32 അടി ഉയരം; സമർപ്പണം കലാപത്തിൽ മരിച്ച ക്രൈസ്തവർക്ക്‌ – ശ്രദ്ധേയമായി നാഗസാക്കിയിലെ മാതാവിന്റെ രൂപം

എൺപത്തിയെട്ടുകാരനായ ജാപ്പനീസ് ശിൽപി എയ്ജി ഒയാമത്സു, ഏകദേശം 10 മീറ്റർ (32 അടി) ഉയരമുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ, മരത്തിൽ കൊത്തിയുണ്ടാക്കിയ രൂപം പൂർത്തിയാക്കി. 40 വർഷം മുമ്പ് അദ്ദേഹം നിർമ്മിക്കാൻ ആരംഭിച്ച ഈ ശില്പം, 17-ാം നൂറ്റാണ്ടിൽ ഷിമാബാര കലാപത്തിനിടെ മരിച്ച ആയിരങ്ങളുടെ സ്മരണയ്ക്കായിട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

ടോക്കുഗാവ ഷോഗുണേറ്റിന്റെ ജനപ്രീതിയില്ലാത്ത നയങ്ങൾക്കെതിരെ പോരാടിയ പ്രദേശവാസികളായ കത്തോലിക്കാ കർഷകരെ മുഴുവൻ കൊന്നൊടുക്കുകയായിരുന്നു. ക്രിസ്തുവിശ്വാസത്തെ അടിച്ചമർത്തുന്നതിനായി അതിക്രൂരമായ ക്രൈസ്തവ പീഡനമാണ് തുടർന്ന് നാഗസാക്കിയിൽ ഉണ്ടായത്. അങ്ങനെ ജപ്പാനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന നാഗസാക്കി ഷോഗനേറ്റ് സൈന്യം പിടിച്ചെടുത്തു.

1543-ൽ പോർച്ചുഗലും ജപ്പാനും തമ്മിൽ വ്യാപാരം ആരംഭിച്ചു. പോർച്ചുഗീസുകാരാണ് ദ്വീപുകളിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ. ഈ ആദ്യ വ്യാപാര കാലഘട്ടത്തെ നാൻബൻ വ്യാപാര കാലഘട്ടം എന്ന് വിളിക്കാറുണ്ട്. പിന്നീട് ജെസ്യുട്ട് വൈദികർക്കായി നാഗസാക്കി തുറമുഖം വിട്ടുകൊടുത്തു. വിദേശവാണിജ്യത്തിനായി തുറന്നിരിക്കുന്ന ഒരേയൊരു ജാപ്പനീസ് തുറമുഖമായ നാഗസാക്കി തുറമുഖം അങ്ങനെ ജപ്പാനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രമായി മാറി.

ടോക്കുഗാവ ഷിമാബാര കലാപത്തിനെതിരെ പോരാടിയപ്പോൾ, ഇന്നത്തെ നാഗസാക്കിയുടെയും കുമാമോട്ടോയുടെയും വിശാലമായ പ്രദേശങ്ങൾ മുഴുവൻ നശിപ്പിച്ചു. ജാപ്പനീസ് ക്രൈസ്തവർക്കും കർഷകർക്കും ഷോഗുനേറ്റ് അയച്ച സൈനികരെ നേരിടാൻ ഹാരാ കാസിലിൽ തമ്പടിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണക്കുകൾ പ്രകാരം 30,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഹാരാ കാസിലിന്റെ അവശിഷ്ടങ്ങൾ നാഗസാക്കിയിലെ മിനാമി-ഷിമാബാരയിലാണ്. അവിടെയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്.

ഒരു റോമൻ കത്തോലിക്കാ വിശ്വാസിയാണ് ഒയാമത്സു. 1971-ൽ ഹാരാ കാസിലിന്റെ അവശിഷ്ടങ്ങൾ അദ്ദേഹം സന്ദർശിച്ചു. ദി ആസാഹി ഷിംബുൻ പറയുന്നതനുസരിച്ച്, ‘ഈ സ്ഥലത്ത് സ്മാരകങ്ങളോ, സമാനമായ ചില അടയാളങ്ങളോ അവശേഷിക്കാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചു.’ പത്തു വർഷങ്ങൾക്കു ശേഷം, ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജപ്പാൻ സന്ദർശിച്ചപ്പോഴാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ ഒരു രൂപം നിർമ്മിക്കാനും സ്മാരകമാക്കാനും ഒയാമത്സു തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.