സമർപ്പിത ജീവിതത്തിന്റെ അമ്പതാം വാർഷിക നിറവിൽ കർമ്മലീത്ത മിണ്ടാമഠത്തിലെ സന്യാസിനി

വെനസ്വേലയിലെ കർമ്മലീത്ത മിണ്ടാമഠത്തിൽ തന്റെ സന്യസ്തജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് സി. മരിയ വിർജീനിയ. അമ്പതു വർഷങ്ങൾക്കു മുൻപ് തന്റെ സന്യസ്തജീവിതം തുടങ്ങിയ നിമിഷം മുതൽ ഇന്നു വരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ സന്യാസിനിക്ക്. സമർപ്പിത ജീവിതത്തിന്റെ അമ്പതാം വാർഷികദിനത്തിൽ തന്റെ കൈപിടിച്ചു നടത്തിയ ദൈവത്തിന് മറുപടിയായി പറയാൻ ഈ സന്യാസിനിക്ക് വാക്കുകളില്ല. അൾത്താരക്കു മുന്നിൽ നിന്നുകൊണ്ട് നന്ദിസൂചകമായി കണ്ണീർ പൊഴിക്കുന്ന മരിയ സിസ്റ്ററുടെ ജീവിതം അനേകർക്ക് പ്രചോദനമാണ്.

വെനസ്വേലയിലെ ആൾട്ടോസ് ഡി എസ്ക്യൂക്കിൽ കർമ്മലീത്താ സന്യാസ സസഭയിൽപെട്ട ഒരു മിണ്ടാമഠമുണ്ട്. തിരുഹൃദയ ആശ്രമം എന്നാണ് ഈ മഠത്തിന്റെ പേര്. ഇവിടെ ഇക്കഴിഞ്ഞ ജൂൺ എട്ടിന് ഒരു ആഘോഷം നടന്നു. അവിടുത്തെ സി. മരിയ വിർജീനിയ ഓഫ് ജീസസ് തന്റെ സമർപ്പിത ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയായിരുന്നു.

50 വർഷങ്ങങ്ങൾക്കു മുമ്പ് ദൈവത്തിനായി ജീവിക്കുമെന്ന തീരുമാനമെടുത്ത സിസ്റ്റർ, ഇന്നും ആ തീരുമാനത്തിലും ജീവിതത്തിലും സന്തോഷവതിയാണ്. മിണ്ടാമഠത്തിന്റെ നാല് ചുവരുകൾക്കുളിൽ തന്റെ മണവാളനായ ക്രിസ്തുവിനൊപ്പം ജീവിക്കുന്ന മരിയ സിസ്റ്റർക്ക് നന്ദി മാത്രമേ പറയാനുള്ളൂ, തന്നെ ഒരു സന്യാസിനിയാക്കിയതിന്, ക്രിസ്തുവിന്റെ സ്വന്തമാക്കിയതിന്. എപ്പോഴും പുഞ്ചിരി തൂകുന്ന, സന്തോഷമുള്ള മുഖമാണ് സിസ്റ്ററിന്റേത്. അതിൽ നിന്നു തന്നെ വ്യക്തമാണ് ഈ സമർപ്പിത ജീവിതം ആനന്ദദായകമാണെന്ന്.

“എന്റെ അയോഗ്യതകൾക്കിടയിലും ഞാൻ കർത്താവിനോട് വളരെ നന്ദിയുള്ളവളാണ്. എന്റെ എല്ലാ ആവശ്യങ്ങളിലും കർത്താവ് എന്റെ കൂടെയുണ്ട്. സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ ഞാൻ പോകുന്നത് ദിവ്യകാരുണ്യനാഥന്റെ സന്നിധിയിലേക്കാണ്. അവിടുന്ന് എപ്പോഴും എന്റെ സഹായമാണ്” – സി. മരിയ വിർജീനിയ പറയുന്നു. ഈശോയാണ് സി. മരിയയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്; ഒപ്പം ഈ സന്യാസിനിയുടെ മണവാളനും.

