റഷ്യയെക്കുറിച്ച് ക്രിസ്തു വി. ഫൗസ്റ്റീനായോട് പറഞ്ഞത്

ദൈവകരുണയെക്കുറിച്ച് വെളിപ്പെടുത്തലുകൾ ലഭിച്ച വിശുദ്ധയാണ് പോളണ്ടിലെ സന്യാസിനിയായ വി. ഫൗസ്റ്റീനാ കൊവാൽസ്ക. 1930- കളിൽ പോളണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധയ്ക്ക് ക്രിസ്തുവിൽ നിന്ന് ധാരാളം സ്വകാര്യ വെളിപ്പെടുത്തലുകൾ ലഭിക്കുമായിരുന്നു. ഈ വെളിപ്പെടുത്തലുകളെല്ലാം തന്നെ ദൈവകരുണയെക്കുറിച്ചായിരുന്നു. തുടർന്ന് വി. ജോൺപോൾ രണ്ടാമൻ പാപ്പാ ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു.

1936 ഡിസംബർ ആറ്, വി. ഫൗസ്റ്റീനാ റഷ്യയ്ക്കു വേണ്ടി സമർപ്പിച്ച ദിവസമായിരുന്നു. അതേക്കുറിച്ച്, വി. ഫൗസ്റ്റീനാ ഡയറിയിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “റഷ്യയ്ക്കു വേണ്ടി ഞാൻ ഈ ദിവസം സമർപ്പിക്കുകയാണ്. ആ രാജ്യത്തിനു വേണ്ടി എന്റെ എല്ലാ സഹനങ്ങളും പ്രാർത്ഥനകളും ഞാൻ സമർപ്പിക്കുന്നു. വിശുദ്ധ കുർബാനക്കു ശേഷം യേശു എന്നോട് ഇപ്രകാരം പറഞ്ഞു: ‘എനിക്ക് ഈ രാജ്യത്തോട് ഇനിയും ക്ഷമിക്കാൻ സാധിക്കില്ല. മകളേ, അവരെ ശിക്ഷിക്കുന്നതിൽ നിന്ന് എന്റെ കൈകളെ നീ തടയരുത്.’ ദൈവത്തിന് പ്രീതികരമായ ആത്മാക്കളുടെ പ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ ആ ജനത മുഴുവൻ ഇതിനകം നശിപ്പിക്കപ്പെട്ടേനെ എന്ന് ഞാൻ മനസ്സിലാക്കുന്നു. ഓ, ദൈവത്തെ തന്റെ രാജ്യത്തിൽ നിന്ന് പുറത്താക്കിയ ആ ജനതയ്ക്കു വേണ്ടി ഞാൻ എത്ര സഹിക്കുന്നു.” 1936 ഡിസംബർ അഞ്ചിന് സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ ജോസഫ് സ്റ്റാലിൻ ഒപ്പുവച്ചതിന് അടുത്ത ദിവസമാണ് വി. ഫൗസ്റ്റീനാ, ഡയറിയിൽ റഷ്യയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

ദൈവകരുണ എല്ലാറ്റിനും മീതെ എപ്പോഴും വിജയിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന ആത്മാക്കളുടെ പ്രാർത്ഥനകൾ ഏത് യുദ്ധത്തെ തടയാനും ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും സഹായിക്കുമെന്ന് മേല്പറഞ്ഞ സംഭവത്തിലൂടെ വ്യക്തമാണ്. നമുക്കെല്ലാവർക്കും വി. ഫൗസ്റ്റിനായോട് ചേർന്ന് ‘ദൈവമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു’ എന്ന് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.