വി. അല്‍ഫോന്‍സാമ്മ: ജ്വലിക്കുന്ന ഹൃദയവുമായി ആത്മനാഥനോടൊത്ത്

ജ്വലിക്കുന്ന ഹൃദയവുമായി സദാ മണവാളനെ കാത്തിരുന്ന വധുവായിരുന്നു വി. അല്‍ഫോന്‍സാമ്മ. വിശുദ്ധയുടെ ഹൃദയമാകുന്ന കുന്തിരിക്കച്ചെപ്പില്‍ പ്രാര്‍ത്ഥനയുടെ ചെറുചീളുകള്‍ സ്‌നേഹജ്വാല ഉതിര്‍ത്തിരുന്നു. പരിമളമിയലുന്ന ധൂമച്ചുരുളുകള്‍ ഈശോയുടെ ദിവ്യഹൃദയത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്നു. ഈശോയോടുള്ള വധുവിനടത്ത സ്‌നേഹം അല്‍ഫോന്‍സാമ്മയില്‍ എപ്പോഴും പ്രാര്‍ത്ഥനാനുഭവം ഉളവാക്കിയിരുന്നു. തൊട്ടതെല്ലാം അമ്മ പ്രാര്‍ത്ഥനയാക്കി മാറ്റി. വേദനയും പ്രയാസങ്ങളും അഭിനന്ദനങ്ങളും ആശംസകളും തെറ്റിധാരണയും എന്നുവേണ്ട ജീവിതത്തില്‍ അനുഭവപ്പെട്ടതെല്ലാം പ്രാര്‍ത്ഥനക്കുള്ള വിഷയങ്ങളായി മാറി. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് ഈശോ വചനം വിശദീകരിച്ചു കൊടുത്തപ്പോള്‍ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്ന അനുഭവമായി തീര്‍ന്നതുപോലെ വി. അല്‍ഫോന്‍സാമ്മ തന്റെ മുമ്പില്‍ വന്ന എല്ലാ സാഹചര്യങ്ങളെയും ഹൃദയം ജ്വലിപ്പിക്കുന്നതിനുള്ള ഇന്ധനങ്ങളാക്കി മാറ്റി.

എളിമയില്‍ ചാലിച്ചുതീര്‍ത്തതായിരുന്നു അമ്മയുടെ പ്രാര്‍ത്ഥനയാകുന്ന സുഗന്ധക്കൂട്ട്. അത് ദിവ്യഹൃദയത്തിലേക്ക് ഉയര്‍ന്നപ്പോള്‍ അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “ഓ ഈശോനാഥാ, അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്‌ക്കേണമേ. സ്‌നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള എന്റെ ആശയില്‍ നിന്നും എന്നെ വിമുക്തയാക്കേണമെ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കേണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തേണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നു കളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൗകികാശ്വാസങ്ങളെല്ലാം എനിക്ക്  കയ്പായി പകര്‍ത്തണമെ. നീതിസൂര്യനായ എന്റെ ഈശോയേ, നിന്റെ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേര്‍ക്കുള്ള സ്‌നേഹത്താല്‍ എരിയിച്ച്, എന്നെ നിന്നോട് ഒന്നിപ്പിക്കണമെ, ആമ്മേന്‍.” ആത്മാര്‍ത്ഥമായ ഹൃദയതാഴ്മയുടെ അടിത്തട്ടില്‍ നിന്നു മാത്രമേ ഇത്തരം വചസ്സുകള്‍ പ്രാര്‍ത്ഥനാരൂപത്തില്‍ ഉയര്‍ന്നുവരികയുള്ളൂ.

ജോലി ചെയ്യുമ്പോഴും രോഗിയായി കട്ടിലില്‍ കിടക്കുമ്പോഴും വി. അല്‍ഫോന്‍സാമ്മയുടെ മനസും ഹൃദയവും മണവാളനായ യേശുവിലായിരുന്നു. താന്‍ ഒന്നുമല്ലെന്നും തനിക്ക് ഒന്നുമില്ലെന്നും തന്നില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ദൈവത്തിന്റെ ദാനമാണെന്നും അവള്‍ വിശ്വസിച്ചു. ഈശോയുടെ ശൂന്യവല്‍ക്കരണത്തിലുള്ള ആത്മാര്‍ത്ഥമായ പങ്കുചേരല്‍ അവളില്‍ ഉത്ഥാനത്തിന്റെ പ്രഭ വിതറി. ദൈവവുമായുള്ള ബന്ധമാണ് പ്രാര്‍ത്ഥനയുടെ കാതലായി അല്‍ഫോന്‍സാമ്മ കാത്തുസൂക്ഷിച്ചത്. ആ ബന്ധത്തില്‍ തണലിലെ സ്‌നേഹവൃക്ഷം സമൃദ്ധമായ പൂവും കായും ചൂടിനിന്നു. ഉറക്കമില്ലാത്ത രാത്രികളെ അസ്വസ്ഥതയോടെ നോക്കിക്കാണാതെ പ്രാര്‍ത്ഥനയാക്കി മാറ്റുന്ന അല്‍ഫോന്‍സാമ്മ, ‘ഉറക്കമില്ലാത്ത രാത്രികളില്‍ നീ എന്തു ചെയ്യുകയാണ് എന്ന മാര്‍ ജയിംസ് കാളാശ്ശേരി പിതാവിന്റെ ചോദ്യത്തിന്, ഞാന്‍ സ്‌നേഹിക്കുകയാണ്’ എന്ന മറുപടി നല്‍കുന്നു.

