രക്തക്കറകൾ ഉണങ്ങാത്ത നൈജീരിയയിലെ ആ ദൈവാലയം: മനുഷ്യമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ക്രൈസ്തവ കൂട്ടക്കുരുതിയുടെ ബാക്കിപത്രം

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി നടന്ന ദൈവാലയത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആരുടേയും കരളലിയിക്കുന്നതാണ്. ദൈവാലയത്തിനകത്ത് രക്തത്തിൽ കുതിർന്നു കിടക്കുന്ന ഒരു ബൈബിൾ, തറയിലും ഭിത്തിയിലുമായി ചിതറിത്തെറിച്ചിരിക്കുന്ന രക്തത്തുള്ളികൾ, മരണവെപ്രാളത്തിൽ രക്ഷപെടാനായി തറയിൽ ഇഴഞ്ഞുനീങ്ങിയതിന്റെ ചോരപ്പാടുകൾ, രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭിത്തിയിൽ ചോരപ്പാടോടെയുള്ള കൈപ്പത്തിയുടെ അടയാളങ്ങൾ, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പ്രസംഗപീഠം, ബെഞ്ചുകളെല്ലാം അങ്ങിങ്ങായി മറിഞ്ഞുകിടക്കുന്നു. പ്രാണരക്ഷാർത്ഥം ഓടിരക്ഷപെടുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകൾ, കുടകൾ എന്നിവ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. നൈജീരിയയിലെ ദൈവാലയത്തിൽ നിന്നുള്ള, ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന, കരളലിയിക്കുന്ന ഈ കാഴ്ചകൾ മതതീവ്രവാദത്തിന്റെയും മനുഷ്യത്വം മരവിച്ചതിന്റെയും ചില ഓർമ്മപ്പെടുത്തലുകളാണ്. ഇനിയും ഈ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട ക്രൈസ്തവർ എത്രെയെന്നുള്ള യഥാർത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല.

ഇഴഞ്ഞുനീങ്ങുന്ന പോലീസ് അന്വേഷണം

നൈജീരിയയിലെ ദൈവാലയത്തിൽ നടന്ന ആക്രമണത്തിനു ശേഷം പോലീസ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തു. അക്രമികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കിൽ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളും ഷെല്ലുകളും കണ്ടെടുത്തതായിട്ടാണ് പോലീസ് വെളിപ്പെടുത്തുന്നത്.

ജൂൺ അഞ്ചിന് നൈജീരിയയിലെ ദൈവാലയത്തിൽ നടന്ന ആക്രമണത്തിൽ മരണമടഞ്ഞവരുടെ എണ്ണം 80 കടന്നുവെന്ന് പറയുമ്പോഴും യഥാർത്ഥ കണക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഒൻഡോ സംസ്ഥാനത്തെ ഓവോയിലെ പള്ളിയിൽ തോക്കുധാരികൾ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം നടത്തിയത്. അവർ പള്ളിക്ക് പുറത്തും അകത്തും നിന്ന് ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രക്ഷപെട്ട് പുറത്തേക്ക് ഓടുന്നവരുടെ നേരെ പുറത്തു നിൽക്കുന്ന തീവ്രവാദികൾ വെടിയുതിർത്തു. ആക്രമണത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. സാഹചര്യതെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത്, ഈ ആക്രമണം ക്രൈസ്തവരെ മാത്രം ലക്ഷ്യ വച്ചുകൊണ്ടായിരുന്നു എന്ന് വ്യക്തം.

പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തുമെന്ന് ഒരു ഉറപ്പും പറയാൻ സാധിക്കുകയില്ല. എൺപതോളം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലപാതകം നടന്നിട്ടും ദൃക്‌സാക്ഷികൾ ഉണ്ടായിട്ടും പോലീസ് ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. ഈ സംഭവത്തിൽ ശാസ്ത്രീയമായ തെളിവെടുപ്പോ, ഫോറൻസിക് അന്വേഷണമോ നടക്കുന്നതിന്റെ ഒരു സൂചനയുമില്ല. നൈജീരിയയിലെ ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുന്നത് വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഇവയൊക്കെ മുമ്പത്തെപ്പോലെ തന്നെ ഈ കേസും അട്ടിമറിക്കപ്പെടാനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

ആശുപത്രിയിൽ നിന്നും ചില നൊമ്പരക്കാഴ്ചകൾ

“ദൈവാലയത്തിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു അക്രമികൾ ആളുകൾക്കു നേരെ വെടിയുതിർക്കാൻ തുടങ്ങിയത്. കസേരകൾക്കടിയിൽ മക്കളെ ഒളിപ്പിച്ചാണ് ഞാൻ അവരെ രക്ഷപെടുത്തിയത്” – ഈ ആക്രമണത്തിൽ കാലിൽ വെടിയേറ്റ അലക്സ് മൈക്കൽ വെളിപ്പെടുത്തി. ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ ചുറ്റും കാണുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. കാരണം മരണത്തിൽ നിന്നും രക്ഷപെട്ടവർ ജീവച്ഛവമായി ആശുപത്രിയിൽ തുടരുകയാണ്. പലരുടെയും ഉറ്റവരും ഉടയവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രക്ഷപെട്ട പലരുടെയും കൈകാലുകൾ ബാൻഡേജുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഒരു വശത്ത് ഒരു സ്ത്രീ തന്റെ സഹോദരനെ കെട്ടിപ്പിടിച്ചു കരയുന്നു. മറുവശത്താകട്ടെ, ഒരാൾ തന്റെ കട്ടിലിൽ വേദന കൊണ്ട് പുളയുന്നു. ഈ ആക്രമണത്തിന് ഇരയായ 15 വയസുകാരൻ കയ്യിൽ ഡ്രിപ്പുമായി നിശബ്ദനായി കിടക്കുന്നു.

“27-ഓളം മുതിർന്ന ആളുകളും പതിമൂന്നോളം കുട്ടികളുമാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്. ചികിത്സക്കായി എത്തിച്ച രണ്ടു കുട്ടികൾ ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. അവരിൽ ചിലർ അതീവ ഗുരുതരാവസ്ഥയിലാണ്. ഒരു സ്ത്രീക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടു” – ആശുപത്രിയിലെ രജിസ്ട്രാർ ഡോ. സാമുവൽ ആലുക്കോ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.