
മെയ് മൂന്ന്, കർത്താവ് തന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമിക്കുന്ന ദിവസമാണ്. വി. പീലിപ്പോസും വി. ചെറിയ യാക്കോബുമാണ് ആ രണ്ടുപേർ.
ആദ്യ മൂന്നു സുവിശേഷങ്ങളിൽ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വി. യോഹന്നാന്റെ സുവിശേഷത്തിലേക്കു തിരിയുമ്പോൾ വി. പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോല പ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അത് എങ്ങനെ ആയാലും, തന്നോടു ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിലും, പിന്നീട് അവന്റെ രാജ്യം ലോകം മുഴുവനിലേക്കും വ്യാപിപ്പിക്കാനായി അയയക്കപ്പെട്ടവരിലും ഈ രണ്ടു പേരുണ്ട് എന്നതാണ് വലിയ കാര്യം. യോഹന്നാൻ മൂന്നാമൻ പാപ്പ ഒരു പള്ളി അവരുടെ ആദരസൂചകമായി ഒന്നിച്ചു സമർപ്പിച്ചു എന്നതായിരിക്കണം ഇവരുടെ തിരുനാൾ ഒരേദിവസം കൊണ്ടാടാനുള്ള കാരണം.
സത്യസന്ധനായ ഒരു സാധാരണ മനുഷ്യനായിട്ടാണ് നമ്മൾ പീലിപ്പോസിനെ കാണുന്നത്. ഗലീലിക്കടലിനു തീരത്തുള്ള ബെത്‌സയ്ദയിൽ നിന്നുവരുന്ന പീലിപ്പോസ്, സ്നാപകയോഹന്നാന്റെ പ്രഭാവത്തിൽ ആകൃഷ്ടരായി ഒരുമിച്ചുചേർന്ന ചെറിയൊരു കൂട്ടത്തിൽ ഒരുവനായിരുന്നെന്നു കണക്കാക്കപ്പെടുന്നു. യേശു അവനെ കണ്ട് ‘എന്നെ അനുഗമിക്കുക’ എന്നുപറയുമ്പോൾ ഒരു തടസ്സവുമില്ലാതെ സന്തോഷത്തോടെ അവൻ അത് ശ്രവിക്കുന്നു. സുഹൃത്ത് നഥാനയേലിനോട് നസ്രത്തിൽ നിന്നുള്ള യേശുവാണ് മിശിഹാ എന്ന് ഏറ്റുപറയുന്നു.
‘നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ’ എന്ന നഥാനയേലിന്റെ ചോദ്യത്തിന് ‘വന്നുകാണുക’ എന്ന മറുപടിയാണ് പീലിപ്പോസ് കൊടുക്കുന്നത്. അതു തന്നെയാണ് വി. പീലിപ്പോസും തിരുവചനങ്ങളും നമുക്കു നൽകുന്ന മഹത്തായ സന്ദേശം. ഈശോയെ വന്നുകാണാൻ മറ്റുള്ളവരെ കൂട്ടിക്കൊണ്ടു വരിക എന്ന ദൗത്യം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. വന്നു, കണ്ടു, കീഴടക്കിയ ഈശോ നമ്മളെ ഭരമേല്പിച്ച ദൗത്യം.
അപ്പം വർധിപ്പിക്കുന്നിടത്തും യേശുവിനെ കാണാനാഗ്രഹിച്ച ഗ്രീക്കുകാരെ അവനിലേക്കു നയിക്കുന്നിടത്തും അന്ത്യത്താഴ സമയത്ത് പിതാവിനെ കാണിച്ചുതരാൻ ഈശോയോടു പറയുന്നിടത്തും എത്യോപ്യക്കാരന് തിരുവചനങ്ങൾ വ്യാഖ്യാനിക്കാനും ജ്ഞാനസ്‌നാനം നല്കാനും ദൈവത്താൽ നിയോഗിക്കപ്പെട്ടവനായും ഒക്കെ നമ്മൾ പീലിപ്പോസിനെ വീണ്ടും കാണുന്നു.
പെന്തക്കുസ്താദിനത്തിനു ശേഷം ഏഷ്യാ മൈനറിൽ സുവിശേഷം പ്രസംഗിക്കാൻ പോയപ്പോൾ വിശുദ്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന, കന്യകകളായ തന്റെ രണ്ടു പെൺമക്കളെയും കൂടെ കൊണ്ടുപോയി. തന്റെ ദൗത്യം നിവൃത്തിയാക്കിയ പീലിപ്പോസ് അവസാനം ഹീരാപോളീസിൽ വച്ച് പീഡിപ്പിക്കപ്പെട്ട്, കാലിന്റെ കണ്ണയിലും തുടയിലും ദ്വാരങ്ങളുണ്ടാക്കി തലകീഴായി തൂക്കിയിട്ടാണ് വധിക്കപ്പെട്ടതെന്നു പറയുന്നു.
