
സിസിലിയിലെ മഡോണി പർവതനിരകളിൽ അതായത്, ‘സിസിലിയൻ ആൽപ്സ്’ എന്നുകൂടി അറിയപ്പെടുന്ന മലനിരകളിൽ വളരെ പഴക്കമുള്ള ഒരു വഴിത്താരയുണ്ട്. 103 മൈൽ നീളമുള്ള ഈ വഴിത്താരയ്ക്ക് 400 വർഷത്തെ പഴക്കമാണുള്ളത്. കൂടാതെ, വളരെ വ്യത്യസ്തമായ പേരും – ‘വിയാ ദെയ് ഫ്രാത്തി’ അഥവാ ‘സന്യാസിമാരുടെ വഴി.’ തീർഥാടകരും സഞ്ചാരികളുമായ പുരോഹിതന്മാരും മിഷനറിമാരും 400 വർഷമായി കാൽനടയായി സഞ്ചരിച്ചുവരുന്ന വഴിയാണ് ഇത്. കഴിഞ്ഞ 80 വർഷത്തിനിടയിലെപ്പോഴോ അത് ഉപയോഗശൂന്യമായി. എന്നാൽ 2015 ൽ സിസിലിയൻ സൈക്കോതെറാപ്പിസ്റ്റ് സാന്റോ മസാരിസ് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകി.
സിസിലിയിലെ ഹൃദയഭാഗത്തുനിന്ന് ആരംഭിച്ച് കാൽറ്റാനിസെറ്റ, പലേർമോ പ്രവിശ്യകളുടെ പ്രദേശം കടന്ന് സിസിലിയൻ ആൽപ്‌സിന്റെ ഹൃദയമായ മഡോണിയിലൂടെയാണ് ഈ വഴി പോകുന്നത്. തുടർന്ന് കാസ്റ്റൽബുവോണോയിലും അവിടെനിന്ന് നോർമൻ നഗരമായ സെഫാലുവിലും ഈ വഴി എത്തിച്ചേരുന്നു. നിരവധി ആളുകളാണ് ഇതിലെ കാൽനടയായി സഞ്ചരിക്കാൻ ഇപ്പോൾ എത്തുന്നത്.
പുരാതനകാലത്ത് സന്യാസിമാർ മലനിരകളും സിസിലിയൻ ഗ്രാമപ്രദേശങ്ങളും കടന്ന് കാൽനടയായോ, കോവർകഴുതകളുടെ പുറത്തോ കയറി തങ്ങളുടെ ആശ്രമങ്ങൾക്കുവേണ്ടി ഭിക്ഷ ചോദിച്ചിരുന്ന പാതയിൽനിന്നാണ് ഈ നടത്തം പ്രചോദനം ഉൾക്കൊണ്ടത്. വിയാ ദെയ് ഫ്രാത്തിയിലൂടെ നടന്നിരുന്ന പല സന്യാസിമാരും ‘മൊണാസി ഡി സെർക്ക’ വിഭാഗത്തിൽപെട്ടവരായിരുന്നു. വിളവെടുപ്പുസമയത്ത് വിദൂര കാർഷികപട്ടണങ്ങളിലേക്ക് കർഷകരുടെ അടുത്ത് ജോലിചെയ്യാനും ആത്മീയസഹായം നൽകാനും സീസണലായി അവർ യാത്ര ചെയ്യുമായിരുന്നു. വിളവെടുപ്പുകാലം അവസാനിക്കുമ്പോൾ, ഈ സഞ്ചാര സന്യാസിമാർ ഈ കാമിനോയിലൂടെ നടന്ന് അവരുടെ ആശ്രമങ്ങളിലേക്കു മടങ്ങും. സിസിലിയിലെ മഡോണി പർവതനിരകളിലെ നവീകരിച്ച 103 മൈൽ തീർഥാടനപാതയായ വേ ഓഫ് ദി ഫ്രയേഴ്‌സിലൂടെ ഇപ്പോൾ യാത്രക്കാർക്കു നടക്കാം.
ഒരു പുരാതന തീർഥാടനകേന്ദ്രം എന്നതിലുപരി, സിസിലിയിലെ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ആവാസവ്യവസ്ഥയിലൂടെയാണ് ഫ്രയേഴ്‌സ് വേ കടന്നുപോകുന്നത്. ഈ പ്രദേശത്തുമാത്രം കാണപ്പെടുന്ന 150 ലധികം സസ്യജാലങ്ങളും ആയിരം വർഷം പഴക്കമുള്ളതായി കരുതപ്പെടുന്ന ഓക്ക് മരങ്ങളും ഇവിടെയുണ്ട്. വലിയ നഗര വാസസ്ഥലങ്ങളിലേക്ക് താമസം മാറിയ ഗ്രാമീണജനതയെ സേവിക്കുന്നതിനായി നിർമ്മിച്ച, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറിയ ചാപ്പലുകളും ഈ പാതയിൽ കാണാം.
പാതയുടെ ഭൂരിഭാഗവും 3,300 അടി ഉയരത്തിലായതിനാൽ വേനൽക്കാലത്തുപോലും ഇതിലൂടെ നടക്കാൻ കഴിയും. എന്നാൽ മിതമായ താപനില ഇഷ്ടപ്പെടുന്നവർ ഒക്ടോബർ-നവംബർ അല്ലെങ്കിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ സന്ദർശനം ആസൂത്രണം ചെയ്യേണ്ടതാണ്. ഈസ്റ്റർ ആഴ്ചയിൽ ‘സന്യാസിമാരുടെ വഴിയിലൂടെ’ നടക്കുന്നത് ഒരു സവിശേഷ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.