ജൂൺ എട്ടിന് ആശ്രമ ദൈവാലയത്തിൽ പ്രത്യേക കുർബാന ഉണ്ടായിരുന്നു. ട്രൂജില്ലോ രൂപതയുടെ ബിഷപ്പ് ജോസ് ട്രിനിഡാഡ് ഫെർണാണ്ടസ് അംഗുലോ ആയിരുന്നു ദിവ്യബലിയുടെ മുഖ്യകാർമ്മികൻ. ദൈവാലയത്തിൽ ഒരു പ്രത്യേക മുറിയിൽ നിന്നുകൊണ്ടാണ് സന്യാസിനികൾ പരിശുദ്ധ കുർബാനയിൽ പങ്കുചേർന്നത്. ആ മുറിയിൽ നിന്നാൽ അൾത്താര മാത്രമേ അവർക്ക് കാണാൻ സാധിക്കുകയുളളൂ. ദൈവാലയത്തിന്റെ മറ്റു ഭാഗങ്ങൾ ഒരു ഗ്രില്ലു കൊണ്ട് വേർതിരിച്ചിരിക്കുകയാണ്. ‘ദൈവാലയത്തിലെ ഗ്രില്ലുകൾ സന്യാസിനികളെ ലോകത്തിൽ നിന്ന് അകറ്റാനല്ല, പിന്നെയോ ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും സ്വന്തം ആത്മാവിനോട് ചേർത്ത് ദൈവത്തിനു സമർപ്പിക്കാനാണ്.’ ഇത് പറഞ്ഞിരിക്കുന്നത് കുരിശിന്റെ വി. തെരേസ ബെനെഡിക്റ്റയാണ്. നാസി തടങ്കലിൽ വച്ച് രക്തസാക്ഷിത്വം വരിച്ച ഈ വിശുദ്ധയുടെ ആദ്യ നാമം ഈഡിത് സ്റ്റെയിൻ എന്നായിരുന്നു.

സി. മരിയ വിർജീനിയ പരിശുദ്ധ കുർബാനക്കു വന്നപ്പോൾ ശിരസിൽ പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു കീരീടമുണ്ടായിരുന്നു. മരിയ സിസ്റ്റർ ദൈവാലയത്തിന്റെ മധ്യത്തിലാണ് അന്ന് നിന്നത്. മറ്റു സന്യാസിനികൾ ഈ സിസ്റ്ററിന്റെ ചുറ്റും നിന്നു. പരിശുദ്ധ കുർബാനയിൽ സന്ദേശമായി ബിഷപ്പ് പറഞ്ഞത് നിത്യപുരോഹിതനായ ക്രിസ്തുവിനെക്കുറിച്ചും സന്യസ്തജീവിതത്തെക്കുറിച്ചുമാണ്.

“മരിയ സിസ്റ്ററുടെ ജീവിതം അനേകം മനുഷ്യരുടെ ദൈവവിളിക്ക് ഉത്തരമേകാൻ പ്രചോദനമാണ്. ദിവസേനയുള്ള ധ്യാനത്തിലൂടെ മാത്രമേ ഒരാത്മാവിന് ദൈവസ്നേഹത്തിൽ ലയിച്ചുചേരാൻ സാധിക്കൂ. ഇതിനു സാക്ഷിയാണ് മരിയ സിസ്റ്ററുടെ അമ്പതു വർഷങ്ങൾ നീണ്ട സന്യാസജീവിതം” – ബിഷപ്പ് പറഞ്ഞു.

തുടർന്ന് സി. മരിയ വിർജീനിയ തന്റെ വ്രതങ്ങൾ നവീകരിച്ചു. ആശ്രമത്തിലെ മറ്റു സന്യാസിനികൾ ലത്തീൻ ഭാഷയിൽ ഗാനമാലപിച്ചു. ഗാനാലാപന സമയത്ത് രണ്ട് സന്യാസിനികൾ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സി. മരിയയുടെ മേൽ റോസാപ്പൂക്കൾ വിതറി. ഈ സമയമൊക്കെയും സി. മരിയയുടെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഇത്രയും ആഘോഷമൊന്നും മരിയ സിസ്റ്റർ പ്രതീക്ഷിച്ചിരുന്നില്ല. ഈ സുദിനത്തിൽ തന്റെ ബന്ധുക്കളെയും കാണാൻ സാധിച്ചതിൽ സിസ്റ്റർ സന്തോഷവതിയാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.