സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ഫിലിപ്പീൻസിലെ ‘ഉൻദസ്’ ആഘോഷം

ഫാ. ജെറി വള്ളോംകുന്നേൽ MCBS

ഒട്ടുമിക്ക സംസ്കാരങ്ങളിലും ആളുകൾ ഏതാനും നിമിഷങ്ങൾ മാത്രം സന്ദർശനത്തിനായി ചിലവഴിക്കുന്ന ഒരു സ്ഥലമാണ് സെമിത്തേരികൾ. എന്നാൽ, ഫിലിപ്പീൻസിൽ അങ്ങനെയല്ല. അവിടെ ‘ഉൻദസ്’ എന്ന പേരിൽ നവംബർ ഒന്നിന് സകല വിശുദ്ധരുടെയും, നവംബർ രണ്ടിന് സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനങ്ങളിൽ ഫിലിപ്പീൻസിലെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടിരങ്ങൾക്കു ചുറ്റും സംഗീതം, സല്ലാപം, ഭക്ഷണം എന്നിവയോടെ ഒത്തുകൂടുന്നു. ‘ഉൻദസ്’ എന്ന ഈ പരമ്പരാഗത ആഘോഷത്തെ, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനും മരിച്ചുപോയവരെ ബഹുമാനിക്കാനും ഓർക്കാനുമുള്ള ഒരു അവധിക്കാല ആചാരമായിട്ടാണ് ഫിലിപ്പീൻസിലെ ജനത കണക്കാക്കുന്നത്. വിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇടകലർന്ന ഒരു ആഘോഷമായി നമുക്കിത് അനുഭവപ്പെടും.

ഈ ദിനങ്ങളിൽ വിദൂരങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങൾ യാത്ര ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിൽ എത്തുന്നു. അന്നേ ദിവസം ഫിലിപ്പീൻസിലെ ശ്മശാനങ്ങൾ വൈദ്യുതദീപങ്ങളുടെയും മെഴുകുതിരികളുടെയും പ്രഭയാലും ശവകുടീരങ്ങൾ പുഷ്‌പാലംകൃതമായും കാണപ്പെടുന്നു. ദീപപ്രഭയാർന്ന ശ്മശാനങ്ങൾ കാണുമ്പോൾ ഒരു ദേശീയ അവധിയുടെ പ്രതീതിയാണ് അനുഭവപ്പെടുക. ഈ ആഘോഷത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾ എല്ലാവരും സെമിത്തേരിയിൽ തന്നെ ഒരുമിച്ചുകൂടി ഭക്ഷണം പാകം ചെയ്തു കഴിക്കുകയോ, പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണം അവിടെയിരുന്ന് കഴിക്കുകയോ ചെയ്യും. ചില കുടുംബങ്ങൾ കസേരകളും കിടക്കകളും കൊണ്ടുവന്ന് രാത്രി മുഴുവൻ സെമിത്തേരിയിൽ തന്നെ ചിലവഴിക്കുന്നു.

അന്ധവിശ്വാസമായി തോന്നുമെങ്കിലും മരണമടഞ്ഞ കുടുംബാംഗങ്ങളുമായി ഭക്ഷണം പങ്കുവയ്ക്കുന്നതിന്റെ പ്രകാശനമായി ശവകുടീരത്തിൽ, പാത്രങ്ങളിലും കപ്പുകളിലും ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുന്നതും ഇവിടെ ഒരു പതിവാണ്. സെമിത്തേരിയിലെ പ്രാർത്ഥനകൾക്കും കുടുംബക്കൂട്ടായ്മക്കും ശേഷം കുടുംബം മുഴുവൻ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഫാ. ജെറി വള്ളോംകുന്നേൽ MCBS
മുൻ സഹവികാരി സെന്റ് റോസ് ഓഫ് ലീമ ചർച്ച്, പാസിഗ്‌ രൂപത, മനില, ഫിലിപ്പീൻസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.