കൃപയുടെ നീർച്ചാലുകൾ പുറപ്പെടുന്നത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇതൊരു യുവതിയുടെ കഥയാണ്.

പി.ജി. പഠനത്തിനായി അവൾക്ക് ഹോസ്റ്റലിൽ താമസിക്കേണ്ടി വന്നു. പഠനം പൂർത്തീകരിക്കുന്ന വർഷം തന്നെ വിവാഹാലോചനകളും വന്നുതുടങ്ങി. ഇതിനിടയിൽ കൂട്ടുകാരിയുടെ സഹോദരനുമായി അവൾ അടുപ്പത്തിലായി. വഴിവിട്ട വഴിക്കൊന്നും സഞ്ചരിക്കാത്ത നല്ല ബന്ധം. അവൾ ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ പറഞ്ഞു:

“പ്രേമിക്കുന്നതൊക്കെ കൊള്ളാം, എന്നാൽ ഇത്രയും നാൾ നന്നായി പഠിച്ചു വിജയിച്ച് വന്ന നിനക്ക് പരീക്ഷക്ക് മാർക്ക് കുറയാൻ ഇതുവഴി ഇടയാകരുത്. അവനെ നിനക്ക് ഇഷ്ടമാണെങ്കിൽ പഠനം കഴിഞ്ഞ് ആലോചിച്ച് വിവാഹം നടത്താം.”

പരീക്ഷക്ക് ഒരുക്കമായുള്ള സമയം. ഒരു ദിവസം അവളുടെ കാമുകൻ വിളിച്ചു: “നമുക്കൊരു സിനിമക്കു പോയാലോ?”

“ഞാനില്ല. പരീക്ഷക്ക് ഒരുങ്ങുന്ന സമയത്ത് സിനിമ കണ്ടുനടന്നാൽ ശരിയാവില്ല. മാത്രമല്ല, നമ്മുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലല്ലോ?”

അവളുടെ മറുപടി കേട്ടതേ അവൻ പറഞ്ഞു: “എന്താ, നിനക്കെന്നെ വിശ്വാസമില്ലേ? ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ?”

“നിന്നെ എനിക്ക് വിശ്വാസമാണ്. പക്ഷേ, ചില കാര്യങ്ങൾ ചെയ്യില്ലെന്ന് നിന്നേക്കാൾ വിശ്വാസമുള്ള എന്റെ മാതാപിതാക്കൾക്ക് ഞാൻ വാക്ക് കൊടുത്തുപോയി. ആ വാക്ക് തെറ്റിച്ച് നിന്റെ കൂടെ ചുറ്റിക്കറങ്ങുന്നു എന്നറിഞ്ഞാൽ ആ വേദന അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.”

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു: “എനിക്കല്പം വിഷമമുണ്ടെങ്കിലും പ്രേമത്തിലും മാതാപിതാക്കളോടുള്ള വിധേയത്വവും അവരുടെ ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന നിന്നോട് എനിക്ക് കൂടുതൽ ആദരവും ബഹുമാനവുമേ ഉള്ളൂ. നിന്റെ വാക്കുകൾ എന്റെ ജീവിതം കൂടുതൽ പ്രകാശമുള്ളതാക്കുന്നു.”

ഇന്ന് അവർ വിവാഹിതരാണ്; രണ്ടു മക്കളുടെ മാതാപിതാക്കളും. വളരെ നല്ല രീതിയിൽ ജീവിതം തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

വിദ്യാഭ്യാസവും അറിവും വർദ്ധിക്കുമ്പോൾ കുടുംബത്തെ മറക്കുന്ന മക്കൾക്ക് ഈ ജീവിതം ഉത്തമ ഉദാഹരണമാണ്. മാതാപിതാക്കളുടെ തണലിൽ വളർന്ന് ഒരു നിലയ്ക്ക് എത്തിക്കഴിയുമ്പോൾ തന്നിഷ്ടം പ്രവർത്തിക്കുന്ന മക്കൾ കുടുംബത്തിന്റെ നൊമ്പരമായി മാറുന്ന കഥകൾ എത്രയോ നമ്മൾ കണ്ടിരിക്കുന്നു. ഇവിടെയാണ് ക്രിസ്തുവിന്റെ ജീവിതവും നമുക്ക് മാതൃകയാകുന്നത്. താൻ പിതാവിനാൽ അയക്കപ്പെട്ടതാണെന്നും അവിടുത്തെ ഹിതം നിറവേറ്റുകയാണ് ജീവിതലക്ഷ്യമെന്നും അവിടുന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതു പോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസിലാക്കും. എന്നെ അയച്ചവന്‍ എന്നോടു കൂടെയുണ്ട്‌. അവിടുന്ന്‌ എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക്‌ ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു” (യോഹ. 8: 28 -29).

നമ്മുടെ വളർച്ചയുടെ പാതകളിൽ മാതാപിതാക്കളോടും മുതിർന്നവരോടും മേലധികാരികളോടുമുള്ള വിധേയത്വവും വിശ്വസ്തതയും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കാം. അങ്ങനെയുള്ള അവസരങ്ങളിൽ എതിരേൽക്കേണ്ടി വരുന്ന സഹനങ്ങൾ കൃപയായി മാറുമെന്ന് വിശ്വസിക്കുകയും ചെയ്യാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.