ജീവിതം സന്തോഷപ്രദമാക്കാൻ നാം എന്ത് ചെയ്യണം?

ജീവിതം പൂർണ്ണമായി ആസ്വദിക്കാനുള്ള യഥാർത്ഥ കഴിവ് നമ്മുടെ ഹൃദയങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. സമ്പത്തോ, ഭൗതികവസ്തുക്കളോ കൈവശം വയ്ക്കുന്നത് സന്തോഷകരമായ ജീവിതത്തിന് കാരണമാകുമെന്നാണ് പലരുടെയും വിചാരം. പക്ഷേ, പൊതുവെ അങ്ങനെയല്ല. ജീവിതം പൂർണ്ണമായി ആസ്വദിക്കാനുള്ള യഥാർത്ഥ കഴിവ് നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തോടുള്ള നമ്മുടെ അഭിനിവേശത്തിലും സ്നേഹത്തിലും നമ്മുടെ സംസ്കാരത്തിലും മനോഭാവത്തിലുമാണ് അടങ്ങിയിരിക്കുന്നത്.

ആഡംബരമായ ഒരു വീടോ, മനോഹരമായ ഒരു കുടുംബമോ, ധാരാളം സുഹൃത്തുക്കളോ മാത്രം ഉണ്ടായാൽ പോരാ. വെല്ലുവിളികൾക്ക് വഴങ്ങാതെ അവയെ നേരിടാനും അതിജീവിക്കാനുമുള്ള കരുത്തും നമുക്ക് വേണം. പ്രശ്‌നങ്ങളെയും ശത്രുക്കളെയും അഭിമുഖീകരിക്കുമ്പോഴാണ് നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്. കാര്യങ്ങൾ നമ്മുടെ വഴിക്ക് നടക്കാതെ വരുമ്പോൾ നമ്മൾ കള്ളം പറയുകയോ, വഞ്ചിക്കപ്പെടുകയോ, അപമാനിക്കപ്പെടുകയോ ചെയ്യുമ്പോൾ – അപ്പോഴാണ് നാം തിരിച്ചറിയുന്നത് ശരിക്കും നമ്മൾ ആരാണെന്ന്.

ചെറിയ കാര്യങ്ങൾക്കു പോലും നിരാശയും പകയും നീരസവും തോന്നുന്ന ആളുകൾക്ക് ജീവിതം ആസ്വദിക്കാൻ കഴിയില്ല. മനസ്സിൽ വെറുപ്പോ, വിദ്വേഷമോ ഉള്ളവർക്ക് ഒരിക്കലും ഹൃദയം തുറന്നു ചിരിക്കാനോ, സന്തോഷിക്കാനോ സാധിക്കില്ല. പണമോ, ഭൗതികവസ്‌തുക്കളുടെയോ അഭാവമല്ല അനിവാര്യമായ അനുഭവങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയാത്തതാണ് പ്രശ്‌നം.

ജീവിതത്തിലെ സന്തോഷത്തിന് പല തലങ്ങളുണ്ട്. ചില ആളുകൾ പിരിമുറുക്കത്തിൽ ജീവിക്കുന്നു. പണത്തിനും ഭൗതികവസ്തുക്കൾക്കും ജീവിതത്തിൽ യഥാർത്ഥമായ സംഭാവന ഒന്നും ചെയ്യാത്ത നിസ്സാര ആനന്ദങ്ങൾക്കും പിന്നാലെ അവർ ഓടുന്നു. അവർ നല്ല കാര്യങ്ങൾ അന്വേഷിക്കുന്നു. ബാഹ്യമായ സന്തോഷത്തിൽ ഒതുങ്ങാതെ ഔദാര്യം, സർഗ്ഗാത്മകത, സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് എന്നിവയിലൂടെ ലഭിക്കുന്ന സന്തോഷം ആസ്വദിക്കുക. കുടുംബമോ, സുഹൃത്തുക്കളോ, സഹപ്രവർത്തകരോ, സമൂഹമോ ആകട്ടെ. മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജീവിതമായിരിക്കണം നമ്മുടേത്.

ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്നത് എന്താണോ അത് ആസ്വദിക്കാൻ പഠിക്കണം. നമ്മുടെ ജീവിതവഴികളിൽ കണ്ടെത്തുന്ന എല്ലാ നല്ല കാര്യങ്ങളും ആസ്വദിക്കണം. എന്നാൽ ദൈവത്തെയോ, മറ്റുള്ളവരെയോ ദ്രോഹിക്കരുത് എന്ന കാര്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും വേണം. നമുക്ക് തെറ്റ് സംഭവിക്കുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ശരിയായും അവസരോചിതമായും തിരുത്തുക. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്കോ, കണ്ണീരിനോ നമ്മൾ ഒരിക്കലും കാരണമാകരുത്. മറിച്ച് അവർക്ക് പിന്തുണ നൽകുക. സ്വന്തം പ്രശ്‌നങ്ങൾ മാത്രം ചിന്തിച്ചു ജീവിക്കാതെ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം നിർദ്ദേശിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.