ഞായർ പ്രസംഗം, ദനഹാക്കാലം രണ്ടാം ഞായർ ജനുവരി 09, Ego Eimi – ഞാന്‍ ഞാന്‍ തന്നെ

ബ്ര. ജോസഫ് ചെറുപുഷ്പം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരരേ,

വീണ്ടെടുപ്പിന്റെ ചരിത്രം അറിയണമെങ്കില്‍ നാം കുരിശിലേക്കു നോക്കണം. അനുസരണക്കേടു മൂലം അടയ്ക്കപ്പെട്ട പറുദീസായുടെ വാതില്‍ തുറന്നു തരാന്‍ മനുഷ്യനായി അവതരിച്ച് സ്വയം വെളിപ്പെടുത്തിയ ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ പ്രത്യേകമാംവിധം ധ്യാനിക്കുന്ന ദനഹാക്കാലത്തിന്റെ രണ്ടാം ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ദൈവികവെളിപാടിന്റെ ആഴമറിയാന്‍ കുരിശിന്റെ രഹസ്യം ധ്യാനിക്കണമെന്ന് വി. യോഹന്നാന്റെ സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദനഹാക്കാലം ദൈവിക വെളിപാടുകളുടെ കാലമാണ്. ദൈവം സ്വയം വെളിപ്പെടുത്തിയതിന്റെ ലിഖിതരൂപമാണ് വിശുദ്ധ ഗ്രന്ഥം. ഉല്‍പത്തി മുതല്‍ വെളിപാട് പുസ്തകം വരെ ദൈവം മനുഷ്യചരിത്രത്തില്‍ നടത്തിയ രക്ഷാകരമായ ഇടപെടലുകള്‍ നാം കാണുന്നു.

അടിമത്വത്തിന്റെ നാട്ടില്‍ നിന്നുള്ള ഇസ്രായേല്‍ ജനത്തിന്റെ നിലവിളിക്ക് ഉത്തരമായി മോശയെ തിരഞ്ഞെടുക്കുന്ന ദൈവം സ്വയം വെളിപ്പെടുത്തുന്നത് ഇന്നത്തെ ആദ്യവായനയില്‍ നാം ശ്രവിച്ചു. ദൈവം ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞ് തന്റെ ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച മോശയെ ശക്തിപ്പെടുത്താനായി ദൈവം തന്റെ നാമം വെളിപ്പെടുത്തി. ‘ഞാന്‍ ഞാന്‍ തന്നെ.’ ഇസ്രായേലിനെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ ശക്തിയുള്ള ദൈവത്തിന്റെ വെളിപ്പെടുത്തല്‍. പിന്നീടങ്ങോട്ട് ഇസ്രായേല്‍ ജനതയുടെ ചരിത്രത്തിലുടനീളം തന്റെ നാമത്തിന്റെ ശക്തി പ്രവര്‍ത്തികളിലൂടെ വെളിപ്പെടുത്തുന്ന ദൈവത്തെ നാം കാണുന്നു. ദൈവത്തിന്റെ ഈ വെളിപ്പെടുത്തപ്പെട്ട നാമം അവിടുത്തെ ശക്തിയുടെ, സാന്നിധ്യത്തിന്റെ, വിശ്വസ്തതയുടെ പ്രതീകമായി ഇസ്രായേല്‍ ജനതയുടെ ഹൃദയത്തില്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു.