തന്റെ രൂപതയുടെ കാര്യം പിതാവ് അല്‍ഫോന്‍സാമ്മയെ ഭരമേൽപിക്കുന്നു. പിതാവിന് അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥയിലുള്ള വിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്. ആത്മാക്കളുടെ രക്ഷക്കും പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്റെ രക്ഷക്കുമായി അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായിരുന്നു അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന. ഗോതമ്പുമണി പോലെ ഇടിച്ചുപൊടിക്കപ്പെടാനും മുന്തിരിക്കുലകള്‍ പോലെ ഞെക്കിപ്പിഴിയപ്പെടാനും അല്‍ഫോന്‍സാമ്മ കര്‍ത്താവിന് സ്വയം വിട്ടുകൊടുത്തു. നിരന്തരമായ ഛര്‍ദ്ദി മൂലം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അല്‍ഫോന്‍സാമ്മ വിലപിച്ചു. ‘കര്‍ത്താവിനെ കൂടാതെ ഞാനെങ്ങനെ ജീവിക്കും? പാരവശ്യത്തിന്റെ വേദന സഹിക്കാനുള്ള ശക്തി അവിടുന്ന് മാത്രമാണല്ലോ തരേണ്ടത്.’

ദിവ്യകാരുണ്യ സ്വീകരണാനന്തരം പരിസരമെല്ലാം മറന്ന് അല്‍ഫോന്‍സാമ്മ സമാധിയിലെന്നപോലെ കാണപ്പെടുമായിരുന്നു. അല്‍ഫോന്‍സാമ്മയുടെ മരണാനന്തരം കണ്ടുകിട്ടിയ ഒരു കുറുപ്പില്‍ ഇപ്രകാരം പറയുന്നു: “എനിക്ക് സമയം കിട്ടുമ്പോഴൊക്കെയും വിശുദ്ധ കുര്‍ബാനയുടെ സന്നിധിയില്‍ ഞാന്‍ ചെലവഴിക്കും. എന്റെ കര്‍ത്താവിനെ പൂര്‍ണ്ണമായി സ്‌നേഹിക്കണമെന്ന ഒരാഗ്രഹമേ എനിക്കുള്ളൂ.”

ദിവ്യകാരുണ്യ സന്നിധിയില്‍ അല്‍ഫോന്‍സാമ്മ ചെലവഴിച്ച നിമിഷങ്ങള്‍ ഈശോയോട് ഒന്നായിത്തീരുന്ന അമൂല്യനിമിഷങ്ങളായി വിശുദ്ധ അനുഭവിച്ചറിഞ്ഞു. ദൈവിക രഹസ്യങ്ങളും ദൈവിക ചൈതന്യവും നിറഞ്ഞുനില്‍ക്കുന്ന ഈ സ്രഷ്ടപ്രപഞ്ചത്തെയും ദൈവത്തിലേക്ക് ഉയരാനുള്ള മാര്‍ഗ്ഗങ്ങളാക്കി അല്‍ഫോന്‍സാമ്മ മാറ്റി. അല്‍ഫോന്‍സാമ്മയുടെ ലളിതവും വിനീതവുമായ ജീവിതത്തില്‍ ചെടികളെയും പൂക്കളെയുമെല്ലാം അമ്മ സ്‌നേഹിച്ചിരുന്നു. രോഗിയായിരുന്ന അവസരത്തില്‍ തന്റെ മുറിയുടെ പുറത്ത് പന്തലിച്ചുനിന്ന ചെമ്പകച്ചെടിയിലെ പൂക്കളിലേക്ക് ഏറെനേരം നോക്കിയിരുന്ന് പ്രകൃതിയില്‍ സ്രഷ്ടാവായ ദൈവം ക്രമീകരിച്ചിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് വിശുദ്ധ ധ്യാനിച്ചിരുന്നതായും കാണാം. മഠത്തിനു ചുറ്റും നിന്നിരുന്ന മരങ്ങളും ചെടികളും അവയിലെ പൂക്കളുമെല്ലാം അല്‍ഫോന്‍സാമ്മയുടെ ഹൃദയത്തിന് ആനന്ദനിര്‍വൃതി പകര്‍ന്നു. പ്രകൃതിയിലെ ആഴമേറിയ ദൈവദര്‍ശനം അല്‍ഫോന്‍സാമ്മയുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന തിളക്കമേറിയ സംഭാവനയാണ്. ആകര്‍ഷകമായി പനിനീര്‍പ്പൂക്കളെ കാണിച്ചുകൊണ്ട് പ്രകൃതിയിലൂടെ പഠിക്കേണ്ട ശൂന്യമാക്കലിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാന്‍ അല്‍ഫോന്‍സാമ്മ ശ്രമിച്ചു. പനിനീര്‍പ്പൂക്കള്‍ വികസിച്ച് പരിലസിക്കാന്‍ വേണ്ടി അതിന്റെ ചുവട്ടില്‍ അഴുകിച്ചേര്‍ന്ന് ശൂന്യമാക്കലിന് വിധേയമായ വട്ടയിലയും വെട്ടിയിലയുമൊക്കെ അല്‍ഫോന്‍സാമ്മക്ക് ധ്യാനവിഷയമായിരുന്നു.

സി. സെലിന്‍ തെരേസ് FCC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.