ഈസ്റ്ററിന്റെ സന്തോഷത്തിൽ നിലനിൽക്കാൻ ഒൻപതു വഴികൾ

ക്രിസ്തുവിന്റെ ഉയിർപ്പിലാണ് ക്രൈസ്തവജീവിതത്തിന്റെ പ്രത്യാശ. ഈ പ്രത്യാശയിൽ അടിയുറച്ചു വേണം നമ്മൾ ക്രൈസ്തവജീവിതം നയിക്കാൻ. ക്രിസ്തുവിലുള്ള വിശ്വാസം കൂടുതൽ ദൃഢമാകാനും നല്ലൊരു ക്രിസ്തുശിഷ്യനായി ജീവിക്കാനും നമ്മെ സഹായിക്കുന്ന ഒൻപതു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ഉത്ഥിതൻ നൽകുന്ന സന്തോഷം കാത്തുസൂക്ഷിക്കുക

അമ്പതു നോമ്പൊക്കെയെടുത്ത് നമ്മൾ ഈസ്റ്റർ ദിനത്തെ വരവേറ്റു. ഉയിർപ്പിക്കപ്പെട്ട ക്രിസ്തു നമുക്ക് നൽകുന്നത് ഭയപ്പെടരുതെന്ന അനുശാസനവും ഒപ്പം സമാധാനവുമാണ്. ഈ സമാധാനം ഈസ്റ്ററിനു ശേഷവും നാം കാത്തുസൂക്ഷിക്കണം, കൈമാറണം. പ്രാർത്ഥനയിലൂടെ ഉത്ഥിതൻ നൽകുന്ന സന്തോഷം നമുക്ക് നിലനിർത്താം.

2. ബൈബിൾ ധ്യാനിക്കുക

എല്ലാ ദിവസവും ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അതുവഴി ദൈവവചനം നമ്മിൽ വേരൂന്നുകയും വളരുകയും ക്രമേണ ഫലം പുറപ്പെടുവിക്കുകയും ചെയ്യും. വിശുദ്ധിയിൽ വളരാൻ ദൈവവചനം നമ്മിൽ വേരുറച്ചേ മതിയാകൂ.

3. ദൈവകൃപയിലായിരിക്കുക

എപ്പോഴും പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവകൃപയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ദൈവകൃപ ഉള്ളിടത്ത് തിന്മയുടെ ശക്തിക്ക് നിലനിൽപ്പില്ല.

4. എപ്പോഴും നന്ദി പറയുക

ദൈവത്തിന് നന്ദി പറയുന്ന ശീലം നമ്മിൽ വളർത്തിയെടുക്കുക. നന്ദി പറയുന്നത് ഏറ്റവും മഹത്തായ പ്രാർത്ഥനാരൂപമാണ്. ഓരോ നിമിഷവും അവിടുന്ന് നമ്മിൽ വർഷിക്കുന്ന അനുഗ്രഹങ്ങളെയോർത്ത് നമ്മൾ ദൈവത്തോട് നന്ദി പറയണം.

5. സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക

മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക. അവർ വിശ്വാസത്തിലും പരസ്പര സ്നേഹത്തിലും നിലനിൽക്കാൻ നമ്മുടെ പ്രാർത്ഥന വളരെ അത്യാവശ്യമാണ്.

6. മറ്റുള്ളവരെ സഹായിക്കുക

ആവശ്യക്കാരിലേക്ക് സഹായഹസ്തമായി ഇറങ്ങിച്ചെല്ലാൻ നമ്മൾ തയ്യാറാവണം. അതുവഴി ക്രിസ്തുവിന്റെ മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാം. നമ്മുടെ അയൽക്കാരിൽ സഹായം ആവശ്യമായിരിക്കുന്ന അനേകരുണ്ടാവും. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.

7. ഓരോ ഞായറാഴ്ചയും ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുക

ഓരോ ഞായറാഴ്ചയും ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അങ്ങനെ ഓരോ ആഴ്ചയുടെ ആരംഭത്തിലും നമ്മൾ കൂടുതൽ ശക്തി പ്രാപിക്കട്ടെ.

8. പ്രത്യാശയുള്ളവരായിരിക്കുക

ക്രിസ്തു മരണത്തിന്റെ മേലും പാപത്തിന്റെ മേലും വിജയം വരിച്ചവനാണ്. അവന്റെ വിജയത്തിലാണ് ക്രൈസ്തവരായ നമ്മുടെ പ്രത്യാശ. പ്രത്യാശയെ മുറുകെപ്പിടിച്ച് നമുക്ക് ക്രൈസ്തവജീവിതത്തിൽ മുന്നേറാം.

9. ജപമാല ചൊല്ലുക

എന്നും ജപമാല ചൊല്ലുക. ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ നാം ക്രിസ്തുവിന്റെ ജീവിതമാണ് ധ്യാനിക്കുന്നത്. ഈ പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥവും നമുക്ക് ലഭിക്കുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.