
ഇന്ന് ലോക റെഡ്ക്രോസ് ദിനം. മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് റെഡ്ക്രോസ്. ലോകമെമ്പാടും മെയ് 8 അന്താരാഷ്ട്ര റെഡ്ക്രോസ് ദിനമായി ആചരിച്ചുവരുന്നു. ലോകമെമ്പാടുമുള്ള ദുരന്തങ്ങള്‍, സായുധ സംഘര്‍ഷങ്ങള്‍, ആരോഗ്യപ്രതിസന്ധികള്‍ എന്നിവ നേരിടുന്നവര്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന റെഡ്ക്രോസ്, ഹെന്റി ഡുനന്‍ഡ് എന്ന വ്യവസായിയില്‍ നിന്ന് ഇന്ന് ലോകമൊട്ടാകെ വളര്‍ന്നുകഴിഞ്ഞു.
1859 ലെ സോള്‍ഫിറിനോ യുദ്ധം വിതച്ച ഭീകരതയും നഷ്ടവും നേരില്‍കാണാന്‍ ഇടവന്ന ഹെന്റി എന്ന വ്യവസായി, യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്ന സൈനികര്‍ക്ക് പക്ഷംനോക്കാതെ അടിയന്തര വൈദ്യസഹായം നല്‍കുന്ന ഒരു പദ്ധതിയെപ്പറ്റി ആലോചിച്ചു. യുദ്ധസമയത്തെ കഷ്ടപ്പാടുകളില്‍നിന്നു മോചനം നേടുന്നതിനും നിഷ്പക്ഷമായ സഹായം നല്‍കുന്നതിനും സമാധാനകാലത്ത് പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ദേശീയ ദുരിതാശ്വാസ സൊസൈറ്റികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ഈ ആശയങ്ങള്‍ക്കു മറുപടിയായി, 1862 ല്‍ ജനീവയില്‍ ഒരു കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. അത് പിന്നീട് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയായി മാറി. അദ്ദേഹത്തിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത്. ‘മാനവികതയുടെ കരുത്ത്’ എന്നതാണ് ഇന്റര്‍നാഷനല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെ മുദ്രാവാക്യം. 192 രാജ്യങ്ങളിലായി 1800 ഉദ്യോഗസ്ഥരും 16.4 ദശലക്ഷം വോളന്റിയര്‍മാരും റെഡ്ക്രോസിനുണ്ട്.
ഇന്ത്യയില്‍ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് 1920 ലാണ്. ലോകമെമ്പാടുമുള്ള റെഡ് ക്രോസ് സംഘടനകള്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം, മാനവികത, നിക്ഷ്പക്ഷത, ഒരുമ, സാര്‍വലൗകികത, സമഭാവം എന്നിവ ഉറപ്പാക്കാന്‍ ഈ ദിനം ആചരിച്ചുവരുന്നു.