‘ഒരു വൈദികൻ പേടിച്ചോടിയാൽ എല്ലാവരും ഭയക്കും’ – ഉക്രൈനിലെ ദുരിതങ്ങൾക്കിടയിൽ നിന്നും പ്രതീക്ഷ പകർന്ന് ഒരു ബിഷപ്പ്

എട്ടു മാസമായി യുദ്ധം തുടരുന്ന ഉക്രൈനിലെ ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും ഇനി നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിച്ച് ഉക്രൈനിൽ നിന്നും ഒരു ബിഷപ്പ്. ഈ ദുരിതങ്ങൾക്കിടയിലും ജനങ്ങളെ സേവിക്കാൻ മടി കാട്ടാതെ ആശ്വാസമായി അവരോട് ചേർന്നുനിന്ന വൈദികർക്ക് ഖാർകിവിലെ ഗ്രീക്ക് കത്തോലിക്കാ ബിഷപ്പായ വാസിലിജ് തുച്ചാപെറ്റ്സ് നന്ദി പറയുകയാണ്.

ആക്രമണത്തിന്റെ ആദ്യ ദിവസം, റഷ്യക്കാർ ഖാർകിവിൽ ബോംബാക്രമണം തുടങ്ങിയപ്പോൾ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടാണ്  അഞ്ചു മണിയോടെ  ബിഷപ്പ് വാസിലിജ് ഉണർന്നത്. കത്തീഡ്രലിലേക്കുള്ള വഴിയിൽ ആളുകൾ പരിഭ്രാന്തരായി, പലരും ലഗേജുമായി സ്റ്റേഷനിലേക്ക് പോകാൻ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. നഗരം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലേക്ക് എത്തിയിരുന്നു. പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂവാണ്.

എല്ലാ വൈദികരും അവരവരുടെ ഇടവകകളിൽ, തങ്ങളെ ഭരമേൽപ്പിച്ച വിശ്വാസികളുടെ അടുത്തു തന്നെ തുടരണമെന്നായിരുന്നു അന്നത്തെ ബിഷപ്പിന്റെ ആദ്യ നിർദ്ദേശം. അതേ സമയം, മിക്ക ഗ്രീക്ക് കത്തോലിക്കാ രൂപതയിലെ വൈദികർക്ക് ഭാര്യമാരും കുട്ടികളും ഉള്ളതിനാൽ അവരുടെ കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന് കരുതലും ശ്രദ്ധയും ആവശ്യമായിരുന്നു.

ഒരു വൈകുന്നേരം കുർബാന കഴിഞ്ഞ് ബിഷപ്പ് കത്തീഡ്രലിൽ നിന്ന് ഇറങ്ങുമ്പോൾ, പള്ളിയിൽ കണ്ടിട്ടില്ലാത്ത ആ പ്രദേശത്തു തന്നെയുള്ള ഒരു കൂട്ടം യുവാക്കൾ ബിഷപ്പിനെ സമീപിച്ചു. ‘ഞങ്ങളോടൊപ്പം താമസിച്ചതിന് നന്ദി’ അവർ പറഞ്ഞു. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളുടെ സാന്നിധ്യം തന്നെ ആളുകളുടെ ആത്മാവിനെ ഉയർത്തുന്നു. “ഉക്രൈനിൽ തുടരുന്ന ഒരു വൈദികനും ഭയപ്പെടേണ്ടതില്ല. കർത്താവ് അവരെ അനുഗ്രഹിക്കും. ഒരു പുരോഹിതൻ ഓടിപ്പോയാൽ എല്ലാവരും തോൽക്കും” – ബിഷപ്പ് വാസിലിജ് പറയുന്നു.

2014-ൽ രൂപംകൊണ്ടതാണ് ഖാർകിവ് രൂപത. 84,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ രൂപതയിലാണ് ഖാർകിവ്, പോൾട്ടാവ, സുമി എന്നീ മൂന്ന് പ്രദേശങ്ങളും ഉൾപ്പെടുന്നത്. മൊത്തം ജനസംഖ്യ അഞ്ച് ദശലക്ഷത്തിലധികം വരും. ഈ പരമ്പരാഗത ഓർത്തഡോക്സ് പ്രദേശം സോവിയറ്റ് കാലഘട്ടത്തിൽ വളരെയധികം മതേതരവൽക്കരിക്കപ്പെട്ടിരുന്നു. “ഗ്രീക്ക് കത്തോലിക്കാ സഭയിലെ വിശ്വാസികളോടൊപ്പമാണ് ഞങ്ങൾ ജോലി ആരംഭിച്ചത്. ഭൂരിഭാഗവും ഖാർക്കിവിൽ താമസിച്ചിരുന്ന മുൻ സർവ്വകലാശാലാ വിദ്യാർത്ഥികളും സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരും ഉൾപ്പെട്ടവരാണ്” – ബിഷപ്പ് കൂട്ടിച്ചേർത്തു.

“അജപാലന പ്രവർത്തനങ്ങൾ യുദ്ധത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. പലർക്കും ഇവിടെ അഭയം കൊടുത്തു. ഇവിടെ നിന്നും ആദ്യം ഉണ്ടായിരുന്നവർ പോയി. സഹായവും അഭയവും തേടി പുതിയ ആളുകൾ വന്നു. മാനുഷിക സഹായത്തിനു മാത്രമല്ല ആളുകൾ ഖാർകിവ് കത്തീഡ്രലിൽ എല്ലാ ദിവസവും വരുന്നു. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനു ശേഷം, അവർ തങ്ങളുടെ മക്കളുടെ വിവാഹം നടത്താനും മാമ്മോദീസ നടത്താനും ഒക്കെ സമീപിക്കാറുണ്ട്” – അദ്ദേഹം വിശദീകരിക്കുന്നു.

പലപ്പോഴും മാസങ്ങളോളം അവരുടെ വീടുകളിലോ, ബേസ്‌മെന്റുകളിലും ഷെൽട്ടറുകളിലും കഴിഞ്ഞ കുട്ടികളും പള്ളിയിൽ വരാറുണ്ട്. സിസ്റ്റേഴ്സും ആനിമേറ്റർമാരും വരുന്നവർക്കായി ആഴ്ചയിൽ രണ്ടു തവണ ഗെയിമുകൾ, മത്സരങ്ങൾ, മീറ്റിംഗുകൾ, കാറ്റക്കിസം എന്നിവ സംഘടിപ്പിക്കുന്നു.

യുദ്ധം ആരംഭിച്ചയുടനെ ഖാർകിവിൽ സഹായം എത്തിത്തുടങ്ങി. കാലക്രമേണ, പുരോഹിതന്മാരും സന്നദ്ധപ്രവർത്തകരും ഭക്ഷണം, വസ്ത്രങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, കുട്ടികൾക്കുള്ള സാധനങ്ങൾ മുതലായവ തരംതിരിക്കുന്നതിൽ സമർത്ഥരായിത്തീർന്നു. അതിനാൽ ആളുകൾക്ക് ആവശ്യമുള്ളത് വേഗത്തിൽ നൽകാൻ അവർക്ക് കഴിയും. 1,500 മുതൽ 2,000 വരെ ആളുകൾ ഇപ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായത്തിനായി കത്തീഡ്രലിൽ എത്തുന്നു. റഷ്യൻ ഷെല്ലാക്രമണത്തിൽ പ്രാദേശിക ഗ്രാമങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതിനാൽ ആളുകൾ നഗരത്തിൽ അഭയം തേടുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.