കന്യകാത്വം സംരക്ഷിക്കാൻ വേണ്ടി രക്തസാക്ഷിയായിത്തീർന്ന കൗമാരക്കാരി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കന്യകാത്വം സംരക്ഷിക്കാൻ വേണ്ടി രക്തസാക്ഷിയായിത്തീർന്ന കൗമാരക്കാരിയാണ് ബെനിഗ്ന കാർഡോസോ. തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സഹപാഠിയാൽ കൊല്ലപ്പെടുമ്പോൾ അവൾക്ക് വെറും 13 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ബ്രസീലിൽ നിന്നുള്ള ഈ കൗമാരക്കാരിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.

ബെനിഗ്ന കാർഡോസോ ഡാ സിൽവയെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 24-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്ന് മെയ് രണ്ടിന് ക്രാറ്റോ രൂപത, പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രാറ്റോയിലെ നോസ സെൻഹോറ ഡാ പെൻഹയിലെ കത്തീഡ്രൽ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെലോ സെമെരാരോ അദ്ധ്യക്ഷത വഹിക്കും.

1928 ഒക്‌ടോബർ 15-ന് ബ്രസീലിയൻ മുനിസിപ്പാലിറ്റിയായ സിയാറയിലെ സാന്റാന ഡോ കാരിരിയിലാണ് ബെനിഗ്ന കാർഡോസോ ഡാ സിൽവ ജനിച്ചത്. 1941 ഒക്ടോബർ 24-ന്, 13 വയസ്സുള്ളപ്പോൾ, ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് സഹപാഠി അവളെ കൊല ചെയ്യുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബെനിഗ്ന പതിവു പോലെ വീട്ടിൽ നിന്നും കുറച്ച് മീറ്റർ അകലെ വെള്ളമെടുക്കാൻ ഇറങ്ങി. അപ്പോൾ അവളുടെ സഹപാഠിയായ റൗൾ ആൽവസ് അവളെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അവനുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാതിരുന്നതായിരുന്നു കാരണം.

“1941 ഒക്‌ടോബർ 24, വൈകിട്ട് നാലു മണിക്ക് ഒയിറ്റിയിൽ വച്ചു അവൾ രക്തസാക്ഷിയായി. അവളുടെ മാദ്ധ്യസ്ഥം ഈ ഇടവകയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു സംരക്ഷണമായി പ്രവർത്തിക്കുകയും ചെയ്യട്ടെ” – കൊലപാതകം നടക്കുമ്പോൾ ബെനിഗ്നയുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഫാ. ക്രിസ്റ്റ്യാനോ കൊയ്‌ലോ റോഡ്രിഗസ് വർഷങ്ങൾക്കു മുൻപ് പറഞ്ഞു. അന്നു മുതൽ ബെനിഗ്നയുടെ മാദ്ധ്യസ്ഥം തേടി നിരവധി പേർ പ്രാർത്ഥിച്ചു തുടങ്ങി. 2004-ൽ, ഒക്‌ടോബർ 15 മുതൽ 24 വരെ നടക്കുന്ന “ബെനിൻ പെൺകുട്ടിയുടെ തീർത്ഥാടനം” (റൊമാരിയ ഡ മെനിന ബെനിഗ്ന) ആരംഭിച്ചു. 2019 ജൂണിൽ സിയറ സംസ്ഥാനത്തിന്റെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായും ഇവൾ മാറി.

ബെനിഗ്നയുടെ രക്തസാക്ഷിത്വം 2019 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. 2020 ഒക്‌ടോബർ 21-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ്-19 മഹാമാരി മൂലം അത് മാറ്റിവയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.