അല്‍ഫെയൂസിന്റെ പുത്രനായ യാക്കോബ് യേശുവിന്റെ അടുത്ത ബന്ധു കൂടെ ആയിരുന്നു.വി. യോഹന്നാന്റെ സഹോദരനും സെബദീപുത്രനുമായ യാക്കോബുമായി തെറ്റിപ്പോകാതിരിക്കാനാണ് ചെറിയ യാക്കോബ് എന്ന് ഈ യാക്കോബിനെ വിളിക്കുന്നത്. യേശുവിന്റെ സഹോദരൻ എന്ന നിലയിൽ പലയിടത്തും ചെറിയ യാക്കോബിനെ പരാമർശിക്കുന്നുണ്ട് (ഗലാ. 1:18-19). ഉത്ഥാനം ചെയ്ത യേശു യാക്കോബിന് പ്രത്യക്ഷപ്പെട്ടു എന്ന് 1 കോറി. 15:7 ൽ കാണാം. ജറുസലേമിലെ സഭയുടെ നേതാവായി ചെറിയ യാക്കോബിനെ കരുതപ്പെടുന്നു. ജയിലിൽ നിന്ന് പത്രോസ് രക്ഷപെട്ടുകഴിഞ്ഞ് യാക്കോബിനെ അത് അറിയിക്കാൻ പത്രോസ് പറയുന്നുണ്ട്. സൂനഹദോസ് തീരുമാനത്തിന്റെ ഉപസംഹാരമായി അപ്പ. 15:28-ൽ പറയുന്നത് ജെറുസലേമിന്റെ ആദ്യബിഷപ്പായിരുന്ന യാക്കോബാണെന്ന് കരുതപ്പെടുന്നു.
ചെറിയ യാക്കോബിന്റെ ജനപ്രീതിയും വളരെയേറെ പേർ ക്രിസ്തുമതത്തിലേക്കു തിരിയാൻ അദ്ദേഹം കാരണമായി എന്നതും യഹൂദപ്രമാണികളുടെ വിരോധത്തിന് ഇടയാക്കി. കുറെ ആളുകളോട് പ്രസംഗിക്കാനെന്ന വ്യാജേന ദൈവാലയത്തിലേക്ക് വിളിച്ചുവരുത്തി ഉയരത്തിൽ നിന്ന് തള്ളി താഴെയിട്ടിട്ടും മരിക്കാഞ്ഞതുകൊണ്ട് കല്ലുകളെറിഞ്ഞും വടികൊണ്ടടിച്ചും അദ്ദേഹത്തെ വധിച്ചു എന്നാണ് പറയപ്പെടുന്നത്.
യാക്കോബ് എഴുതിയതെന്ന പേരിൽ പുതിയ നിയമത്തിലുള്ള ലേഖനം ചെറിയ യാക്കോബ് എഴുതിയതാണ്. എ.ഡി. 60-നും 62-നും ഇടയ്ക്കായിരിക്കണം അത് എഴുതപ്പെട്ടത്. നാവിനെ നിയന്ത്രിക്കാനും വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലൂടെയാണ് വിശ്വാസവും സ്നേഹവും കാണിക്കേണ്ടതെന്നും ഒക്കെ ഉത്‌ബോധിപ്പിച്ചുകൊണ്ടുള്ള ലേഖനം എത്ര ആത്മീയോൽക്കർഷം പ്രദാനം ചെയ്യുന്നതാണെന്ന് എല്ലാവർക്കുമറിയാം.
“ഉന്നതത്തിൽ നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണ്ണവും വിനീതവും വിധേയത്വമുള്ളതും കാരുണ്യവും സത്‌ഫലങ്ങൾ നിറഞ്ഞതുമാണ്. സമാധാനസൃഷ്ടാക്കൾ നീതിയുടെ ഫലം സമാധാനത്തിൽ വിതക്കുന്നു (യാക്കോബ് 3: 17-18).
‘വന്നുകാണുക’ എന്ന പീലിപ്പോസ് വചനവും (യോഹ. 1:46) ‘തിരിച്ചു കൊണ്ടുവരിക’ എന്ന യാക്കോബ് വചനവും (യാക്കോബ് 5:19) നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കുന്ന ചാനലുകൾ ആകാം.
ഈശോയ്ക്കുവേണ്ടി നല്ല ഓട്ടം ഓടി രക്തസാക്ഷികളായ അപ്പസ്തോലർ വി. പീലിപ്പോസിന്റെയും വി. ചെറിയ യാക്കോബിന്റെയും തിരുനാൾ ആശംസകൾ.
ജിൽസ ജോയ്