പ്രലോഭനങ്ങളെ നേരിടാൻ എന്തൊക്കെ ചെയ്യണം

തെറ്റിലേക്കുള്ള ചായ്‌വ് മനുഷ്യസഹജമാണ്. എന്നാൽ ‘ഒരു തെറ്റല്ലേ. അത് ആർക്കും പറ്റാം’ എന്നു കരുതി ആ തെറ്റിൽ തന്നെ തുടരുന്നത് ശരിയല്ല. അത് ദൈവത്തിന് ഇഷ്ടമല്ല. തന്റെ മക്കളെല്ലാം നന്മയിൽ ചരിക്കണമെന്നും തനിക്ക് പ്രിയപ്പെട്ടവരായിരിക്കണം എന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ നന്മയിൽ ജീവിക്കാൻ, അവിടുത്തെ പ്രത്യേക അനുഗ്രഹം നമുക്ക് ആവശ്യമാണ്.

തിന്മയിലേക്കുള്ള നമ്മുടെ ചായ്‌വുകളെ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കാനുള്ള ഏതാനും ചില നിർദ്ദേശങ്ങൾ ഇതാ…

1. തിന്മയിലേക്കുള്ള നമ്മുടെ ചായ്‌വുകളെ കണ്ടെത്താം

നമ്മുടെ ജീവിതത്തിൽ തെറ്റുകളിലേക്ക് നമ്മെ നയിക്കുന്ന ആഗ്രഹങ്ങളെ, ചിന്തകളെ തിരിച്ചറിയാൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ അവയെ നമ്മുടെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കാൻ കഴിയുകയുള്ളൂ. തിരിച്ചറിവ് – അത് നമ്മെ പാപങ്ങളിൽ നിന്ന് അകന്നിരിക്കാൻ സഹായിക്കും.

2. സാഹചര്യങ്ങളെ ഉപേക്ഷിക്കാം

പാപത്തിലേക്ക് നമ്മെ നയിക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി അവയെ ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിന് നാം കടന്നുപോകുന്ന അല്ലെങ്കിൽ പോകാനിരിക്കുന്ന സാഹചര്യം നമ്മെ പാപകരമായ അവസ്ഥയിലേക്ക്  തള്ളിവിടുമോ എന്ന് മുൻകൂട്ടി കാണേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളെ ത്യാഗപൂർവ്വംവം ഒഴിവാക്കുമ്പോൾ ദൈവം നമുക്കായി പ്രവർത്തിക്കും.

3. ദൈവത്തിൽ ആശ്രയം വയ്ക്കാം

ചില കാര്യങ്ങളെ അതിജീവിക്കാൻ നമ്മെക്കൊണ്ട് കഴിവില്ലായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ കഴിവിന് അതീതനായി പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ നമ്മുടെ അവസ്ഥകളെ സമർപ്പിക്കാം. ‘ദൈവമേ, ഞാൻ പാപിയാണ്. അശക്തനാണ്. എന്നെ സഹായിക്കണമേ’ എന്നു പ്രാർത്ഥിക്കാം. ദൈവത്തിന് പൂർണ്ണമായും നമ്മെത്തന്നെ വിട്ടുകൊടുക്കാം.

4. തീവ്രമായ ആഗ്രഹം

തെറ്റിനെയും തെറ്റായ സാഹചര്യങ്ങളെയും ഉപേക്ഷിക്കാനുള്ള ഒരു ആഗ്രഹം നമ്മിൽ ഉണ്ടാവുക ആവശ്യമാണ്. ഞാൻ ഇങ്ങനെയാണ്, ദൈവം വന്ന് നന്നാക്കട്ടെ എന്നു ചിന്തിച്ചാൽ ഒന്നും സംഭവിക്കുകയില്ല എന്നു മാത്രമല്ല, ദൈവത്തിൽ നിന്ന് നാം കൂടുതൽ അകലാനും പാപകരമായ ജീവിതത്തിൽ തന്നെ തുടരാനും കാരണമാകും. മാറണം, ദൈവത്തോട് കൂടുതൽ അടുക്കണം എന്നുമുള്ള ആഗ്രഹം ആദ്യം നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകണം. അതാണ് മാറ്റത്തിന്റെ ആദ്യപടി.

5. പ്രാർത്ഥന പതിവാക്കാം

ദൈവത്തോട് ചേർന്നുനിൽക്കാനുള്ള ആഗ്രഹം നമ്മുടെയുള്ളിൽ ഉണ്ടാകുമ്പോഴേ സാത്താൻ പ്രവർത്തിച്ചു തുടങ്ങും. അത് ആദ്യം തിരിച്ചറിയണം. അതിനാൽ സാത്താനെയും അവന്റെ പ്രലോഭനങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ പ്രാർത്ഥന ശക്തമാക്കുക. വെറുതെയിരിക്കുന്ന സമയങ്ങളിൽ സുകൃതജപങ്ങൾ ഉരുവിട്ടുകൊണ്ട് ഇരിക്കാം.

6. നല്ല സൗഹൃദങ്ങൾ കണ്ടെത്താം

നിങ്ങളെ നന്മയിലേക്ക് നയിക്കുന്ന നല്ല സൗഹൃദങ്ങൾ കണ്ടെത്താൻ ശ്രമിക്കാം. തിന്മയിലേക്ക് നയിക്കുന്നവരെ ഒഴിവാക്കാം. അവരുമായുള്ള സമ്പർക്കം നിങ്ങളെ ഒരിക്കലും നന്മയുടെ പാതയിൽ നയിക്കുകയില്ല. ദൈവഭയമുള്ള നല്ല സൗഹൃദങ്ങൾ ആത്മീയതയിൽ അനുദിനം വളരാൻ നിങ്ങളെ സഹായിക്കും. അത്തരം സൗഹൃദങ്ങൾ കണ്ടെത്താനും ദൈവത്തോട് ചേർന്നു ജീവിക്കാനും ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.