ആരാണ് ഒരു പുരോഹിതൻ?

ഇടവക വൈദികരുടെ സ്വർഗീയമധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് 4. ബലിക്കല്ലിൽ ആദ്യമായി ബലിയർപ്പിച്ച ആദ്യ പുരോഹിതനായ മെൽക്കിസെദേക്കിനെപ്പോലെ, കുരിശിൽ യാഗമായി മാറിയ ക്രിസ്തുവിനെപ്പോലെ എന്നും ദൈവത്തിനും ദൈവജനത്തിനുംവേണ്ടി സ്വജീവിതം മാറ്റിവച്ച എല്ലാ പുരോഹിതരേയും ഓർത്ത് നമുക്ക് പ്രാർഥിക്കാം. പ്രത്യേകിച്ച്, ഇന്നേദിനം ഇടവക വികാരിയച്ചനെ ഓർത്തു പ്രാർഥിക്കാൻ മറക്കരുത്. ഒപ്പം സുഹൃത്തേ, നിന്റെ ജീവിതത്തിൽ ഏതെങ്കിലുംവിധത്തിൽ നിന്നെ സ്വാധീനിച്ച, ആശ്വസിപ്പിച്ച, നൊമ്പരപ്പെടുത്തിയ എല്ലാ വൈദികരെയും ഓർത്തു പ്രാർഥിക്കാം. എന്നെക്കൂടി ഓർത്തു പ്രാർഥിക്കുന്ന കാര്യം പ്രത്യേകിച്ചുപറയണ്ടല്ലോ അല്ലേ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.

ആരാണ്‌ വി. ജോൺ മരിയ വിയാനി? വൈദിക പരിശീലനകാലഘട്ടത്തിൽ “മടയൻ” ആയി എല്ലാവരും മുദ്രകുത്തിയിട്ടും ദൈവത്തിന്റെ കൈയൊപ്പ് ചാർത്തപ്പെട്ടവൻ, ദൈവത്തിനുവേണ്ടി ആത്മാക്കളെ നേടാനുള്ള ആഗ്രഹത്താൽ ജപമാല കൈയിലേന്തിയവൻ, ബലിപീഠത്തിൽ സ്വയം ബലിയായിത്തീർന്ന് വചനം പകർന്നവൻ. കുമ്പസാരക്കൂടിനെ ദൈവ-മനുഷ്യസമാഗമത്തിന്റെ ഇടമാക്കി ദിവസവും പതിനാറു മണിക്കൂർ ഉരുകിത്തീർന്നവൻ, താൻ എത്തപ്പെട്ട ആർസ് എന്ന പാപത്തിന്റെ ഭൂമിയെ പുണ്യഭൂമിയാക്കി മാറ്റിയവൻ… എങ്ങനെ പിന്നെ ഈ പുരോഹിതൻ “വിശുദ്ധൻ” ആകാതിരിക്കും?

നമുക്കറിയാം, മിക്കവാറും ഒട്ടുമിക്ക വ്യക്തികളും ആയിരിക്കുന്ന ജീവിതാവസ്ഥകളിൽ, ചുറ്റുപാടുകളിൽ, ഇഷ്ടക്കേടു മൂലം എല്ലാവരെയും കുറ്റംപറഞ്ഞും പിറുപിറുത്തും ദൈവത്തെപോലും ശപിച്ചും സ്വയം പ്രാകിയുമാണ് കഴിയുന്നത്. അങ്ങനെയുള്ളവരെ ഒരു നിമിഷം ചിന്തിക്കാൻ വിശുദ്ധന്റെ ജീവിതം പ്രേരിപ്പിക്കും. ആർക്കും വേണ്ടാത്ത, ദൈവവിശ്വാസം പോലുമില്ലാത്ത ജനം തിങ്ങിപ്പാർക്കുന്ന പാപത്തിന്റെ താഴ്‌വരയെന്ന ആർസ് എന്ന ഗ്രാമത്തിലേക്ക്  വികാരിയായി പോകാൻ ജോൺ മരിയ വിയാനിയെ പ്രേരിപ്പിച്ചത് എന്താണ്? “താൻ എന്ത് ആയിരിക്കുന്നുവോ അതു ദൈവകൃപയാലാണ്” എന്ന അടിയുറച്ച ബോധ്യവും തന്റെ നിസ്സാരതയെക്കുറിച്ചുള്ള അവബോധവും “തന്നെ ശക്തനാക്കുന്ന ദൈവത്തിലൂടെ തനിക്കു എല്ലാം ചെയ്യാൻ കഴിയും” എന്ന വിശ്വാസവുമായിരുന്നു.

