പ്രാപ്തി തന്നെയാണ്, ശരീരം കൊണ്ട് ചെറുതാണെങ്കിലും അച്ചന്റെ മെയ് വഴക്കം.

ഇടവക തലത്തിലും ഫൊറോന തലത്തിലും അതിരൂപത തലത്തിലും കത്തോലിക്കാ കോൺഗ്രസിലും കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയിലും പ്രവർത്തിച്ചിരുന്ന കരുമത്രയിലെ അത്മായനേതാവും സുഹൃത്തുമായ തന്റെ മുൻ ഇടവകാംഗത്തിന് ഗൗരവതരമായ ശാരീരിക ബുദ്ധിമുട്ടുണ്ടായപ്പോൾ ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും മാത്രമല്ല, തന്റെ ജീവന്റെ ഒരു ഭാഗം തന്നെ പകുത്തു നൽകാൻ ജോബിയച്ചൻ മറുചിന്തകളില്ലാതെ തയ്യാറാകുകയായിരുന്നു. അജഗണത്തിന്റ ആവശ്യങ്ങൾ കണ്ടറിയുന്നവനാണ്, യഥാർത്ഥ വൈദികനെന്ന ആപ്തവാക്യം ഇവിടെ പൂർണ്ണമാകുകയാണ്.

പത്തു വർഷത്തെയെങ്കിലും പരിചയവും ബന്ധവും വ്യക്തിപരമായി അച്ചനുമായുണ്ട്. ഞങ്ങളുടെ ഫൊറോനയിൽ പെടുന്ന അടാട്ട് പള്ളിയിലായിരുന്നു അച്ചൻ കഴിഞ്ഞ ടേമിൽ. ഇപ്പോഴും പഴയ ഫീച്ചർ ഫോണുപയോഗിക്കുന്ന, ഇടവകക്കു പുറത്തുള്ള യാത്രകളിൽ ബസിനെയും ഇടവകാതിർത്തിയിലുള്ള യാത്രയിൽ സൈക്കിളും മാത്രമുപയോഗിക്കുന്ന വൈദികൻ. സ്വയം ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന, തികഞ്ഞ ലാളിത്യവും വിനയവുമുള്ള യുവ വൈദികൻ. സംസാരത്തിലും പ്രവർത്തിയിലും ലാളിത്യവും വിനയവും സ്നേഹവും പ്രകടിപ്പിക്കുന്ന ജോബിയച്ചൻ, ഇടവകയുടെ ആത്മീയഗുരു എന്നതിനൊപ്പം തന്നെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപിക്കുന്നതിൽ ശ്രദ്ധാലുവുമാണ്.

ഇത് ഒരു തുടർച്ചയാണ്.

വൈദികരും സന്യസ്തരും നൂറ്റാണ്ടുകളായി തുടരുന്ന നന്മയുടെ തുടർച്ച. ഒറ്റപ്പെട്ട തെറ്റുകളെ പർവ്വതീകരിക്കുന്ന കൂട്ടരൊന്നും ഇത്തരം നന്മകളെ കാണാനിടയില്ല. പക്ഷേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും നന്മയുടെ സൗരഭ്യവുമായി അവർ ഇവിടെ ഈ നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ചു മരിക്കുന്നുണ്ട്.

നന്മകളുണ്ടാകട്ടെ.

ജോബിയച്ചനും വൃക്ക സ്വീകരിക്കുന്ന എന്റെ പ്രിയ സുഹൃത്തിനും പ്രാർത്ഥനകളും ആയുരാരോഗ്യങ്ങളും നേരുന്നു.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.