102-ാം വയസിൽ തന്റെ ആദ്യ കുഞ്ഞിന്റെ വിശ്രമസ്ഥലം കണ്ടെത്തിയ അമ്മ

“അവൾ അവിടെ ഉണ്ടല്ലോ, അതു തന്നെ ഒരു ആശ്വാസമാണ്.” 102 വയസുള്ള മർജോറി റിഗ്ബി എന്ന മുത്തശ്ശിയുടെ വാക്കുകളിൽ ആശ്വാസം നിറയുകയാണ്. അതിനു കാരണം, ജനനത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം മരണമടഞ്ഞ മകൾ ലാറായുടെ കുഴിമാടം കണ്ടെത്തിയതാണ്. 76 വർഷങ്ങൾക്കു മുൻപ് ഏറെ പ്രതീക്ഷയോടെ, സ്നേഹത്തോടെ താൻ കാത്തിരുന്ന, തന്നെ തനിച്ചാക്കി മരണത്തിലേക്കു പറന്നകന്ന ആ കുഞ്ഞുമാലാഖയുടെ മുഖം ഇന്നും ആ അമ്മയുടെ ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഭർത്താവ് ചാർലിയുമായുള്ള വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് റിഗ്ബി ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്. ഒരു കുഞ്ഞതിഥി എത്തുന്ന വിവരം ഇരുവരും സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീടങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. വിമൻസ് ഓക്സിലറി എയർഫോഴ്സിലെ ഒരു അംഗമായി ജോലി ചെയ്തുവരികയായിരുന്നു റിഗ്ബി അപ്പോൾ. വയസ് 26 ഉം. 1946 സെപ്റ്റംബറിൽ അവൾ തന്റെ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി. മകൾക്കു വേണ്ടി മുൻകൂട്ടി കണ്ടെത്തിയിരുന്ന ലാറ എന്ന പേരാണ് ഈ ദമ്പതികൾ അവൾക്ക് നൽകിയത്.

എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു. ജനിച്ച് മൂന്നു ദിവസങ്ങൾക്കു ശേഷം ആ കുഞ്ഞു മരണമടഞ്ഞു എന്നും കുഞ്ഞിനെ സെമിത്തേരിയിലേക്ക് മാറ്റി എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആ അവസ്ഥയിൽ കൂടുതലൊന്നും ചോദിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവർ. വല്ലാത്ത ഒരു മരവിപ്പായിരുന്നു ഇരുവർക്കും. പിന്നീട് ആ കുഞ്ഞിനെ എവിടെ സംസ്കരിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

റിഗ്ബി വീണ്ടും രണ്ടു കുട്ടികൾക്കു കൂടി ജന്മം നൽകി. എങ്കിലും തന്റെ ആദ്യത്തെ കുഞ്ഞിന്റെ ശവകുടീരം കണ്ടെത്താനോ, അതിനെ മറക്കാനോ ഈ അമ്മക്ക് കഴിഞ്ഞില്ല. എവിടെയാണ് തന്റെ കുഞ്ഞിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് എന്നറിയാൻ അവർ അതിയായി ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചുവെങ്കിലും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. നാളുകൾ കടന്നുപോയി. തങ്ങൾക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു എന്ന് റിഗ്ബിയുടെ മറ്റു രണ്ടു മക്കൾക്കും അറിയാം. അവരുടെയുള്ളിലും ചേച്ചിയെക്കുറിച്ച് സ്‌നേഹപൂർണ്ണമായ ഒരു വികാരം വളർത്തിയെടുക്കാൻ റിഗ്ബിക്കു കഴിഞ്ഞിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ടെലിവിഷൻ ഷോയിലൂടെ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾ കണ്ടെത്തിയ വാർത്ത പുറത്തറിയുന്നത്. ഇതോടനുബന്ധിച്ചു നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ റിഗ്ബിക്കും മക്കൾക്കും ലോറയെ അടക്കിയ സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. തന്റെ ആദ്യകുഞ്ഞിന്റെ കുഴിമാടത്തിലെത്തിയ ഈ അമ്മക്ക് സന്തോഷം അടക്കാനായില്ല. കാണാതായ മകളെ 76 വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയ ഒരു അമ്മയുടെ സന്തോഷമായിരുന്നു റിഗ്ബിക്ക് അപ്പോൾ. അവർ നിറഞ്ഞ കണ്ണുകളോടെ അവിടെ നിന്നു.

“ഇപ്പോഴാണ് എനിക്ക് സമാധാനമായത്. ഈ കുഴിമാടം എനിക്ക് ആശ്വാസം പകരുന്നു. കാരണം അവൾക്ക് ശാന്തമായി ഉറങ്ങാൻ ഒരിടം ഉണ്ടല്ലോ. അവളുടെ സമീപത്തേക്ക് എന്നുപറഞ്ഞു എത്താൻ എനിക്കൊരു സ്ഥലമുണ്ടല്ലോ” – റിഗ്ബി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞുനിർത്തുമ്പോൾ ആ അമ്മക്കു സമീപത്തായി മക്കൾ ഇരുവരും ഉണ്ടായിരുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.