വി. പാദ്രെ പിയോ ജപമാലയെ ഒരു ‘ആയുധമായി’ വിശേഷിപ്പിക്കാൻ കാരണം

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധന്മാരിലൊരാളാണ് വി. പാദ്രെ പിയോ. വിശുദ്ധനെ സംബന്ധിച്ചിടത്തോളം, ജപമാലയെന്നാൽ ആത്മീയശത്രുക്കൾക്കെതിരെ ഉപയോഗിക്കാനുള്ള ഒരു ‘ആയുധം’ ആയിരുന്നു. വി. പാദ്രെ പിയോ, ജപമാലയെ ‘ആയുധം’ എന്നാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്.

സി. ബെർണാഡ് റൂഫിൻ എഴുതിയ ‘പാദ്രെ പിയോ: ദി ട്രൂ സ്റ്റോറി’ എന്ന ജീവചരിത്രത്തിൽ, ‘ജപമാല, നാരകീയശക്തികൾക്കെതിരായ വിശുദ്ധന്റെ പതിവ് പ്രാർഥനയും ആയുധവുമായിരുന്നു’ എന്ന് രചയിതാവ് വിശദീകരിക്കുന്നു. വി. പാദ്രെ പിയോ എല്ലാ ദിവസവും നിരവധി പ്രാവശ്യം ജപമാല ചൊല്ലിയിരുന്നു. പരിശുദ്ധ അമ്മയോടുള്ള സ്നേഹംകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹം എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും അവരെല്ലാം സ്വർഗത്തിന്റെ ശാശ്വതതീരത്ത് എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

കൂടാതെ, വി. പൗലോസ് ശ്ലീഹാ എഫേസോസുകാർക്കെഴുതിയ ലേഖനത്തിലെ വചനങ്ങളിലും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ‘പിശാചിന്റെ തന്ത്രങ്ങൾക്കെതിരെ ഉറച്ചുനിൽക്കാൻ ദൈവത്തിന്റെ കവചം ധരിക്കുവിൻ. എന്തെന്നാൽ, നമ്മുടെ പോരാട്ടം മാംസത്തോടും രക്തത്തോടും കൂടെയല്ല, അധികാരങ്ങളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർഗത്തിലെ ദുരാത്മാക്കളോടുമുള്ളതാണ്.’

അദ്ദേഹത്തിന്റെ പോരാട്ടം രാഷ്ട്രീയ എതിരാളികൾക്കോ, ​കത്തോലിക്കാ വിരുദ്ധവ്യക്തികൾക്കോ ​​എതിരായിരുന്നില്ല. ലോകത്തിലെ ദുരാത്മാക്കൾക്കെതിരായ ഒരു ആയുധമായി പാദ്രെ പിയോ ജപമാലചൊല്ലി പ്രാർഥിച്ചിരുന്നു.

ജപമാലമണികൾ ആയുധമായി ഉപയോഗിച്ചതുവഴി പാദ്രെ പിയോ ഒരു ബാഹ്യ കുരിശുയുദ്ധത്തിനുവേണ്ടി വാദിക്കുകയോ, എതിരാളികളുടെ നാശം ആഗ്രഹിക്കുകയോ ചെയ്തില്ല. കണ്ണിന് അദൃശ്യമായ ഒരു ആത്മീയയുദ്ധം ലോകത്ത് നടക്കുന്നുണ്ടെന്നും പൈശാചികശക്തികൾക്കെതിരായ ഏറ്റവും ഫലപ്രദമായ ആയുധങ്ങളിലൊന്നാണ് ജപമാലയെന്നും അദ്ദേഹം വിശ്വസിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.