അനുഭവിച്ച ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ണില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയില്‍ബുച്ച നിവാസികള്‍

റഷ്യന്‍ സൈന്യം വന്നതിനു ശേഷം ബുച്ചയില്‍ എല്ലാം മാറിമറിഞ്ഞു. അവിടുത്തെ ഭൂരിഭാഗം ആളുകളും പലയിടത്തേക്കായി ഓടിപ്പോയി, അവരില്‍ ബഹുഭൂരിപക്ഷവും ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്ക് തിരിച്ചുവരാനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായ ഒരു ചെറിയ കൂട്ടം ആളുകള്‍ മാത്രമേ ഈ നഗരത്തില്‍ ഇപ്പോള്‍ ഉള്ളൂ.

അഞ്ച് ദിവസം മുമ്പാണ് സെര്‍ജിയും ഭാര്യയും ബുച്ചയിലെ അവരുടെ ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അവരും അയല്‍ക്കാരും ചേര്‍ന്ന് തങ്ങളുടെ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും ഷെല്ലുകളുടേയും കെട്ടിടങ്ങളുടേയും കൂമ്പാരം കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ശ്രമിക്കുകയാണ്.

“എപ്പോഴും വീട്ടിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം. അതിനാല്‍ തിരിച്ചുവരാനുള്ള ആദ്യ അവസരം തന്നെ ഞങ്ങള്‍ ഉപയോഗിച്ചു. കൂടാതെ, വീട്ടില്‍ ഉപേക്ഷിച്ചുപോയ വസ്തുവകകള്‍ എല്ലാം സുരക്ഷിതമാണോ എന്നും ഞങ്ങള്‍ക്ക് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് തിരിച്ചുപോരാനുള്ള അവസരം ഞങ്ങള്‍ വേണ്ടെന്നു വച്ചില്ല” – സെര്‍ജി പറയുന്നു.

സെര്‍ജിയുടെ ഫ്‌ളാറ്റിനു സമീപത്ത് അവരുടെ ഒരു അയല്‍ക്കാരനെ സംസ്‌കരിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കൊലപ്പെടുത്തിയതായിരുന്നു അദ്ദേഹത്തെ. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് അവര്‍ പോവുകയാണുണ്ടായത്. സെര്‍ജി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, അദ്ദേഹം ആദ്യം ചെയ്തത് തന്റെ അയല്‍ക്കാരനെ മാന്യമായി സംസ്‌കരിക്കുക എന്നതായിരുന്നു.

ബുച്ച പ്രദേശവാസികള്‍ ഇപ്പോള്‍ മരണവുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ഡെനിസ് ഡേവിഡോഫ് എന്ന വ്യക്തി അധിനിവേശത്തിലുടനീളം ബുച്ചയില്‍ തന്നെ താമസിക്കുകയായിരുന്നു. റഷ്യക്കാര്‍ പോയപ്പോള്‍, അദ്ദേഹം തെരുവിലിറങ്ങി. ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ചുറ്റിലും. നിലത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍; അതില്‍ ചിലത് കൈകള്‍ പിന്നില്‍ ബന്ധിച്ച നിലയിലായിരുന്നു – അദ്ദേഹം ഓര്‍ക്കുന്നു.

“ഞാന്‍ തെരുവിലിറങ്ങി നടന്നു. എല്ലായിടത്തും റഷ്യന്‍ സൈന്യം ഉണ്ടായിരുന്നു. എങ്കിലും എനിക്ക് പേടി തോന്നിയില്ല, കാരണം അപ്പോഴേയ്ക്കും മരണവും ഭയാനക കാഴ്ചകളുമെല്ലാം ശീലമായിരുന്നു. ബുച്ചയിലെ കൂട്ടക്കുരുതിയെ ലോകം ഒന്നടങ്കം അപലപിച്ചപ്പോള്‍ അത് വ്യാജവാര്‍ത്തയാണെന്ന് റഷ്യ അവകാശപ്പെട്ടു. മൃതദേഹങ്ങള്‍ ഉക്രൈന്‍ അധികൃതര്‍ കൊണ്ടിട്ടതാണെന്നു പോലും അവര്‍ വാദിച്ചു. പക്ഷേ, എല്ലാം നേരിൽ കണ്ടയാളാണ് ഞാന്‍. കൊല്ലപ്പെട്ടവരില്‍ എനിക്ക് പരിചയമുള്ളവരും ഉണ്ടായിരുന്നു” – ഡേവിഡോഫ് പറയുന്നു.

ബുച്ചയിലെ ജനങ്ങള്‍, തങ്ങളുടെമേല്‍ പതിച്ച ദുരന്തവുമായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഇതുവരെ പൂര്‍ണ്ണമായും സുരക്ഷിതരായിട്ടുമില്ല. പൊട്ടാത്ത ഷെല്ലുകള്‍ നഗരത്തിലുടനീളം കാണാന്‍ കഴിയും. പലായനം ചെയ്ത ആളുകള്‍ക്ക് മടങ്ങിവരാന്‍ ഈ പട്ടണങ്ങള്‍ വീണ്ടും സുരക്ഷിതമാക്കുക എന്നത് ഒരു വലിയ ജോലിയാണ്.  എങ്കിലും കാലക്രമേണ, ഇതെല്ലാം മായ്ക്കപ്പെടും, മൃതദേഹങ്ങളെല്ലാം അടക്കം ചെയ്യപ്പെടും, പാതകള്‍ പഴയപടിയാകും, തകര്‍ന്ന കെട്ടിടങ്ങളും ജനാലകളും നന്നാക്കും, അനുഭവിച്ച ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ണില്‍ നിന്ന് അപ്രത്യക്ഷമാകും എന്നെല്ലാമുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങള്‍.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.