‘ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും’ എല്ലാ ക്രിസ്ത്യൻ വിശ്വാസികളും വായിച്ചിരിക്കേണ്ട ഗ്രന്ഥം 

വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റും പ്രസിദ്ധ ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ എഡിറ്റ് ചെയ്‌ത, ഈ കാലഘട്ടത്തിലെ വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഗ്രന്ഥമാണ് ‘ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും.’ ഈ വിഷയത്തിലെ ഏറ്റവും സമഗ്രവും ആധികാരികവുമായ രേഖയാണ് ഈ ഗ്രന്ഥം.

21 എഴുത്തുകാരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ  പെരുന്തോട്ടമാണ് പുസ്തകത്തിന്റെ ഇമ്പ്രിമാത്തൂർ (Imprimatur). 21 അധ്യായങ്ങളുള്ള ഈ പുസ്തകത്തിന് 286 പേജുകളാണ് ഉള്ളത്. ‘യഹൂദ ക്രൈസ്തവമതങ്ങളുടെ ചരിത്രവും ഇസ്ളാമിന്റെ ചരിത്രപരമായ അവകാശവാദവും’, ‘ബൈബിളും ഖുറാനും’, ‘വിശുദ്ധ ബൈബിൾ: വ്യാഖ്യാനരീതി’, ‘പരിശുദ്ധ ത്രീത്വം: രഹസ്യവും വിശ്വാസ സത്യവും’, ‘ഇസ്ളാം തിരുസഭയുടെ കാഴ്ചപ്പാടിൽ’, ‘കുരിശുയുദ്ധങ്ങൾ: പശ്ചാത്തലങ്ങളും ചരിത്രവും’, ‘ഓട്ടോമൻ ഭരണാധികാരികളും ക്രിസ്ത്യൻ വംശഹത്യകളും’, ‘ഇന്ത്യയിലെ ഇസ്ലാമിക മുന്നേറ്റം’ തുടങ്ങി 21 ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.

ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, സമഗ്രമായ പഠനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത് എന്നതാണ്. ക്രൈസ്തവ വിശ്വാസവും ഇസ്‌ളാമിക വീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്രൈസ്തവ വിശ്വാസി മനസിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇതിൽ വിവരിച്ചിരിക്കുന്നു. ഈ വിഷയത്തിന്റെ എല്ലാ വശങ്ങൾക്കും, നൽകേണ്ട പ്രാധാന്യം അനുസരിച്ചു ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം.

ആധികാരികമായ പഠിപ്പിക്കലാണ് ഈ ഗ്രന്ഥം നൽകുന്നത് എന്നതാണ് ഇതിന്റെ അടുത്ത പ്രത്യേകത. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളെ മുറുകെ പിടിച്ചാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

ഈ വിഷയത്തിൽ ഇത്രമാത്രം സമഗ്രമായി കേരള കത്തോലിക്കാ സഭ തയ്യാറാക്കിയിരിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് ഇത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം, കേരള ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരമാണ് ഈ ഗ്രന്ഥം.

വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള 21 കത്തോലിക്കാ എഴുത്തുകാർ ഇതിലെ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഓരോ വിഷയവും എഴുതാൻ ഏറ്റവും യോഗ്യരായവരെ കണ്ടെത്തി എന്നതിന് എഡിറ്റർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ഈ പുസ്തകത്തിന്റെ നാലാമത്തെ സവിശേഷത, ഇത് അതീവസുന്ദരമാണ് എന്നതാണ്. ലളിതസുന്ദരമായ ഭാഷയാണ് ഈ ഗ്രന്ഥത്തിലുടനീളം നമ്മൾ ദർശിക്കുന്നത്. ഏതൊരു വ്യക്തിക്കും ഒറ്റ വായനയിൽ ഇതിൽ വിവരിച്ചിരിക്കുന്ന ആശയങ്ങൾ മനസിലാക്കാം.

മാർ ജോസഫ് പാംപ്ലാനിയാണ് ഈ ഗ്രന്ഥത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ലക്ഷ്യം എന്താണെന്ന് അവതാരികയിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “മതബോധത്തെയും സമുദായബോധത്തെയും ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നുണ്ട്. ഈ രാഷ്ട്രീയ ചതുരംഗക്കളിയിൽ ക്രൈസ്തവ നിലപാട്  വ്യക്തമാക്കുന്ന ഗ്രന്ഥമാണ് പ്രൊഫ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ ക്രോഡീകരിച്ച ‘ക്രൈസ്തവ വിശ്വാസവും ഇസ്ളാമിക വീക്ഷണങ്ങളും’ എന്ന ഗ്രന്ഥം.”

കേരളത്തിലെ എല്ലാ കത്തോലിക്കാ – ക്രൈസ്‌തവ ഭവനങ്ങളിലും ഈ പുസ്തകത്തിന്റെ ഒരു കോപ്പി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ക്രൈസ്‌തവ വിശ്വാസത്തിന്റെ ആഴവും, മറ്റു മതസ്ഥർ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള വ്യക്തവും കൃത്യവുമായ ഉത്തരങ്ങളും ഈ ഗ്രന്ഥത്തെ മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ബുക്ക് ഓർഡർ ചെയ്യാൻ വിളിക്കുക: 9188543331

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.