“ആർസിലേക്കുള്ള വഴി കാണിച്ചുതന്നാൽ സ്വർഗത്തിലേക്കുള്ള വഴി ഞാൻ കാണിച്ചുതരാം” എന്ന വിശുദ്ധന്റെ ഈ വാക്കുകൾ നാം ധ്യാനിക്കണം. സുഹൃത്തേ, ഏതാണ് നിന്റെ ആർസ്? നിന്റെ സ്വാർഥതയുടെ, അഹങ്കാരത്തിന്റെ, തന്നിഷ്ടങ്ങളുടെ, ലോകമോഹങ്ങളുടെ, പാപത്തിന്റെയൊക്കെ ആർസ് ഏതെന്നു നീ കണ്ടെത്തണം. അപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള വഴികൾ കാണിച്ചുതരാൻ പുണ്യജീവിതങ്ങളെ ദൈവം നിന്റെ പക്കലേക്ക് അയയ്ക്കും. പക്ഷേ, സ്വർഗത്തിലേക്ക് കണ്ണുകളുയർത്താൻ നീ മനസ്സാകണം.

എന്റെ തിരുപ്പട്ടശുശ്രുഷ കഴിഞ്ഞപ്പോൾ നന്ദിപറയാൻ വികാരിയച്ചനെ കാണാൻ ചെന്നു. അപ്പോൾ അച്ചൻ എന്നോട് പറഞ്ഞു: “മകനേ, ഇപ്പോൾ നീ ഒരു പുരോഹിതൻ. ഒത്തിരി പേരുടെ ‘നിലവിളി’ യുടെ ഉത്തരമാണ് ഓരോ ‘ദൈവവിളി’യും. അതുകൊണ്ടു തന്നെ കനൽവഴികളിലൂടെ നടക്കേണ്ടിവന്നാലും ‘മുറവിളി’ കൂട്ടരുത്. കാരണം, ‘പുരോഹിതനാകാൻ വിളി ലഭിച്ചവൻ ഭാഗ്യവാൻ; എന്തെന്നാൽ അവൻ ദിനവും സർവശക്തനായ ദൈവത്തെ സ്വന്തം കൈകളിലെടുക്കും.”

ശരിക്കും പറഞ്ഞാൽ ഓരോ ബലിയിലും കർത്താവിന്റെ കൈകളിൽ ഉയർത്തുമ്പോൾ, കരയാതെയിരിക്കാൻ ഞാൻ പാടുപെടാറുണ്ട്. ഇത്രയും വിലപ്പെട്ട, മൂല്യമുള്ള ദൈവവിളിയെന്ന ദാനം മൺകുടമായ എന്നെ ഭരമേല്പിച്ചല്ലോ എന്നോർത്ത്‌. “എന്തെന്നാൽ, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു” (ഗലാ. 1:15).

“അച്ചാ, ഇന്ന് വിശുദ്ധ കുർബാനയിൽ കാസ ഉയർത്തി പ്രാർഥിക്കുമ്പോൾ എന്റെ നിയോഗവും ഓർക്കണേ” ഓരോ പ്രാവശ്യവും പലരും ഇങ്ങനെ പറയുമ്പോൾ ഞാൻ അവരെ ഓർത്തു പ്രാർഥിക്കാറുണ്ട്. പിന്നീട് ദൈവം അവരുടെ ജീവിതത്തിൽ ഇടപെട്ടതായി അവർ സാക്ഷ്യപെടുത്തുകയും ചെയുമ്പോൾ ഞാൻ അറിയാതെ ഓർത്തുപോകും, “ദൈവമേ… എന്നിൽ ശ്രേഷ്ഠമായി എന്തു നീ കണ്ടു? എല്ലാമറിയുന്ന നിന്നോട് ഞാൻ എന്തു പറയാനാ. നന്ദി മാത്രം… ഒത്തിരി നന്ദി.”

ശരിക്കും പറഞ്ഞാൽ, ഏതൊരു പുരോഹിതനും ഇങ്ങനെയേ പറയാൻ പറ്റൂ. അതെ, ഒരു പുരോഹിതൻ ബലിപീഠത്തിൽ നിന്നും ചങ്കുപൊട്ടി വിളിച്ചാൽ, ചങ്കുപൊട്ടി ചോര ഒഴുക്കിയവൻ മിണ്ടാതിരിക്കുമോ? “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെയേതു ശ്രേഷ്ഠ ജനതയാണുള്ളത്‌?” (നിയമാ. 4:7).

