വത്തിക്കാനിലെ വനിതാ പ്രാതിനിധ്യം: ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക കാഴ്ചപ്പാട്

വത്തിക്കാനിലെ നേതൃസ്ഥാനങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പ തനിക്കു മുൻപുണ്ടായിരുന്ന ഏതൊരു മാർപാപ്പയെക്കാളും കൂടുതൽ സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു ഇടത്ത്, സ്ത്രീകൾ പരിധിക്കു പുറത്താണെന്നു കരുതിയിരുന്ന സ്ഥാനങ്ങളിലേക്കു കൊണ്ടുവരാൻ റോമൻ കത്തോലിക്കാ സഭയ്ക്കുള്ളിലെ സ്ഥാപിത പാരമ്പര്യങ്ങളെ അദ്ദേഹം മറികടന്നു.

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആദ്യ വനിതയായി മാറിയ സിസ്റ്റർ റാഫേല പെട്രിനി ഇതിനൊരു പ്രധാന ഉദാഹരണമാണ്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ എക്സിക്യൂട്ടീവ് – കത്തോലിക്കാ സഭയിൽ ഒരു സ്ത്രീ ഇതുവരെ വഹിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന റാങ്കുള്ള പദവിയാണിത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ (1962-1965) സഭയിൽ സ്ത്രീകളുടെ പ്രാധാന്യം അംഗീകരിക്കുകയും സാധാരണ ശുശ്രൂഷകളിൽ അവരുടെ പങ്ക് വിപുലീകരിക്കുകയും ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ പരിഷ്കാരങ്ങൾ

ഈ ചരിത്രപശ്ചാത്തലത്തിൽ, ഫ്രാൻസിസിന്റെ പരിഷ്കാരങ്ങൾ ഒരുപടി മുന്നോട്ടുള്ള ചുവടുവയ്പ്പും സഭയുടെ നിരന്തരമായ ഘടനാപരമായ തടസ്സങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായിരുന്നു. കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സംരംഭം ആരംഭിച്ചത് 2016 ലാണ്. സ്ത്രീ ഡീക്കന്മാരുടെ പങ്കിനെക്കുറിച്ചും സ്ത്രീകൾക്ക് ഡീക്കന്റെ പങ്ക് പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുന്നതിനായി അദ്ദേഹം ഒരു കമ്മീഷൻ സ്ഥാപിച്ചിരുന്നു.

2020 ൽ വിശാലമായ അന്താരാഷ്ട്ര, ദൈവശാസ്ത്ര പ്രാതിനിധ്യത്തോടെ ഒരു പുതിയ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. ഈ വിഷയം ഇപ്പോഴും പരിഗണനയിലാണ്, 2024 ൽ കമ്മീഷൻ അതിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചെങ്കിലും, പൗരോഹിത്യം ‘പുരുഷന്മാർക്കു മാത്രമുള്ളതാണ്’ എന്ന് ഫ്രാൻസിസ് പാപ്പ ആവർത്തിച്ചു സ്ഥിരീകരിച്ചു.

എന്നിരുന്നാലും, സഭാഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ ഫ്രാൻസിസ് പാപ്പ മറ്റു വഴികളിലൂടെ വികസിപ്പിച്ചു. 2021 ൽ, സ്ത്രീകളെ പ്രഭാഷകരായും അക്കോലൈറ്റുകളായും (പരമ്പരാഗതമായി പുരുഷന്മാർക്കു മാത്രമായി നിക്ഷിപ്തമായിരിക്കുന്ന ആരാധനാക്രമങ്ങൾ) സേവിക്കാൻ അനുവദിക്കുന്നതിനായി കാനോൻ നിയമത്തിൽ ഔപചാരികമായി മാറ്റം വരുത്തിക്കൊണ്ട് അദ്ദേഹം സ്പിരിറ്റസ് ഡൊമിനി പുറപ്പെടുവിച്ചു.

വത്തിക്കാൻ നേതൃത്വത്തിലും ഫ്രാൻസിസ് പാപ്പ സ്ത്രീകളുടെ പ്രാധാന്യം വർധിപ്പിച്ചു. അഭൂതപൂർവമായ ഒരു നീക്കത്തിൽ, അദ്ദേഹം സിസ്റ്റർ നതാലി ബെക്വാർട്ടിനെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചു. അങ്ങനെ സിനഡിൽ വോട്ടവകാശം വഹിക്കുന്ന ആദ്യ വനിതയായി അവർ മാറി. അതുപോലെ, 2022 ൽ, ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയിൽ നിരവധി സ്ത്രീകളെ അദ്ദേഹം നാമനിർദേശം ചെയ്തു. പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ അവർക്കൊരു പങ്കു നൽകി. ഇത് പരമ്പരാഗതമായി പുരുഷന്മാർക്ക് മാത്രമുള്ള ഒരു മേഖലയാണ്.

മരിക്കുന്നതിനു മുൻപ്, സ്ത്രീകളെ സഭാഭരണത്തിൽ സംയോജിപ്പിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് പാപ്പ കൂടുതൽ നിയമനങ്ങൾ നടത്തി. 2025 ജനുവരിയിൽ, അദ്ദേഹം സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചു. വത്തിക്കാന്റെ ഒരു പ്രധാന വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയാണ് അവർ.

ഇതിനെ തുടർന്നാണ് സിസ്റ്റർ റാഫേല പെട്രിനി, വത്തിക്കാൻ ഭരണത്തിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള വനിതയായി നിയമിതയായത്. ഗവർണർ എന്ന നിലയിൽ, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ അവർ മേൽനോട്ടം വഹിക്കുന്നു. പരമ്പരാഗതമായി പുരോഹിതന്മാർ വഹിക്കുന്ന ഒരു സ്ഥാനമാണിത്. ഒരുകാലത്ത് ചിന്തിക്കാൻപോലും കഴിയാത്ത ഈ നിയമനങ്ങൾ, സ്ത്രീനേതൃത്വത്തോടുള്ള സഭയുടെ സമീപനത്തിലെ ജാഗ്രതയോടെയുള്ള, എന്നാൽ ശ്രദ്ധേയമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ നേതൃത്വത്തോടുള്ള സഭയുടെ സമീപനത്തിൽ സാവധാനത്തിലും ക്രമാനുഗതമായും വന്ന മാറ്റത്തിന്റെ ഒരു സുസ്ഥാപിതമായ മാതൃകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരിഷ്കാരങ്ങൾ പിന്തുടർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.