പെൻസിൽവാനിയയിൽ കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം

പെൻസിൽവാനിയയിൽ കത്തോലിക്കാ ദേവാലയത്തിനു നേരെ പ്രോലൈഫ് വിരുദ്ധരുടെ ആക്രമണം. പെൻസിൽവാനിയയിലെ ലൂർദ്ദ് മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിനു നേരെയാണ് ആക്രമണം നടന്നത്. അലബാമയിൽ, ശക്തമായ പ്രൊലൈഫ് നിയമങ്ങൾ നടപ്പിലാക്കിയതിനു ശേഷം ‘അബോർഷൻ’ രാജ്യത്തുടനീളം ചർച്ചാവിഷയമായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ദേവാലയത്തിനു നേരെ നടന്ന ആക്രമണം എന്ന് കരുതപ്പെടുന്നു.

ദേവാലയത്തിന്റെ മുൻവശത്തെ വാതിലുകളിലും ചുവരുകളും സ്പ്രേ പെയിന്റ് ഉപയോഗിച്ച്, ‘മറ്റുള്ളവരുടെ ജീവന്റെ കാര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് അവകാശം ഇല്ലാ’ എന്നും ‘മറ്റൊരു പ്രൊ ചോയിസ്’ എന്നും വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ദേവാലയത്തിൽ കുർബാനയ്ക്കെത്തിയ വിശ്വാസികളാണ് ഇത് ആദ്യം കണ്ടത്.

ഞങ്ങളുടെ വിശ്വാസത്തെ അവർ എതിർക്കുന്നുവെങ്കിൽ പള്ളിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തിക്കോട്ടെ. പക്ഷേ, തങ്ങളുടെ വിശുദ്ധ സ്ഥലത്തോട് – ആരാധനാലയത്തോട് അതിക്രമം കാണിച്ചത് തങ്ങളെ ഏറെ വിഷമിപ്പിച്ചു എന്ന് വിശ്വാസികൾ വെളിപ്പെടുത്തി. അക്രമികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.