അല്ലയോ പുരോഹിതാ, എത്രയോ ശ്രേഷ്‌ഠമീ ജീവിതം. എങ്കിലും എന്തുകൊണ്ടാണ് പുരോഹിതർക്കു കാലിടറുന്നത്? കടലിന്റെ മനോഹാരിത ആസ്വദിച്ച് തോണിയിൽ യാത്രചെയ്യവെ അവന്റെ മുൻപിൽ അവിചാരിതമായി പ്രത്യക്ഷപ്പെട്ട ക്രിസ്തുവിനെ തിരിച്ചറിഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് എത്താനായി ആവേശത്തോടെ കടലിലേക്ക് എടുത്തുചാടിയ പത്രോസിനെപ്പോലെയാണ് ചിലപ്പോളൊക്കെ പുരോഹിതൻ. അറിയാതെ ക്രിസ്തുവിൽ നിന്നും കണ്ണ് ഒന്നു മാറിപ്പോയാൽ ഭയപ്പെടുത്തുന്ന, മുക്കിക്കൊല്ലാൻ കെല്പുള്ള പലതും ചുറ്റുമുണ്ടെന്ന സത്യം ഓരോ പുരോഹിതനും മറക്കരുത്.

“വിളിക്ക് വിള്ളൽ ഉണ്ടാകുന്നതു, വിളിച്ചവനെ മറക്കുന്നതുകൊണ്ടാണ്.” അതേ, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല” (റോമാ 11:29). പക്ഷേ, കടിഞ്ഞൂൽ അവകാശം നിസാരമായി കരുതിയ ഏസാവിനെപ്പോലെ പലരും, “താൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാൽ ആണെന്ന” സത്യം മറന്ന് അഹങ്കരിക്കുമ്പോൾ തകർച്ചയും ആരംഭിക്കും. സുഹൃത്തേ, വീഴ്‍ചകൾ പറ്റിയ അഭിഷിക്തരെ ഓർത്തു പ്രാർഥിക്കുക, അവരെ അധിഷേപിക്കാതെ. അപ്പോൾ നീയും നിന്റെ തലമുറയും അനുഗ്രഹിക്കപ്പെടും.

സുഹൃത്തേ, എന്തൊക്കെ പറഞ്ഞാലും, “ദൈവനാമത്തിൽ” നിന്നെ അനുഗ്രഹിക്കാൻ വരം കിട്ടിയവരാണ് ഓരോ പുരോഹിതരും. “അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല” (ഹെബ്രാ. 5:4). അതുകൊണ്ട്, നിന്റെ ജനനം മുതൽ മരണം വരെ കൂദാശകളിലൂടെ നിന്നെ ശക്തിപ്പെടുത്താൻ, നീ തളരുമ്പോൾ നിനക്കുവേണ്ടി കരമുയർത്തി പ്രാർഥിക്കാൻ, ഒരു സുഹൃത്തായി, സഹോദരനായി, മകനായി, അച്ചനായി, ഒക്കെ നിന്നോടൊപ്പമുള്ള വൈദികരെ ഓർത്തു പ്രാർഥിക്കാം. ഈ കൊറോണ കാലഘട്ടത്തിൽ ദേവാലയത്തിൽ പോലും പോകാനാവാതെ കുമ്പസാരിക്കാനോ, കുർബാന സ്വീകരിക്കാനോ പറ്റാതെ മനസ് തളരുമ്പോൾ നീ ഓർക്കണം പുരോഹിതന്റെ വില, അവന്റെ വിശിഷ്ട സ്ഥാനം.

സുഹൃത്തേ, ഒരു നിമിഷം നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു. പൗരോഹിത്യത്തിന്റെ വില മനസ്സിലാക്കാതെ ഞാനോ, എന്റെ സഹപുരോഹിതരോ ഏതെങ്കിലുംവിധത്തിൽ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉതപ്പിനു കാരണമായിട്ടുണ്ടെങ്കിൽ മാപ്പ്…

ഒരിക്കൽക്കൂടി എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ.

വി. ജോൺ മരിയ വിയാനി കാണിച്ചുതന്ന സ്വർഗത്തിലേക്കുള്ള പാതയിൽ നമുക്കും നടന്നുതുടങ്ങാം. നിത്യപുരോഹിതനീശോയേ അനുഗ്രഹിക്കണേ…

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.