മോശക്ക് വെളിപ്പെടുത്തിയ ദൈവം പുതിയ നിയമത്തില്‍ ഈശോയിലൂടെ അതേ നാമത്തിന്റെ വെളിപ്പെടുത്തല്‍ നല്‍കുന്നതായി ഇന്നത്തെ സുവിശേഷഭാഗത്ത് നാം കേട്ടു. യേശുവും അവിശ്വാസികളായ യഹൂദരും തമ്മിലുള്ള വിവാദപരമായ ചര്‍ച്ചയാണ് ഇവിടെ നടക്കുന്നത്. ‘നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ തന്നെ മരിക്കും.’ പാപത്തില്‍ മരിക്കും എന്ന കാര്യത്തെക്കുറിച്ച് മൂന്നു പ്രാവശ്യമാണ് ഇന്നത്തെ വായനയില്‍ ഈശോ പറയുന്നത്. സുവിശേഷകനായ യോഹന്നാന്റെ വീക്ഷണത്തില്‍, പാപം അന്ധകാരത്തില്‍ നടക്കുന്നതാണ്, അത് അവിശ്വാസമാണ്. തന്നെ ശ്രവിച്ചുകൊണ്ടിരുന്ന യഹൂദരെ വിശ്വാസത്തിലേക്ക് ആനയിക്കാനാണ് ഈശോ പഴയനിയമത്തിലെ അതേ നാമം ആവര്‍ത്തിക്കുന്നത്. ‘ഞാന്‍ ഞാന്‍ തന്നെ’ – (Ego Eimi). ആയിരിക്കുന്നവന്‍ ഞാനാണ്. പിതാവും പുത്രനും തമ്മിലെ ഐക്യത്തെയാണിവിടെ നാം ദര്‍ശിക്കുന്നത്. ആരംഭം മുതല്‍ വെളിപ്പെടുത്തപ്പെട്ട ദൈവീകരഹസ്യത്തിന്റെ മാംസം ധരിച്ച രൂപമാണ് ഈശോ എന്ന് മനസ്സിലാക്കാന്‍ അവിശ്വാസം മൂലം യഹൂദര്‍ക്ക് സാധിച്ചില്ല. ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് രക്ഷിച്ച ദൈവം തന്നെ പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കാന്‍ ഇറങ്ങിവന്നിരിക്കുന്നു. ദൈവം നല്‍കുന്ന ഈ സ്വാതന്ത്ര്യം സ്വന്തമാക്കാന്‍ നാം വെളിപാടുകളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവില്‍ ആഴമായി വിശ്വസിക്കണമെന്ന് ഇന്നത്തെ തിരുവചനം നമ്മോട് ആഹ്വാനം ചെയ്യുന്നു.

അതിനാലാണ് തുടര്‍ന്നുവരുന്ന വാക്യങ്ങളില്‍ ഈശോ പറയുന്നത് “നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെ എന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതു പോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്നോടു കൂടെയുണ്ട്.” ദൈവം നമ്മെ വീണ്ടെടുക്കുന്നു. വീണ്ടെടുപ്പിന്റെ ചരിത്രം അറിയണമെങ്കില്‍ നാം കുരിശിലേക്കു നോക്കണം. കുരിശില്‍ ഉയര്‍ത്തപ്പെട്ടയാള്‍ നമ്മെ രക്ഷിക്കാനായി സ്വയം ശൂന്യനാക്കി നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു. പാപം നമ്മില്‍ അവശേഷിപ്പിച്ച മുറിവുകള്‍ സുഖപ്പെടുത്തുന്നത് കര്‍ത്താവിന്റെ തിരുമുറിവുകളാണ്. കുരിശ് ഒരു രഹസ്യമാണ്, സ്വയം ശൂന്യമായ ദൈവസ്നേഹത്തിന്റെ രഹസ്യം, ഉയര്‍ത്തപ്പെട്ട അവന്റെ മുറിവുകളിലേക്ക് നമ്മെത്തന്നെ എടുത്തുവയ്ക്കുമ്പോള്‍ വിശ്വാസത്താല്‍ മുറിവുകളില്‍ തൊടുമ്പോള്‍ നമ്മുടെ പാപത്തിന്റെ മുറിവുകള്‍ സുഖപ്പെടുന്നു.

നാം അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിശു ദ്ധ കുര്‍ബാന പാപമോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും കൂദാശയാണ്. സ്വയം മുറിച്ചു വിളമ്പുന്ന ദൈവത്തില്‍ ആഴമായി വിശ്വസിച്ചുകൊണ്ട് മോശയെപ്പോലെ നമ്മുടെ കുറവുകള്‍ നാം ദൈവത്തോട് ഏറ്റുപറയുമ്പോള്‍ ദിവ്യകാരുണ്യ ഈശോ നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവസാന്നിധ്യത്തിന്റെ, ശക്തിയുടെ, വിശ്വസ്തതയുടെ അടയാളമാണ് ദിവ്യകാരുണ്യം. ഈ ബലിയര്‍പ്പണത്തി ലൂടെ നമുക്ക് ശക്തി പ്രാപിക്കാം. പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാം.

ഇന്നത്തെ രണ്ടാം വായനയായ പ്രഭാഷകന്റെ പുസ്തകം 18:10-ല്‍ നാം ശ്രവിച്ചതു പോലെ ‘നിത്യതയോട് തുലനം ചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളി വെള്ളം പോലെയും ഒരു മണല്‍ത്തരി പോലെയും മാത്രം.’ വിശുദ്ധ കുരിശില്‍ അഭയം പ്രാപിച്ചുകൊണ്ട് നമുക്കും ആഴമായ വിശ്വാസത്തോടെ ജീവിക്കാന്‍ കൃപ തരണമേ എന്ന് ഈ വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ…

ബ്ര. ജോസഫ് ചെറുപുഷ്പം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.