
നമ്മുടെ ചിന്താഗതികൾ നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. പോസിറ്റീവായി ചിന്തിക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ശീലമാണ്. നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ പോസിറ്റീവായി മാറ്റാൻ സഹായിക്കുന്ന ലളിതമായ ആറ് വഴികൾ നോക്കാം.
1. നന്ദിയുള്ളവരായിരിക്കുക
ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾക്കുപോലും നന്ദിപറയുന്ന ശീലം വളർത്തിയെടുക്കുക. ഒരു ‘ഗ്രാറ്റിറ്റ്യൂഡ് ജേണൽ’ (Gratitude Journal) സൂക്ഷിക്കുന്നത് നല്ലതാണ്. ഓരോ ദിവസവും നമുക്ക് സന്തോഷം നൽകിയ കാര്യങ്ങൾ അതിൽ കുറിച്ചുവയ്ക്കുക. മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഇത് വായിക്കുന്നത് നമ്മുടെ വിഷമാവസ്ഥയെ മറികടക്കാൻ സഹായിക്കും.
2. നല്ല ഉറക്കം ശീലമാക്കുക
ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം ലഭിച്ചെങ്കിൽ മാത്രമേ പോസിറ്റീവായിരിക്കാൻ സാധിക്കൂ. ഉറക്കക്കുറവ് നമ്മളെ ക്ഷിപ്രകോപികളും അസ്വസ്ഥരുമാക്കും. കൃത്യമായ ഒരു ഉറക്കക്രമം പാലിക്കുന്നത് ഊർജസ്വലതയോടെ ആയിരിക്കാൻ നമ്മെ സഹായിക്കും.
3. സാഹചര്യങ്ങളെ അംഗീകരിക്കുക
കാര്യങ്ങൾ എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോർത്തു വിഷമിക്കാതെ നിലവിലുള്ള സാഹചര്യത്തെ പോസിറ്റീവായി കാണാൻ ശ്രമിക്കുക.
4. മാറ്റം വരുത്തേണ്ട മേഖലകൾ കണ്ടെത്തുക
ഏതൊക്കെ സാഹചര്യങ്ങളിലാണ് നമ്മൾ കൂടുതൽ നെഗറ്റീവാകുന്നത് എന്ന് തിരിച്ചറിയുക. അത്തരം സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി പ്ലാൻ ചെയ്യുക. യാത്രയ്ക്കിടയിൽ ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നതോ, പോസിറ്റീവായ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതോ ഇതിന് സഹായിക്കും.
5. ചിരിക്കാൻ മറക്കരുത്
ജീവിതത്തിലെ തമാശകൾ ആസ്വദിക്കാൻ ശ്രമിക്കുക. ചിരി മാനസികസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രയാസകരമായ ഘട്ടങ്ങളിൽ പോലും ഒരു ചെറിയ പുഞ്ചിരി നൽകുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
6. യാഥാർഥ്യബോധം പുലർത്തുക
പോസിറ്റീവ് ചിന്ത എന്നാൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളെയും അവഗണിക്കുക എന്നല്ല. നെഗറ്റീവായ സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണം. അമിതമായ പ്രതീക്ഷ വയ്ക്കാതെ കാര്യങ്ങളെ യുക്തിപരമായി കണ്ട് മുന്നോട്ടുപോകുന്നത് നിരാശ ഒഴിവാക്കാൻ സഹായിക്കും.
മാറ്റങ്ങൾ സാവധാനമേ സംഭവിക്കൂ. നിങ്ങളിൽ തന്നെ വിശ്വസിക്കുക.




